പുറന്തള്ളപ്പെട്ടവരുടെ മറുനഗരങ്ങള്‍

Posted on: November 16, 2013 6:00 am | Last updated: November 19, 2013 at 3:34 pm

thotty
പെട്ടെന്ന് ആ പഴയ കിണര്‍ കണ്ണില്‍ പെട്ടു. നഗരംകോരികളുടെ കോളനിയിലെ മറ്റാരും ഉപയോഗിക്കാനിഷ്ടപ്പെടാത്ത കിണര്‍. പണ്ട്, വൃത്തിയില്ലാത്ത കുട്ടികള്‍ അതിനു ചുറ്റും കുളിക്കുകയോ വെള്ളം തേവി കുളിക്കുകയോ പതിവായിരുന്നു. അപ്പുറം മാറി മുഷിഞ്ഞു കീറിയ സാരി അരക്കു ചുറ്റുമായി വാരിവെച്ച് പെണ്ണുങ്ങള്‍ അലക്കും. നായകള്‍ പരിസരത്ത് തെണ്ടി നടക്കും. ആ കിണറിന് മുന്നില്‍ നിന്ന് കോളനി ആരംഭിക്കുന്നു. പണ്ട് രാജാവ് പാര്‍പ്പിച്ച നഗരശുചീകരണത്തൊഴിലാളികളും പിന്നീട് തോട്ടികളും അതും കഴിഞ്ഞ് നഗരം പുറന്തള്ളിയ മനുഷ്യരും തിങ്ങിപ്പാര്‍ക്കുന്ന കോളനി എവിടെ? (പേപ്പര്‍ ലോഡ്ജ്/സുസ്‌മേഷ് ചന്ത്രോത്ത്- പേജ് 36)

ആഖ്യാതാവിനെ കുറ്റം പറയേണ്ടതില്ല. കേരള നവോത്ഥാനം സമ്പൂര്‍ണമായി നേടിക്കഴിഞ്ഞു. ശ്രേഷ്ഠ മലയാളവും കൊടിയേറിക്കഴിഞ്ഞു. ഇനി നഗരംകോരികളും തോട്ടികളും പുറന്തള്ളപ്പെട്ടവരും തിങ്ങിപ്പാര്‍ക്കുന്ന കോളനികള്‍ കേരളത്തിലെ നഗര, ഗ്രാമങ്ങളില്‍ ഉണ്ടാകേണ്ടതില്ല. അതുകൊണ്ടാണ് അയാള്‍ക്ക് അത് കാണാന്‍ കഴിയാതെ പോയത്. അത്തരം കോളനികള്‍ മാത്രമല്ല, നഗരംകോരികളും തോട്ടികളും പുറന്തള്ളപ്പെട്ടവരും തന്നെ കേരളത്തിലുണ്ടാകേണ്ടതില്ല. അഥവാ മലയാളികള്‍ക്കിടയിലുണ്ടാകേണ്ടതില്ല. കാരണം, നാം സമ്പൂര്‍ണ സാക്ഷരരായിക്കഴിഞ്ഞു. രഘുറാം രാജന്‍ തരുന്ന വിവരം അനുസരിച്ച് വികസനവും പൂര്‍ത്തിയായിക്കഴിഞ്ഞു. അപ്പോള്‍ പിന്നെ നമ്മുടെ നഗരങ്ങളിലെ മാലിന്യങ്ങള്‍ കോരുന്നതാരാണ്? നഗരങ്ങളിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതാരാണ്? അനാഥ ശവങ്ങള്‍ വലിച്ചുകൊണ്ടുപോയി കുഴിച്ചിടുന്നതാരാണ്? ആടുമാടുകളും മറ്റും ചത്തു ചീയുമ്പോള്‍ അതിനെയും കുഴിച്ചിടുന്നതാരാണ്? അല്ലെങ്കില്‍ തിന്നു തീര്‍ക്കുന്നതാരാണ്? അതോ അതൊന്നും കേരളത്തില്‍ സംഭവിക്കുന്നില്ലേ? അവരുടെ ഭാഷ എന്താണ്? അവരുടെ സംസ്‌കാരം എന്താണ്? അവരുടെ നിത്യവ്യവഹാരങ്ങള്‍ എന്താണ്? അവരുടെ ജാതി എന്താണ്? അവരുടെ വീടെവിടെ? അവരുടെ കുടുംബങ്ങളെപ്രകാരം? അവര്‍ക്ക് സംഘടനകളുണ്ടോ? അവരുടെ കല്യാണങ്ങളില്‍ പുറമെ നിന്നാരെങ്കിലും പങ്കെടുക്കാറുണ്ടോ? അവരിലാരെയെങ്കിലും മറ്റു സമുദായക്കാര്‍ മിശ്രവിവാഹം ചെയ്യാറുണ്ടോ? അവരിലാരെങ്കിലും പഠിച്ചോ ജോലി നേടിയോ സാമ്പത്തികമായി മെച്ചപ്പെട്ടെങ്കില്‍ അവര്‍ക്ക് മധ്യവര്‍ഗക്കാര്‍ താമസിക്കുന്ന വി ഐ പി കോളനികളില്‍ വീടോ സ്ഥലമോ ലഭിക്കുമോ? ഇത്തരം വേണ്ടാത്ത ചോദ്യങ്ങള്‍ ചോദിച്ച് വെറുതെ കേരള നവോത്ഥാനത്തിന്റെയും ശ്രേഷ്ഠ മലയാളത്തിന്റെയും ശോഭ കെടുത്തല്ലേ!

