മലയോരത്തിന്റെ ആശങ്ക അകറ്റണം

Posted on: November 16, 2013 6:00 am | Last updated: November 16, 2013 at 12:56 am

SIRAJ.......കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിനെ ചൊല്ലി കേരളത്തിലെ മലയോര മേഖലകള്‍ പ്രക്ഷുബ്ധാവസ്ഥയിലേക്ക് നീങ്ങുകയാണ്. റിപ്പോര്‍ട്ട് പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്ന ഉടനെ തന്നെ മലയോര മേഖലാ നിവാസികള്‍ പ്രതിഷേധ മുറകളുമായി തെരുവിലിറങ്ങി. പലയിടങ്ങളിലും ഇത് അക്രമാസക്തവുമായി. കേന്ദ്ര നടപടിക്കെതിരെ കര്‍ഷക സംഘടനകളും ഇടതു പാര്‍ട്ടികളും ക്രിസ്തീയ സഭകളും സമരം പ്രഖ്യാപിച്ചിട്ടുമുണ്ട്.
പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കരുതെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ചാണ് ബുധനാഴ്ച കേന്ദ്രം വിജ്ഞാപനം ഇറക്കിയതും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ നടപ്പാക്കാന്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതും. ഇതോടെ പരിസ്ഥിതിലോല മേഖലയായി കണ്ടെത്തിയ കേരളത്തിലെ 123 റവന്യൂ വില്ലേജുകളില്‍ താപവൈദ്യുത നിലയങ്ങളും 20,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ സ്ഥാപിക്കലും 50 ഹെക്ടറോ അതില്‍ കൂടുതലോ അല്ലെങ്കില്‍ ഒന്നര ലക്ഷം ചതുരശ്ര മീറ്ററില്‍ കൂടുതലോ വിസ്തൃതിയുള്ള ടൗണ്‍ഷിപ്പുകളും പ്രദേശ വികസന പദ്ധതികളും, ഖനനം, പാറപൊട്ടിക്കല്‍ മണല്‍വാരല്‍ എന്നിവയും നിരോധിക്കപ്പെട്ടിരിക്കയാണ്.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 188 താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 60,000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശമാണ് പശ്ചിമഘട്ടം. ലോകത്തെ 35 ജൈവസമ്പന്ന മേഖലകളില്‍ അതീവ പ്രധാനമായ പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ലോകപ്രശസ്ത പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗിലിനെയാണ് ആദ്യം കേന്ദ്രം നിയോഗിച്ചിരുന്നത്. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് മലയോര മേഖലയിലെ ജനജീവിതം ദുരിതപൂര്‍ണമാക്കുകയും കാര്‍ഷിക വൃത്തിയെ തകിടം മറിക്കുകയും ജലവൈദ്യുത പദ്ധതികള്‍ സാധ്യമല്ലാത്ത അവസ്ഥ സൃഷിടിക്കുകയും ചെയ്യുമെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിന്നീട് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞന്‍ കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. പശ്ചിമ ഘട്ടം മുഴുവനും പാരിസ്ഥിതികദുര്‍ബല പ്രദേശമായി കണ്ടെത്തി അതിനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഗാഡ്ഗില്‍ കമ്മിറ്റി സംരക്ഷണ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചതെങ്കില്‍, 67 ശതമാനം പ്രദേശം കാര്‍ഷിക ഭൂമിയായും 37 ശതമാനം സ്വാഭാവിക ഭൂമിയായും തിരിച്ചു സ്വാഭാവിക പ്രദേശങ്ങളില്‍ മാത്രമേ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തിനുള്ള പ്രത്യേക സംരക്ഷണം ആവശ്യമുള്ളൂവെന്നാണ് കസ്തൂരിരംഗന്‍ സമിതിയുടെ വിലയിരുത്തല്‍.
നേരത്തെ ഗാഡ്ഗില്‍ പരിസ്ഥിതിലോല മേഖലയായി കണ്ടെത്തിയ ഭൂമിയില്‍ നിന്ന് 63 ശതമാനവും കസ്തൂരിരംഗന്‍ ഒഴിവാക്കിയിട്ടും അതും അംഗീകരിക്കാനാകില്ലെന്നാണ് ഇടതു പക്ഷത്തെയടക്കം ജനപ്രതിനിധികളും ചില സംഘടനകളും പറയുന്നത്. പരിസ്ഥിതി സംരക്ഷിക്കാന്‍ 1980ലെ വനസംരക്ഷണ നിയമം തന്നെ ധാരാളമാണെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ ആവശ്യമില്ലെന്നുമാണ് പലരുടെയും നിലപാട്. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എം വി ശ്രേയാംസ്‌കുമാര്‍ ഒഴികെയുള്ളവരെല്ലാം റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിക്കുകയാണുണ്ടായത്. ഇക്കാര്യത്തില്‍ ചില ഇടതു സംഘടനകള്‍ക്കും മലയോര മേഖലയില്‍ നിന്നുള്ള ഇടത് ജനപ്രതിനിധികള്‍ക്കും വ്യത്യസ്ത നിലപാടുകളാണ്. പ്രദേശത്തെ ജനങ്ങളെയും വികസന പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ പരിസ്ഥിതി വാദം തത്കാലം മാറ്റി വെച്ചു ജനപക്ഷത്തു നില്‍ക്കാന്‍ പലരും നിര്‍ബന്ധിതരാകുകയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഭാഗികമായി അംഗീകരിച്ചും വ്യത്യസ്ത വീക്ഷണങ്ങളും പ്രസ്താവനകളും വന്നുകൊണ്ടിരിക്കെ, ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. റിപ്പോര്‍ട്ടിന്റെ വിമര്‍ശകര്‍ ജനങ്ങളില്‍ ഭീതി പരത്തും വിധം അതിശയോക്തിപരമായാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതും. റിപ്പോര്‍ട്ട് ഏതെല്ലാം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തടസ്സമെന്നും കാര്‍ഷിക പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്നും വ്യക്തമായ ധാരണ ബഹുപൂരിപക്ഷത്തിനുമില്ല. ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു വ്യവസ്ഥയും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും കര്‍ഷകരുടെ പാര്‍പ്പിടത്തിനും കൃഷിക്കും മറ്റു ജീവനോപാധികള്‍ക്കും റിപ്പോര്‍ട്ട് തടസ്സമല്ലെന്നും മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും അത് ജനങ്ങളുടെ ആശങ്ക അകറ്റിയിട്ടില്ല. വസ്തുതാപരമായി കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി അവരുടെ ആശങ്ക അകറ്റാനും, മലയോര നിവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന വ്യവസ്ഥകള്‍ റിപ്പോര്‍ട്ടിലുണ്ടെങ്കില്‍ കേന്ദ്രത്തില്‍ സമ്മദം ചെലുത്തി അത് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ടതുണ്ട്. പ്രശ്‌നത്തോട് വൈകാരികമായി സമീപിക്കാതെ സമചിത്തതയോടെ പ്രതികരിച്ചു പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിക്കാതിരിക്കാന്‍ ജനങ്ങളും ബാധ്യസ്ഥരാണ്.

ALSO READ  ലോകമൊന്നിച്ചെതിര്‍ക്കണം ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതി