Connect with us

International

ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്ന് ഇന്ധന ദണ്ഡുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങി

Published

|

Last Updated

ടോക്കിയോ: സുനാമിയില്‍ തകര്‍ന്ന ഫുക്കുഷിമയിലെ ആണവ നിലയത്തില്‍ നിന്ന് ഇന്ധന ദണ്ഡുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ തുടങ്ങി. ആണവ ഇന്ധനം നിറക്കുന്നതിനുള്ള പ്രധാന ഉപകരണങ്ങളാണിവ. ഇവ നീക്കം ചെയ്യുന്നത് ഏറെ അപകടകരമായ ജോലിയാണ്. പ്ലാന്റിലെ ജീവനക്കാരാണ് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പ്രവൃത്തികള്‍ നടത്തുന്നത്.
സുനാമിയില്‍ തകര്‍ന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച പ്ലാന്റില്‍ നിന്ന് ആണവ ചോര്‍ച്ചയുണ്ടായിരുന്നു. ആണവ ഇന്ധനം നീക്കം ചെയ്താലേ പ്ലാന്റ് പുനര്‍ നിര്‍മിക്കാനോ അറ്റകുറ്റപ്പണി നടത്താനോ കഴിയൂ.
പ്ലാന്റ് പൊളിച്ചു നീക്കുന്നുന്നതിനും ഇന്ധനം സുരക്ഷിതമായി നീക്കം ചെയ്യണം. ഇന്ധന ടാങ്കുകളിലുണ്ടായ ചോര്‍ച്ചയാണ് സമുദ്രത്തില്‍ ആണവ സാന്നിധ്യം കണ്ടെത്താനും മറ്റും ഇടയാക്കിയത്. യൂറേനിയം, പ്ലൂട്ടോണിയം എന്നീ ആണവ ഇന്ധനങ്ങളാണ് പ്ലാന്റില്‍ ഉപയോഗിക്കുന്നത്. ഇതിനുള്ള ദണ്ഡുകളാണ് ഇപ്പോള്‍ നീക്കുന്നത്. മാസങ്ങളോളം സമയമെടുത്തേ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ.
നിരവധി അപകടങ്ങള്‍ക്ക് സാധ്യതയുള്ള ജോലിയായതിനാല്‍ എന്‍ജിനീയര്‍മാരുടെ വലിയ സംഘം തന്നെ പ്ലാന്റിലുണ്ട്. ഇന്ധന ടാങ്കില്‍ 1500 ഓളം ഇന്ധന ദണ്ഡുകളാണുള്ളത്. രണ്ട് ദിവസത്തിനകം 22 ദണ്ഡുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞു. ക്രെയിന്‍ ഉപയോഗിച്ചാണ് ആദ്യ ദണ്ഡ് നീക്കം ചെയ്തതെന്ന് കമ്പനി വക്താവ് പറഞ്ഞു. വിദൂര നിയന്ത്രിത ക്രെയിനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ദണ്ഡുകള്‍ പൂര്‍ണമായും ഇന്ധനടാങ്കില്‍ മുങ്ങിയ നിലയിലാണുള്ളത്. നൂറ് മീറ്റര്‍ അകലെയുള്ള യാര്‍ഡിലേക്കാണ് നീക്കം ചെയ്ത ദണ്ഡുകള്‍ കൊണ്ടുപോകുന്നത്. 91 ടണ്‍ ആണ് ഓരോ ദണ്ഡുകളുടെയും ഭാരം. ട്രെയ്‌ലറുകളില്‍ കയറ്റിയാണ് ഇവ നീക്കം ചെയ്യുന്നത്.