29,434 ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു ബ്ലോഗാണ് ബെര്‍ളിത്തരങ്ങള്‍. ബെര്‍ളി തോമസ് എന്ന പത്രപ്രവര്‍ത്തകനാണ് ഈ ബ്ലോഗെഴുതുന്നത്. അറുമുഖന്റെ മനുഷ്യാവകാശം എന്ന തലക്കെട്ടോടെ ഈ ബ്ലോഗില്‍ 06.11.2013ന് പോസ്റ്റ് ചെയ്ത ഒരു കുറിപ്പില്‍ നിന്ന് ചില വരികളുദ്ധരിക്കാം. (ബെര്‍ളി തോമസിന് നന്ദി). ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ അയാളുടെ ഫോണിലേക്ക് അവസാനം വിളിച്ചയാളെ തിരഞ്ഞു പിടിച്ച് ആത്മഹത്യാ പ്രേരണക്ക് കേസെടുക്കുന്ന കാര്യക്ഷമതയുള്ള കേരള പോലീസിന് ആലുവയുടെ മാലിന്യം വാരിയ അറുമുഖന്റെ കാര്യത്തില്‍ വളരെ ഉദാരമായ സമീപനമാണ്. അറുമുഖനെ ആത്മഹത്യയിലേക്ക് നയിച്ചവരില്‍ ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുതല്‍ ലോക്കല്‍ പോലീസ് വരെയുണ്ട്. പക്ഷേ, വിവാദങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്ന മാധ്യമങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ രക്തം തിളച്ചില്ല. അറുമുഖന് ഫേസ്ബുക്ക് അക്കൗണ്ടില്ല. മറുപക്ഷ രാഷ്ട്രീയ പിന്തുണയുമില്ല. ചത്തുപോയതു കൊണ്ട് അറുമുഖന്റെ കുടുംബത്തിനല്ലാതെ വേറെയാര്‍ക്കും ഒരു നഷ്ടവുമില്ല.

