‘മനുഷ്യന്‍ മാനവികതയില്‍ നിന്ന് വ്യതിചലിക്കുന്നു’

Posted on: November 17, 2013 12:36 am | Last updated: November 17, 2013 at 12:36 am

അബുദാബി: മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം സഹിക്കുവാനുള്ള സന്നദ്ധത മനുഷ്യരില്‍ കുറഞ്ഞുവരികയും, സംസ്‌കാരം എന്ന ആത്യന്തികമായ അവസ്ഥയില്‍ നിന്ന് മനുഷ്യന്‍ പിന്‍വാങ്ങുകയും, മൃഗീയതയിലേയ്ക്ക് പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ ഇന്ന് ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് പ്രമുഖ ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ അഭിപ്രായപ്പെട്ടു.
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘സി. വി. ശ്രീരാമന്റെ കഥാലോകം’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സി. വി. ശ്രീരാമന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം പെണ്‍മക്കളെ ബലാത്‌സംഗം ചെയ്യുക എന്നത് ഇന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയല്ലാതായിരിക്കുന്ന അവസ്ഥയിലേയ്ക്ക് കേരളവും ഇന്ത്യന്‍ സമൂഹവും മറിയിരിക്കുന്നു. തന്നേക്കാള്‍ ദുര്‍ബലരായവരെ സംരക്ഷിക്കുക എന്ന സംസ്‌കാരത്തിന്റെ പ്രാഥമികമായ ധര്‍മം പോലും വെടിഞ്ഞ് മനുഷ്യന്‍ സ്വാര്‍ത്ഥതയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നു.
എം സുനീര്‍ അധ്യക്ഷത വഹിച്ചു. സെന്ററിന്റെ ഉപഹാരം കെ. ആര്‍ മോഹനനു ജോ. സെക്രട്ടറി ബിജിത് കുമാറും വി. കെ. ശ്രീരാമന് സാഹിത്യവിഭാഗം ജോ. സെക്രട്ടറി റഫീഖ് സക്കറിയയും സമ്മാനിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ചന്ദ്രശേഖരന്‍, ഹര്‍ഷന്‍ സംസാരിച്ചു. നന്ദിയും പറഞ്ഞു.