Connect with us

Kasargod

പെരിയാട്ടടുക്കത്ത് സി പി എം-ലീഗ് സംഘര്‍ഷം

Published

|

Last Updated

ബേക്കല്‍: പെരിയാട്ടടുക്കം: ബസ് യാത്രക്കാരനെ മര്‍ദിച്ച് ബസില്‍നിന്നും പിടിച്ചിറക്കിയ സംഭവത്തെച്ചൊല്ലി പെരിയാട്ടടുക്കത്ത് സംഘര്‍ഷം. അക്രമത്തില്‍ എസ് എഫ് ഐ നേതാവടക്കം നാലുപേര്‍ക്കു പരിക്കേല്‍ക്കുകയും, സി പി എം ഓഫീസിനും വ്യാപാര സ്ഥാപനങ്ങളും നേരെ വ്യാപകമായ നാശം വരുത്തുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പെരിയാട്ടടുക്കം ടൗണില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.
ഇന്നലെ വൈകുന്നേരമാണ് സംഘര്‍ഷത്തിനു തുടക്കം. സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞികൃഷ്ണന്‍ എന്നയാളെ വിദ്യാര്‍ഥികളെന്നു സംശയിക്കുന്ന ഒരു സംഘം അക്രമിക്കുകയായിരുന്നു. ബസ് പെരിയാട്ടടുക്കത്ത് എത്തിയപ്പോള്‍ കുഞ്ഞിക്കണ്ണനെ അക്രമം നടത്തിയവര്‍ ബലമായി പിടിച്ചിറക്കി. ബസ് പോയതിനുശേഷം വിവരം കുഞ്ഞിക്കണ്ണന്‍ സ്ഥലത്തുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. ഇതോടെ ക്ഷുഭിതരായ ഒരു സംഘം മറ്റു വാഹനങ്ങളില്‍ പിന്തുടരുകയും ബട്ടത്തൂരില്‍ തടഞ്ഞുനിര്‍ത്തി അക്രമം നടത്തിയെന്നു സംശയിക്കുന്നവരെ കൈകാര്യം ചെയ്യുകയും ചെയ്തു.
രാത്രി പത്തുമണിയോടെ പെരിയാട്ടടുക്കത്ത് ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന എസ് എഫ് ഐ ഏരിയാ നേതാവ് കാട്ടിയടുക്കത്തെ വിനോദിനെ ഒരു സംഘം മാരകായുധങ്ങളുമായി അക്രമിച്ചു. പരുക്കേറ്റ വിനോദിനെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഇരുവിഭാഗങ്ങളിലുംപെട്ട സംഘം പരസ്പരം അടികൂടുകയും ചെയ്തു. ഈ സംഭവത്തിലും ഏതാനും പേര്‍ക്ക് പരുക്കേറ്റു. പിന്നീട് ആള്‍ക്കാര്‍ തിരിച്ചുപോയതോടെ സി പി എം പനയാല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡും പെരിയാട്ടടുക്കം ടൗണില്‍ സ്ഥാപിച്ചിരുന്ന വിവിധ ബോര്‍ഡുകളും തകര്‍ത്തു. കടകള്‍ക്കു നേരെയും അ്ക്രമമുണ്ടായി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്.

Latest