ആലുവ നഗരസഭയിലെ ക്ലീനിംഗ് വിഭാഗം താത്കാലിക ജീവനക്കാരനായിരുന്നു ആലുവ കുഞ്ചാട്ടുകര രാമനിലയം വീട്ടില്‍ അറുമുഖന്‍ എന്ന 35കാരന്‍. തമിഴ്‌നാട് സ്വദേശിയായ അറുമുഖന്‍ വര്‍ഷങ്ങളായി ആലുവ നഗരത്തിന്റെ മാലിന്യം കോരിക്കൊണ്ടിരിക്കുകയാണ്. ഓണക്കാലത്ത് ആലുവയുടെ ഓണം വെളുക്കാന്‍ നടത്തിയ ശുചീകരണത്തില്‍ പത്ത് ദിവസത്തെ വേതനം നഗരസഭ അറുമുഖന് കൊടുക്കാനുണ്ടായിരുന്നു. കുടിശ്ശിക തുകയായ 3770 രൂപ ആവശ്യപ്പെട്ട് അറുമുഖന്‍ നഗരസഭാ അധികൃതരെ സമീപിച്ചു. ആരും മൈന്‍ഡ് ചെയ്തില്ല.(ബെര്‍ളിത്തരങ്ങള്‍)
കേരള നവോത്ഥാനത്തിനും ശ്രേഷ്ഠമലയാളത്തിനും യോജിക്കാത്ത രണ്ട് കുറ്റങ്ങളാണ് അറുമുഖനുള്ളതെന്ന് വ്യക്തം. ഒന്നാമതായി അയാള്‍ തമിഴ്‌നാട്ടുകാരനാണ്. എത്ര കാലം കേരളത്തില്‍ താമസിച്ചാലും കേരളത്തിലെ നഗരമാലിന്യങ്ങളെത്ര കോരിയാലും അയാള്‍ പാണ്ടി തന്നെ. അയാളെ നമ്മുടെ കൂട്ടത്തില്‍ കൂട്ടുന്ന പ്രശ്‌നമില്ല. ദീപാവലി അടുത്തപ്പോഴാണ് അറുമുഖന് കൂലി കിട്ടേണ്ടതു തന്നെയാണെന്ന ബോധം ശക്തിയായത്. ഓണം മാത്രം ദേശീയോത്സവമായ കേരളത്തില്‍ മൃദു/തീവ്ര ഹിന്ദുത്വത്തിന്റെ എല്ലാ പടക്ക, മധുര കോലാഹലങ്ങളുണ്ടായിട്ടും ദീപാവലി ഗൗരവത്തിലെടുക്കുന്ന പ്രശ്‌നമേയില്ല. പക്ഷേ, അറുമുഖന്റെ വീട്ടില്‍ അയാള്‍ക്കും ഒരു മുഖം, അല്‍പ്പം സന്തോഷം, എല്ലാമുണ്ടല്ലോ. കുറച്ചു പടക്കം വാങ്ങാനും വളരെ കുറച്ച് മധുരപലഹാരം വാങ്ങാനും വഴിയരികില്‍ നിന്നെങ്കിലും കുറച്ചുടുപ്പുകള്‍ വാങ്ങാനും അജിത്തിന്റെ ആരംഭം കാണാനും പിന്നെ രണ്ട് സ്‌മോളടിക്കാനും അയാള്‍ക്കും വേണ്ടേ കാശ്. മുഷിഞ്ഞ നോട്ടായാലും മതി. എ ടി എമ്മിന്റെ പത്രാസൊന്നും വേണ്ട. മനുഷ്യക്കോലമുള്ള ഒരു തമിഴന്‍ നഗരംകോരിക്ക് ഇന്ത്യന്‍ കറന്‍സിയില്‍ അവകാശമില്ലേ?

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ

തന്റെ ദയനീയാവസ്ഥ, അറുമുഖന്‍ നഗരസഭാ സെക്രട്ടറിക്കും ചെയര്‍മാനും മുന്നില്‍ പല തവണ അവതരിപ്പിച്ചെങ്കിലും അവര്‍ അതൊക്കെ നിസ്സാരമായി തള്ളുകയായിരുന്നു. ‘ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം; കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികളാണ് ആ ശ്രേഷ്ഠമലയാളികള്‍ക്കു പ്രധാനം. മുല്ലപ്പെരിയാര്‍ സമരം കഴിഞ്ഞിട്ടും ഇവിടെ നഗരം കോരാനായി ബാക്കിയായ പാണ്ടികളെ നാം ഗൗനിക്കുന്ന പ്രശ്‌നമേയില്ല. അവന്റെ കുടുംബം പട്ടിണിയായാലെന്ത്? നാം നിയമങ്ങളെ മുറുകെ പിടിക്കും. താത്കാലിക ജീവനക്കാര്‍ക്ക് തൊഴിലുറപ്പുമില്ല, വിവരാവകാശവുമില്ല, സേവനാവകാശവുമില്ല, വാര്‍ത്താപ്രാധാന്യവുമില്ല, തൊഴിലാളി സംഘടനകളുമില്ല, ഒന്നുമില്ല. അതിലൊക്കെയുപരി അവര്‍ മലയാളികളുമല്ല. അപ്പോള്‍ അവര്‍ കേരളത്തിലിരുന്ന് ആത്മഹത്യ ചെയ്താലും അത് ഇവിടെ വാര്‍ത്തയായി കൊടുക്കുന്ന പ്രശ്‌നവുമില്ല.

