20 കോടി ലഭിച്ചു; സംഭാവനാ അഭ്യര്‍ഥന എ എ പി അവസാനിപ്പിച്ചു

Posted on: November 17, 2013 2:04 am | Last updated: November 17, 2013 at 2:04 am

OB-UZ940_ikejri_G_20121018051522ന്യൂഡല്‍ഹി: പാര്‍ട്ടി ഫണ്ടില്‍ സംഭാവന അഭ്യര്‍ഥിച്ച് ഇ മെയില്‍ സന്ദേശങ്ങള്‍ അയക്കുന്നത് ആം ആദ്മി പാര്‍ട്ടി (എ എ പി) നിര്‍ത്തി. ലക്ഷ്യമിട്ടത് ഇരുപത് കോടി രൂപയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ 19.92 കോടിരൂപ സമാഹരിച്ചു കഴിഞ്ഞതായി പാര്‍ട്ടി ഓഫീസ് ഭാരവാഹിയായ അങ്കിത് ലാല്‍ അറിയിച്ചു. 70,000ത്തോളം പേരാണ് ഇത്രയും തുക സംഭാവന നല്‍കിയത്.
കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ മാത്രം ഒരു കോടി രൂപ ഓണ്‍ ലൈന്‍ വഴി പാര്‍ട്ടി അക്കൗണ്ടിലെത്തി. എ എ പിക്ക് വിദേശത്തുനിന്ന് പണം ലഭിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഈയിടെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിക്ക് ലഭിച്ച സംഭാവനയുടെ കണക്കുകള്‍ വെളിപ്പെടുത്തിയത്. സംഭാവന 20 കോടിയിലെത്താന്‍ ഇനി 7,70,519.46 രൂപ കൂടി മതിയെന്ന് പാര്‍ട്ടി നേതാവ് അങ്കിത് ലാല്‍ ട്വീറ്റ് ചെയ്തു.
‘സംഭാവന അഭ്യര്‍ഥിച്ച് ലക്ഷക്കണക്കിനാളുകള്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നു. ഏതാണ്ട് ലക്ഷ്യത്തോടടുത്തതോടെ സന്ദേശം അയക്കുന്നത് നിര്‍ത്തി. ഇതുകൊണ്ട് സംഭാവന ചെയ്യേണ്ടതില്ലെന്ന് അര്‍ഥമില്ല. ഞങ്ങള്‍ക്ക് ലഭിക്കുന്ന പണം നീതിപൂര്‍വകമായിട്ടായിരിക്കും ചെലവിടുക’ -എ പി പിയുടെ ഫണ്ട് കെകാര്യം ചെയ്യുന്ന ബിപുല്‍ ഡെ പറഞ്ഞു. ഓണ്‍ലൈന്‍ വഴിയല്ലാതെയും പാര്‍ട്ടിക്ക് സംഭാവന ലഭിക്കുന്നുണ്ട്. പണമായും ചെക്കായും പണം സ്വീകരിക്കുന്നുണ്ട്. ഇതിനകം പ്രചാരണത്തിനും മറ്റുമായി ഒമ്പത് കോടി രൂപ ചെലവിട്ടു.
ഓണ്‍ലൈന്‍ ആയി ലഭിച്ച തുകയില്‍ 13.90 കോടി രൂപ രാജ്യത്ത് നിന്ന് തന്നെ ശേഖരിച്ചതാണ്. അമേരിക്കയിലെ ഇന്ത്യക്കാരില്‍ നിന്ന് 2.14 കോടി രൂപയും ഹോങ്കോംഗിലെ ഇന്ത്യക്കാരില്‍ നിന്ന് 1.14 കോടി രൂപയും ലഭിച്ചു. സിംഗപ്പൂര്‍, യു എ ഇ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നും സംഭാവന ലഭിച്ചിട്ടുണ്ട്. വിദേശത്തു നിന്ന് ലഭിക്കുന്ന സംഭാവന വിദേശികളില്‍ നിന്നല്ല, പ്രവാസി ഇന്ത്യക്കാരില്‍ നിന്നാണെന്ന് ഉറപ്പ് വരുത്തുന്നുണ്ടെന്നും പാര്‍ട്ടി അറിയിച്ചു.