നിതാഖാത്: എത്യോപ്യയില്‍ സഊദി വിരുദ്ധ പ്രക്ഷോഭം പോലീസ് അടിച്ചമര്‍ത്തി

Posted on: November 16, 2013 12:22 am | Last updated: November 15, 2013 at 11:22 pm

അഡിസ് അബാബ: സഊദിയില്‍ നിതാഖാത് പരിശോധനക്കിടെ എത്യോപ്യന്‍ പൗരന്മാരെ പോലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സഊദി വിരുദ്ധ പ്രക്ഷോഭം നടത്തിയവരെ പോലീസ് അടിച്ചമര്‍ത്തി. കഴിഞ്ഞ ദിവസം 23,000 ത്തോളം അനധികൃത എത്യോപ്യന്‍ പൗരന്മാര്‍ സഊദിയില്‍ കീഴടങ്ങിയിരുന്നു. നിതാഖാത് പരിശോധനക്കിടെ ഏറ്റവും കൂടുതല്‍ പിടിയിലാകുന്നതും എത്യോപ്യക്കാരാണ്. പരിശോധനക്കിടെ പിടികൂടുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം എത്യോപ്യന്‍ സര്‍ക്കാര്‍ സഊദി ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ഇന്നലെ സഊദി എംബസിക്ക് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. എംബസിയിലേക്കുള്ള റോഡുകളും മറ്റും പോലീസ് അടച്ചിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. മാധ്യമ പ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും പോലീസ് മര്‍ദിച്ചതായും ക്യാമറകള്‍ തകര്‍ത്തതായും വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ വക്താവ് ഷിമിലിസ് കെമാല്‍ തയ്യാറായില്ല.
എന്നാല്‍ 500 ഓളം എത്യോപ്യക്കാര്‍ മാത്രമേ നിതാഖാതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളൂവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്. സഊദിയിലെ വിവിധ രാജ്യക്കാര്‍ നേരിടുന്ന നിയമ പ്രശ്‌നം മാത്രമാണ് എത്യോപ്യക്കാര്‍ നേരിടുന്നതെന്നും ഒരു വിഭാഗം പറയുന്നു.