ഒരു പാണ്ടിക്കാരന്‍ ചവറുകോരിക്ക് സവര്‍ണ മലയാളിയുടെ മുന്നില്‍ ക്രുദ്ധനാകാന്‍ യാതൊരു അവകാശവുമില്ല. എന്നിട്ടും അയാള്‍ നഗരസഭാ സെക്രട്ടറിയോട് പ്രകോപിതനായി. പോലീസ് അയാളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടുകയും ഒരു രാത്രി വെറും തടവിനു ശേഷം വിട്ടയക്കുകയും ചെയ്തു. ആ രാത്രിയില്‍ ഏമാന്മാരുടെ കൈക്കഴപ്പ് തീര്‍ക്കാന്‍ ചില്ലറ പെരുമാറ്റങ്ങളൊക്കെ തന്റെ ദേഹത്ത് നടത്തിയെന്ന് അറുമുഖന്‍ വീട്ടുകാരോട് പറഞ്ഞു. അയാള്‍ കരഞ്ഞത് പാണ്ടിത്തമിഴിലായതിനാല്‍ ശ്രേഷ്ഠമലയാളം മാത്രം ശ്രവിക്കാനായി ചെവി ട്യൂണ്‍ ചെയ്തു വെച്ചിരുന്നവരാരും അത് കേള്‍ക്കുകയുണ്ടായില്ല. ആ കരച്ചിലും വൃഥാവിലായി. അനാഥനും നിരാശനുമായ അറുമുഖന്‍ വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. സുസ്‌മേഷ് ചന്ത്രോത്തിന്റെ നോവലില്‍ പറയുന്നതു പോലെ ആ കിണറിലെ വെള്ളം സവര്‍ണ മലയാളിക്ക് പോയിട്ട് ശൂദ്ര മലയാളിക്ക് പോലും വേണ്ട. അതില്‍ ചീഞ്ഞ നാറ്റമോ എന്തോ ഉണ്ടാകട്ടെ. അതിലിടാന്‍ ബ്ലീച്ചിംഗ് പൗഡര്‍ നഗരസഭയില്‍ സ്റ്റോക്കുമില്ല. അതും പക്ഷേ, കോരിയെടുക്കാന്‍ പാണ്ടികളായ നഗരംകോരികള്‍ ബാക്കിയുണ്ടല്ലോ.

മാത്രമല്ല, അറുമുഖന്റെ മൃതദേഹവുമായി പ്രതിഷേധക്കാര്‍ ആലുവ നഗരസഭക്കു മുമ്പില്‍ സമരം ചെയ്തു. ചവറുകോരികള്‍ മാത്രമല്ല ഏതാനും നാട്ടുകാരും ആ സമരത്തിലുണ്ടായിരുന്നു. അവരുടെ മുദ്രാവാക്യങ്ങള്‍ ശ്രേഷ്ഠമലയാളത്തിലായിരുന്നോ അതോ പാണ്ടിത്തമിഴിലായിരുന്നുവോ എന്ന് ബെര്‍ളി വ്യക്തമാക്കുന്നില്ല. എന്തൊക്കെയോ ഉറപ്പിന്മേല്‍ ആ സമരവും ഒത്തുതീര്‍പ്പിലായി. ഇനി അറുമുഖനെ ആരോര്‍ക്കാന്‍!
തിരുവിതാംകൂര്‍ മാന്വലില്‍ നായാടി എന്ന ജാതിയെപ്പറ്റി ഇപ്രകാരമാണ് വിവരിക്കുന്നതെന്ന് ‘നൂറു സിംഹാസനങ്ങള്‍’ എന്ന നോവലില്‍ ജയമോഹന്‍ എഴുതുന്നു: നായാടികള്‍ അലഞ്ഞു തിരിയുന്ന കുറവരാണ്. ഇവരെ കണ്ടാല്‍ തന്നെ അയിത്തമാണ് എന്നായിരുന്നു വിശ്വാസം. അതുകൊണ്ട് പകല്‍ വെട്ടത്തില്‍ സഞ്ചരിക്കാനുള്ള അവകാശം ഇവര്‍ക്കില്ലായിരുന്നു. ഇവരെ നേര്‍ക്കു നേര്‍ കണ്ടാല്‍ ഉടന്‍ തന്നെ ഉയര്‍ന്ന ജാതിക്കാര്‍ ഒച്ചയും ബഹളവും ഉണ്ടാക്കി ആളെക്കൂട്ടി ചുറ്റിവളച്ച് കല്ലെടുത്തെറിഞ്ഞ് കൊല്ലുകയാണ് പതിവ്. അതുകൊണ്ട് ഇവര്‍ പകല്‍ മുഴുവന്‍ കാടിന്റെയുള്ളില്‍ ചെടികളുടെ ഇടക്ക് കുഴി തോണ്ടി അതില്‍ കുഞ്ഞു കുട്ടികളോടെ പന്നികളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാത്രി പുറത്തേക്കിറങ്ങി ചെറു പ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. ഇവര്‍ മൂധേവിയുടെ അംശമുള്ളവരാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ഇവര്‍ക്ക് തവിട്, എച്ചില്‍ ഭക്ഷണം, ചീഞ്ഞ വസ്തുക്കള്‍ തുടങ്ങിയവയെ ചിലര്‍ വീട്ടില്‍ നിന്ന് വളരെ അകലെ കൊണ്ടുവെക്കുന്ന പതിവുണ്ട്. ഇവര്‍ കൈയില്‍ കിട്ടുന്ന എന്തും തിന്നും. പുഴുക്കള്‍, എലികള്‍, ചത്തു പോയ ജീവികള്‍ എല്ലാം ചുട്ടു തിന്നും. മിക്കവാറും പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും പച്ചയായി തന്നെ കഴിക്കും. പൊതുവെ ഇവര്‍ കുറിയ കറുത്ത മനുഷ്യരാണ്. നീളമുള്ള വെളുത്ത പല്ലുകളും വലിയ വെളുത്ത കണ്ണുകളും ഉള്ളവര്‍. ഇവരുടെ ഭാഷ പഴന്തമിഴാണ്. ഇവര്‍ക്ക് ഒരു കൈത്തൊഴിലും അറിയില്ല. ഇവരുടെ കയ്യില്‍ സ്വന്തമായി യാതൊരു വസ്തുക്കളും ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് സ്ഥിരമായ പാര്‍പ്പിടം ഇല്ല എന്നതുകൊണ്ട് ഇവരെ ഒരിടത്തും സ്ഥിരമായി കാണാന്‍ കഴിയുകയുമില്ല. തിരുവിതാംകൂറില്‍ ഇവര്‍ എത്ര പേരാണ് ഉള്ളത് എന്നു കൃത്യമായി പറയാന്‍ കഴിയില്ല. ഇവരെക്കൊണ്ട് സര്‍ക്കാറിന് യാതൊരു വരുമാനവും ഇല്ല.

