Connect with us

Wayanad

വിദ്യാര്‍ഥികളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണണം

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാവശ്യം ശക്തമായി. ആവശ്യമായ ബസ് സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ നൂറുക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രയാസപ്പെടുന്നത്. ഇരുതാലൂക്കുകളിലെയും കുഗ്രാമങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി ബസ് സര്‍വീസുകള്‍ നടത്തുന്നില്ല. സമയനിഷ്ഠപാലിക്കാത്തത് കാരണം ബസ് സര്‍വീസുകള്‍ കൂടുതലും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നുമില്ല. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും മറ്റും ആമക്കുളം ഗവ.കോളജിലേക്കാണ് വിദ്യാര്‍ഥികള്‍ പഠനാവശ്യാര്‍ഥം എത്തുന്നത്. എന്നാല്‍ കൃത്യമായി വാഹനം ലഭിക്കാത്തതിനാല്‍ പല വിദ്യാര്‍ഥികള്‍ക്കും കൃത്യമായി വിദ്യാലയങ്ങളിലെത്താന്‍ പറ്റുന്നില്ല. യാത്രാപ്രശ്‌നം കാരണം നിരവധി വിദ്യാര്‍ഥികള്‍ പാതിവഴിയില്‍ പഠനം നിര്‍ത്തുകയാണ് ചെയ്യുന്നത്. അതേസമയം ചില സ്ഥലങ്ങളില്‍ വിദ്യാര്‍ഥികളെ കയറ്റാനും ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലെ ഡ്രൈവര്‍മാര്‍ തയ്യാറാകുന്നില്ല. പാട്ടവയല്‍, ബിദര്‍ക്കാട്, നെല്ലാക്കോട്ട, സൂസംപാടി, മേഫീല്‍ഡ്, ദേവര്‍ഷോല, പാടന്തറ, കുറ്റിമൂച്ചി, ഒറ്റുവയല്‍, കല്ലിങ്കര, നാടുകാണി, മരപ്പാലം, ദേവാല, പന്തല്ലൂര്‍, തൊണ്ടിയാളം, ഉപ്പട്ടി, കുന്ദലാടി, പാക്കണ, കാപ്പിറാട്ട, കരിയശോല, ചേരമ്പാടി, എരുമാട്, താളൂര്‍, കൊളപ്പള്ളി, അയ്യംകൊല്ലി, തുറപ്പള്ളി, മാക്കമൂല, ഓവാലി തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുട്ടികള്‍ ഗൂഡല്ലൂരിലെ സ്‌കൂള്‍-കോളജുകളിലാണ് പഠിക്കുന്നത്. രാവിലെയും വൈകുന്നേര സമയങ്ങളിലും വിദ്യാര്‍ഥികള്‍ക്കായി സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ബസ് പാസുകള്‍ വിതരണം ചെയ്തിട്ടുണ്ടെങ്കിലും ആവശ്യമായ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിക്കൊടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ബസില്ലാത്തതിനാല്‍ അമിത ചാര്‍ജ് നല്‍കി ടാക്‌സി വാഹനങ്ങളിലാണ് പല വിദ്യാര്‍ഥികളും വിദ്യാലയങ്ങളിലെത്തുന്നത്.