പാണ്ടിക്കാട്ടെ വ്യാപാരിയുടെ കൊലപാതകം: പ്രതികളെ തിങ്കളാഴ്ച നാട്ടിലെത്തിക്കും

Posted on: November 16, 2013 8:14 am | Last updated: November 16, 2013 at 8:14 am

വണ്ടൂര്‍:കിഴക്കേ പാണ്ടിക്കാട് വ്യാപാരിയായിരുന്ന പേര്‍ക്കുത്ത് മുഹമ്മദിനെ (68) കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബംഗാളികള്‍ പോലീസ് പിടിയില്‍.
പശ്ചിമ ബംഗാളിലെ രാംഗംഗ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിജയറാണി,എംജെ റാണി എന്നീ സഹോദരങ്ങളെയാണ് ഇന്നലെ പാണ്ടിക്കാട് സിഐ എ ജെ ജോണ്‍സനും സംഘവും പിടികൂടിയത്. ഇരുവരെയും കൊണ്ട് പോലീസ് ഇന്ന് ഉച്ചയോടെ യാത്രതിരിക്കും. കഴിഞ്ഞ നാലിനാണ് കിഴക്കേ പാണ്ടിക്കാട് അങ്ങാടിയില്‍ വ്യാപാരിയായിരുന്ന പേര്‍ക്കുത്ത് മുഹമ്മദ് എന്ന കുഞ്ഞാന്‍ കൊലചെയ്യപ്പെട്ടത്.രാത്രി ഒമ്പതോടെ കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കൊലചെയ്യപ്പെട്ടത്.ഏറെ വൈകിയും വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് റോഡിനോട് ചേര്‍ന്ന കമുങ്ങിന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവ ദിവസം രാത്രി സ്ഥലം വിട്ട ബംഗാള്‍ സ്വദേശികളെ തുടക്കത്തിലെ സംശയിച്ചിരുന്നു.തുടര്‍ന്ന് പാണ്ടിക്കാട് പോലീസ് ബംഗാളിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ബംഗാള്‍ പൊലീസ് മേധാവികളുടെ സഹായത്തോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത് .ഇതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികളുമായി പോലീസ് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും.