Connect with us

International

ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും വീഴ്ച പറ്റി: പ്രസിഡന്റ്‌

Published

|

Last Updated

മനില: ഫിലിപ്പൈന്‍സില്‍ ഹൈയാന്‍ കൊടുങ്കാറ്റില്‍ ദുരിതം ബാധിച്ച മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിലും ജനങ്ങളെ സുരക്ഷിത മേഖലയിലേക്കെത്തിക്കുന്നതിലും പ്രാദേശിക അധികൃതകര്‍ക്ക് ഗുരതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് ബെനിഗ്നോ അക്യുനോ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും മറ്റും ചുമതലയുണ്ടായിരുന്ന തന്റെ കീഴിലെ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടുങ്കാറ്റില്‍ മരിച്ചവരുടെ കണക്കുമായി ബന്ധപ്പെട്ട് തെറ്റദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കിയ ഉദ്യോഗസ്ഥരെയും അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ദുരിത ബാധിത മേഖലയായ ഗുയ്‌യാന്‍ തീരദേശം സന്ദര്‍ശിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ദുരന്ത കടലിലാഴ്ത്തിയ ഹൈയാന്‍ കാറ്റ് ആഞ്ഞടിച്ച് ഒമ്പത് ദിവസങ്ങള്‍ പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനം സജീവമാക്കാന്‍ സര്‍ക്കാര്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പ്രസിഡന്റിന്റെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. നിരവധി വിദേശരാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക, സൈനിക സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇത് വേണ്ട വിധം ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല. ഭക്ഷണമടക്കമുള്ള ആവശ്യ സാധനങ്ങള്‍ എല്ലാ ദുരിത ബാധിതര്‍ക്ക് എത്തിക്കാനും ഇനിയും സാധിച്ചിട്ടില്ല. എന്നാല്‍, ദുരിതക്കെടുതിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട ഉള്‍പ്രദേശങ്ങളിലേക്ക് കോപ്റ്ററുകളിലും മറ്റുമായി ഭക്ഷണ വസ്തുകള്‍ എത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രതിസന്ധികള്‍ ഉടന്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും സന്നദ്ധ സംഘടന വക്താക്കള്‍ അറിയിച്ചു.
ടെക്‌ലോബാന്‍, ഗുയ്‌യാന്‍ തുടങ്ങിയ പത്തോളം തീരദേശങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ പതിനായിരക്കണക്കിനാളുകള്‍ മരിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും 3,600 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ടെക്‌ലോബാന്‍ തീരദേശ നഗരം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
അതിനിടെ, കൊടുംങ്കാറ്റില്‍ ഉറ്റവരും ഉടയവരും, വീടും നാടും നഷ്ടപ്പെട്ട പതിനായിരങ്ങള്‍ രാജ്യത്തെ വിവിധ പ്രാര്‍ഥനാലയങ്ങളില്‍ ഇന്നലെ ഒരുമിച്ചു കൂടി. അലറി കരഞ്ഞ് പ്രാര്‍ഥന നടത്തുന്നവരെ ആശ്വസിപ്പിക്കാനാകാതെ പ്രാര്‍ഥനാലയങ്ങളിലെ മേധാവികള്‍ പാടുപെടുകയായിരുന്നുവെന്ന് ബി ബി സി റിപ്പോര്‍ട്ടര്‍ പറഞ്ഞു. കൊടുംങ്കാറ്റില്‍ ഭാഗികമായി തകര്‍ന്ന ചര്‍ച്ചുകളിലും മറ്റും ആയരിങ്ങള്‍ ഒത്തുകൂടിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest