ഹര്‍ത്താലില്‍ മലയോര മേഖലയില്‍ അക്രമത്തിന് സാധ്യതയെന്ന് ഐ ബി

Posted on: November 18, 2013 8:32 am | Last updated: November 18, 2013 at 8:32 am

ibതിരുവനന്തപുരം: സംസ്ഥാന വ്യാപകമായി എല്‍ ഡി എഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ മലയോര മേഖലയില്‍ അക്രമങ്ങള്‍ക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്. കഴിഞ്ഞദിവസങ്ങളില്‍ അക്രമം നടന്ന സ്ഥലങ്ങളില്‍ ജാഗ്രത വേണമെന്നും കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്നും ഐ ബി റിപ്പോര്‍ട്ട് നല്‍കി.
സമരക്കാര്‍ക്കിടയില്‍ അക്രമികള്‍ കടന്നുകയറാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന് പിന്നില്‍ ക്വാറികളുമായി ബന്ധപ്പെട്ടവരുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നിര്‍ദേശം. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാപക അക്രമങ്ങളുണ്ടാകുമെന്നാണ് കണ്ടെത്തല്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, പ്രത്യേകിച്ച് വനംവകുപ്പ് ഓഫീസുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
കോഴിക്കോട് അടിവാരത്ത് നടന്ന സമരങ്ങളില്‍ പുറത്തുനിന്നുള്ള അക്രമികള്‍ പങ്കെടുത്തിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വനം വകുപ്പ് ഓഫിസ് തീയിട്ടതിനുപിന്നില്‍ ജനകീയ സമരത്തില്‍ പങ്കെടുത്തവരല്ലെന്നും വ്യക്തമായിട്ടുണ്ട്. മണല്‍, കരിങ്കല്‍ ക്വാറി, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ സഹായികളും ജോലിക്കാരുമാണ് വനം വകുപ്പ് ഓഫിസില്‍ അക്രമം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കുന്നതിന് നടത്തിയ ആസൂത്രിത നീക്കമാണ് അക്രമമെന്നും വിലയിരുത്തിയിരുന്നു. ഇതിനു സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്നാണ് നിഗമനം.
പ്രതിഷേധ യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും പ്രകടനങ്ങള്‍ കടന്നു പോകുന്ന സ്ഥലങ്ങളിലും കൂടുതല്‍ പൊലീസിനെ നിയോഗിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ആര്‍ ഡി ഒ, കലക്ടര്‍ തുടങ്ങിയവരുടെ സാന്നിധ്യം പ്രശ്‌ന സാധ്യത പ്രദേശങ്ങളിലുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സായുധ പൊലീസിന്റെ നിയന്ത്രണവുമുണ്ടാകും. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വി ഐ പികള്‍ തുടങ്ങിയവരുടെ വീടുകളോ ക്യാമ്പ് ഓഫിസുകളോ ഉണ്ടെങ്കില്‍ പ്രത്യേക സുരക്ഷ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ദോഷങ്ങളുണ്ടാകുമെന്നു കരുതുന്ന സ്ഥലങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണമുണ്ടാകും. അക്രമ സംഭവങ്ങളുണ്ടായാല്‍ വ്യാപിക്കാതെ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ജില്ലാ തലത്തില്‍ പൊലീസിന്റെ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് തീരുമാനം. സബ്ഡിവിഷന്‍ തലത്തിലായിരിക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുക.
ഹര്‍ത്താലിനോട് അനുബന്ധിച്ച് നടക്കുന്ന പ്രകടനങ്ങളിലും പ്രതിഷേധ യോഗങ്ങളിലും പങ്കെടുക്കുന്നവരെ പൂര്‍ണമായും നിരീക്ഷിക്കും. രൂക്ഷമായ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രകടനങ്ങളുടെയും പ്രതിഷേധ യോങ്ങളുടെയും വീഡിയൊ ചിത്രങ്ങള്‍ ശേഖരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.