Connect with us

Wayanad

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : വയനാട് ഹര്‍ത്താല്‍ പൂര്‍ണം; ജനജീവിതം സ്തംഭിച്ചു, ഫോറസ്റ്റ് ഓഫീസുകള്‍ക്ക് നേരെ അക്രമം

Published

|

Last Updated

കല്‍പറ്റ/മാനന്തവാടി: ഇടതു മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതം സ്തംഭിച്ചു. മാനന്തവാടി മേഖലയില്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നിലയില്‍ ഗണ്യമായ കുറഞ്ഞു. ജില്ലാകേന്ദ്രമായ കല്‍പറ്റയില്‍ ഹര്‍ത്താല്‍ ദിവസം വാഹനങ്ങള്‍ പ്രതീക്ഷിച്ചെത്തിയവര്‍ ടൗണില്‍ കുടുങ്ങി. കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വ്വീസ് നടത്തിയില്ല. അതേസമയം, ബൈക്കുകളും ചില സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. കല്‍പറ്റയിലും ഉള്‍പ്രദേശങ്ങളിലും ചില കടകമ്പോളങ്ങള്‍ തുറന്നെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു.
കല്‍പറ്റ, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളില്‍ പോലീസ് അകമ്പടിയോടെ പോലും കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഓടാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അനുവദിച്ചില്ല. നൂല്‍പ്പുഴ പഞ്ചായത്തിലെ മുത്തങ്ങ മുതല്‍ മൂലങ്കാവ് വരെയുള്ള ദേശീയപാതയില്‍ മരങ്ങളും കല്ലും വലിച്ചിട്ട് ജനം റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. സ്വകാര്യ – ടാക്‌സി വാഹനങ്ങളും ബത്തേരി ഭാഗത്ത് നിരത്തിലിറ ങ്ങിയില്ല. സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു.
മാനന്തവാടിയില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പരക്കെ ആക്രമണം നടന്നു. അക്രമികള്‍ ഫോറസ്റ്റ് ഓഫീസ് കത്തിക്കുകയും സ്റ്റേഷനുകള്‍ ആക്രമിക്കുകയും ചെയ്തു. അക്രമത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരും ജീവനക്കാരും ജീവനും കൊണ്ടോടി രക്ഷപ്പെട്ടു. ഹര്‍ത്താലിനോട് അനുബന്ധിച്ച് മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. പേര്യ റെയ്ഞ്ചിന്റെ കീഴിലുള്ള ഫോറസ്റ്റ് സെക്ഷന്‍ ഓഫീസാണ് കത്തിച്ചത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. ഓഫീസിലെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി തീയിടുകയായിരുന്നു. ഓഫീസിനകത്ത് സൂക്ഷിച്ച തേക്ക് തടിയും കത്തിച്ചു. വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനും മട്ടിലയത്തുള്ള കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനുമാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. വരയാല്‍ ഓഫീസ് ഇന്നലെ രാവിലെ 10 മണിക്കാണ് ആക്രമിക്കപ്പെട്ടത്. ഓഫീസിലുണ്ടായിരുന്ന ജീവനക്കാര്‍ ജീവനും കൊണ്ടോടി രക്ഷപ്പെട്ടു.
റെയ്ഞ്ച് ഫോറസ്റ്റര്‍ ടി ഡി ജഗന്‍നാഥ് കുമാര്‍, സെക്ഷന്‍ ഓഫീസര്‍മാരായ കെ പി പ്രഭാകരന്‍, എന്‍ ബാലകൃഷ്ണന്‍, ബീറ്റ് ഫോറസ്റ്റര്‍മാരായ റെജിമോന്‍, എം രാജേഷ്, ശിഹാബുദ്ദീന്‍, സന്തോഷ്, എം ഗോപി, പി എസ് അജീഷ് എന്നിവരാണ് ഓഫീസ് പൂട്ടി വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടത്. മൂന്ന് കിലോമീറ്റര്‍ ഉള്‍വനത്തിലേക്ക് പോയ വനപാലകര്‍ ഉച്ച കഴിഞ്ഞാണ് തിരിച്ചെത്തിയത്. വനത്തില്‍ നിന്നും തിരിച്ചെത്തിയ ഉദ്യോഗസ്ഥര്‍ ഓഫീസ് തുറക്കാതെ ക്വാര്‍ട്ടേഴ്‌സുകളിലേക്ക് പോകുകയായിരുന്നു. ഓഫീസിന്റെ പൈപ്പ്‌ലൈന്‍ തകര്‍ക്കുകയും പൂച്ചെടികള്‍, സ്റ്റേഷന്‍ ബോര്‍ഡ്, കസേര എന്നിവ അക്രമികള്‍ നശിപ്പിക്കുകയും ചെയ്തു. ഓഫീസിന് മുമ്പിലിട്ട് ടയര്‍ കത്തിക്കുകയും ചെയ്തു. ഓഫീസ് പൂട്ടിയിട്ടതിനാല്‍ ആക്രമികള്‍ക്ക് അകത്ത് കയറാന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച തന്നെ ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പോലീസിന്റെ മുന്നറിയിപ്പുണ്ടായതിനെ തുടര്‍ന്ന് പോലീസ് നിര്‍ദേശപ്രകാരം വരയാല്‍ ഓഫീസിലെ രഹസ്യരേഖകളും മറ്റും പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. മട്ടിലയത്തെ കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷന്‍ രാവിലെ പത്തര മണിക്കാണ് ആക്രമിക്കപ്പെട്ടത്. സ്റ്റേഷന് നെരെ കല്ലേറ് നടത്തി. സ്റ്റേഷനിലുണ്ടായിരുന്ന ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി പി രവീന്ദ്രന്‍, ബീറ്റ് ഫോറസ്റ്റര്‍ എന്‍ ഷജില്‍കുമാര്‍, സ്റ്റേഷന്‍ സംരക്ഷണത്തിനെത്തിയ രണ്ട് പൊലീസുകാര്‍ എന്നിവര്‍ സ്റ്റേഷന് പുറത്തേക്ക് ഇറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ ഓടുകള്‍ കല്ലേറില്‍ തകര്‍ന്നു. സ്റ്റേഷന്‍ ബോര്‍ഡും ആക്രമികള്‍ നശിപ്പിച്ചു. മാനന്തവാടി മേഖലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. കേരള അതിര്‍ത്തിപ്രദേശമായ ബാവലി, തോല്‍പ്പെട്ടി, കാട്ടിക്കുളം, മാനന്തവാടി, തലപ്പുഴ, ബോയ്‌സ് ടൗണ്‍, മട്ടിലയം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു. വാഹനങ്ങള്‍ തടഞ്ഞതോടെ ബാവലിയില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികളാണ് ദുരിതത്തിലായത്.
ഹര്‍ത്താല്‍ ദിനത്തില്‍ കാട്ടിക്കുളത്ത് മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. ടി സി ജോസഫ്, വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു. എ എം നിഷാന്ത് സ്വാഗതവും സി കെ ശങ്കരന്‍ നന്ദിയും പറഞ്ഞു.
എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിച്ച ജില്ലയിലെ മുഴുവന്‍ ജനങ്ങളേയും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ അഭിവാദ്യം ചെയ്തു. വയനാടിനെ രക്ഷിക്കാന്‍ തുടര്‍ന്നും എല്‍ഡിഎഫ് തുടര്‍ന്നും നടത്തുന്ന പ്രക്ഷോഭ പരിപാടികളില്‍ മുഴുവന്‍ ജന വിഭാഗങ്ങളും അണിനിരക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.