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ

തിരുവിതാംകൂറില്‍ നായാടികളായി മാലിന്യം തന്നെയായി ജീവിച്ചു മരിച്ചവര്‍ ഐക്യ കേരളത്തിലും ശ്രേഷ്ഠമലയാളത്തിലും ശല്യമുണ്ടാക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. പക്ഷേ, ശ്രേഷ്ഠമലയാളികള്‍ ദിനംപ്രതി നിര്‍മിച്ചുണ്ടാക്കുന്ന ടണ്‍ കണക്കിന് മാലിന്യം കോരാന്‍ ചവറുകോരികളെ നാം താത്കാലികക്കാരായി നഗരത്തിനുള്ളിലും നഗരപ്രാന്തത്തിലും താമസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പഴയ നഗരസഭകളിലൊന്നായ പാലക്കാട്ട് ഇവര്‍ക്ക് താമസിക്കാനായി നിര്‍മിച്ചുകൊടുത്തിരിക്കുന്ന ലൈന്‍ വീടുകള്‍ ഇപ്പോഴുമുണ്ട്. കോയമ്പത്തൂര്‍ റോഡരുകിലുള്ള ഇവരുടെ ലൈനിന്, ലൈന്‍ എന്ന് പേരുള്ള ഒരു ബസ് സ്റ്റോപ്പ് തന്നെയുണ്ട്. അതു മാത്രമല്ല, നിറം മങ്ങിയ ഒരു ബോര്‍ഡുമുണ്ട്. അതിലിപ്രകാരം എഴുതിയിരിക്കുന്നു. ‘മുനിസിപ്പല്‍ ശുചീകരണ ജോലിക്കാരുടെ താമസസ്ഥലം’ നഗരസഭാ മാന്വല്‍ ഡൗണ്‍ലോഡ് ചെയ്തു നോക്കിയിട്ടും ജീവനക്കാരുടെ സംഘടനാ നേതാവിനോട് ചോദിച്ചു നോക്കിയിട്ടും നഗരസഭയില്‍ എത്ര തരം ജീവനക്കാരും ഓഫീസര്‍മാരും ഉണ്ടെന്ന വിവരം മനസ്സിലാക്കാനായില്ല. അതവര്‍ക്കു തന്നെ അറിയുന്നുണ്ടാകില്ല. ഓരോരോ കാറ്റഗറിക്കാര്‍ക്കനുസരിച്ച് താമസസ്ഥലങ്ങള്‍ നിര്‍ണയിച്ചു കെട്ടിക്കൊടുത്തിട്ടുമില്ല. എന്നാല്‍ ശുചീകരണജോലിക്കാര്‍ എന്ന് ശ്രേഷ്ഠമലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തോട്ടികളും ചവറുകോരികളുമായ നിസ്സഹായരായ മനുഷ്യരെ നാമിപ്പോഴും മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നു. നവോത്ഥാനാന്തര ഐക്യകേരളവും ശ്രേഷ്ഠമലയാളവും നീണാള്‍ വാഴട്ടെ.