Connect with us

Business

തുടര്‍ച്ചയായ രണ്ടാം വാരത്തിലും വിപണിക്ക് കനത്ത തിരിച്ചടി

Published

|

Last Updated

വിദേശ നിക്ഷേപങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരി വിപണിക്ക് തുടര്‍ച്ചയായ രണ്ടാം വാരത്തിലും തിരിച്ചടി. ബി എസ് ഇ സെന്‍സെക്‌സിന് പോയവാരം 267 പോയിന്റെ നഷ്ടം നേരിട്ടിട്ടുണ്ട്. സൂചിക 1.29 ശതമാനം കുറഞ്ഞു. ഡോളര്‍ പ്രവാഹം നാലാം വാരത്തിലും നിലനിന്നിട്ടും വിനിമയ വിപണിയില്‍ രൂപക്കും തിരിച്ചടിയായി. റെക്കോര്‍ഡ് റേഞ്ചില്‍ നിന്ന് ബോംബെ സൂചിക 797 പോയിന്റ് കുറഞ്ഞത് ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.
ബി എസ് ഇ സൂചിക ഉയര്‍ന്ന നിലവാരമായ 20,672 ല്‍ എത്തിയ വേളയിലാണ് ആഭ്യന്തര വിദേശ ഫണ്ടുകള്‍ വില്‍പ്പനക്കാരായത്. ഇതോടെ താഴ്ന്ന തലത്തിലേക്ക് നീങ്ങിയ വിപണി 20,161 വരെ ഇടിഞ്ഞു. വാരാന്ത്യം സൂചിക 20,399 ലാണ്. സാങ്കേതികമായി വീക്ഷിച്ചാല്‍ വിപണി ഓവര്‍ സോള്‍ മേഖലയിലേക്ക് നീങ്ങിയതാണ് വ്യാഴാഴ്ചത്തെ പുള്‍ ബാക്ക് റാലിക്ക് അവസരം ഒരുക്കിയത്. വാരാന്ത്യം 20,000 ലെ നിര്‍ണ്ണയക താങ്ങ് നിലനിര്‍ത്താന്‍ കഴിഞ്ഞതും ഇതുമുലമാണ്. ഈവാരം ബോംബെ സൂചികയുടെ ആദ്യ തടസം 20,660 -20,921 റേഞ്ചിലാണ്. ഫണ്ടുകള്‍ ലാഭമെടുപ്പ് ശക്തമാക്കിയാല്‍ 20,149-19,899 ലേക്ക് താഴാം.
നിഫ്റ്റി സൂചിക 6283 വരെ ഉയര്‍ന്നവേളയില്‍ വിപണിയെ വില്‍പ്പന സമ്മര്‍ദ്ദം പിടികുടി. ഇതോടെ ആടി ഉലഞ്ഞ നിഫ്റ്റി 5980 റേഞ്ചിലേക്ക് ഇടിഞ്ഞു. മാര്‍ക്കറ്റ് ക്ലോസിംഗ് നടക്കുമ്പോള്‍ സൂചിക ഒരു ശതമാനം പ്രതിവാര നഷ്ടത്തില്‍ 6056 ലാണ്. മുന്‍ നിര ഓഹരികളില്‍ കോള്‍ ഇന്ത്യ, ഗെയില്‍ ഇന്ത്യ, ടാറ്റാ പവര്‍, റ്റി സി എസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് റ്റി, ഒ എന്‍ ജി സി തുടങ്ങിവ വില്‍പ്പന സമ്മര്‍ദത്തെ അഭിമുഖീകരിച്ചു. അതേ സമയം മാരുതി, ടാറ്റാ സ്റ്റീല്‍, ഡോ: റെഡീസ് തുടങ്ങിയവയുടെ നിരക്ക് കയറി.
വിദേശ നിക്ഷേപത്തിനിടയിലും ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മുല്യംഇടിഞ്ഞു. 61 റേഞ്ചില്‍ നിന്ന് രൂപ 63.50 ലേക്ക് നീങ്ങി. വിപണിയുടെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ രൂപ 65 റേഞ്ചിലേക്ക് താഴ്‌ന്നേക്കാം. ഈ മാസം വിദേശ ഫണ്ടുകള്‍ ഇന്ത്യയില്‍ നിന്ന് 2000 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. 2013 ലെ അവരുടെ മൊത്തം നിക്ഷേപം 18,000 കോടി രൂപയാണ്. വ്യാഴാഴ്ച അവര്‍ 970 കോടി രൂപ ഇറക്കി. മുഹര്‍റം പ്രമാണിച്ച് വെള്ളിയാഴ്ച്ച വിപണി അവധിയായിരുന്നു.
രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ആശങ്കകളും നിക്ഷേപകര െപിന്‍തിരിപ്പിക്കാന്‍ ഇടയുണ്ട്. ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയുടെ ചലനങ്ങള്‍ പണപ്പെരുപ്പം രൂക്ഷമാക്കുമെന്ന സൂചന തന്നെയാണ് നല്‍ക്കുന്നത്.
അമേരിക്കന്‍ മാര്‍ക്കറ്റായ ഡൗ ജോണ്‍സ് സൂചിക റെക്കോര്‍ഡായ 15,963 ലാണ്. എസ് ആന്‍ഡ് പി ഇന്‍ഡക്‌സ് 500 റെക്കോര്‍ഡായ 1798 ലാണ്. നാസ്ഡാക് 3985 ലും ക്ലോസിംഗ് നടന്നു.

Latest