Connect with us

International

ഏക സന്താന നയത്തില്‍ ചൈന അയവ് വരുത്തുന്നു

Published

|

Last Updated

ബീജിംഗ്: “ഏക സന്താന നയ”ത്തില്‍ ചൈന അയവ് വരുത്തുന്നു. എല്ലാ കുടുംബങ്ങളിലും ഒറ്റ കുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന 1979ലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ വക്താക്കള്‍ തീരുമാനിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈയിടെ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിന്റെ തീരുമാനമനുസരിച്ചാണ് നയം മാറ്റം.
ഏക സന്താന നയം എട്ടുത്തുമാറ്റുമെന്നും ഒരു കുടുംബത്തിന് രണ്ട് കുട്ടികള്‍ വരെയാകാമെന്ന നിയമം കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏക സന്താന നയമടക്കം കാലങ്ങളോളമായി രാജ്യത്ത് അനുവര്‍ത്തിച്ച് പോരുന്ന നിരവധി നിയമങ്ങളും നയങ്ങളും റദ്ദാക്കാനും സമൂലമായ പരിഷ്‌കരണം കൊണ്ടുവരാനും സി പി സി 18ാം കേന്ദ്ര കമ്മിറ്റിയുടെ മൂന്നാം പ്ലീനത്തില്‍ തീരുമാനമായതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് വൃദ്ധജനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്യുന്നതടക്കമുള്ള ഗുരുതരമായ സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെയാണ് ഏക സന്താന നിയമത്തില്‍ ഭേദഗതി വരുത്താന്‍ രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം തീരുമാനിക്കുന്നത്. മനുഷ്യാവകാശം സംരക്ഷിക്കുക, രാജ്യത്തെ മനുഷ്യ സമ്പത്ത് വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഭേദഗതിക്ക് പിന്നിലെന്ന് സര്‍ക്കാര്‍ വക്താക്കള്‍ ചൂണ്ടിക്കാട്ടി. ഇതുവരെ രാജ്യത്തെ ഗോത്ര വിഭാഗങ്ങള്‍ക്കും ഗ്രാമ നിവാസികള്‍ക്കും ഒഴികെ എല്ലാ കുടുംബങ്ങള്‍ക്കും ഏക സന്താന നയം ബാധകമായിരുന്നു. നിയമം ലംഘിക്കുന്ന മാതാപിതാക്കളെ വിചാരണ കൂടാതെ തടവിലിടുന്നതടക്കമുള്ള ശക്തമായ നടപടികളും അധികൃതര്‍ സ്വീകരിച്ച് പോരുകയും ചെയ്തു. ഇത് ഗര്‍ഭച്ഛിദ്രമടക്കമുള്ള സാമൂഹിക അനീതിക്ക് കാരണമായതായി സര്‍ക്കാറിന്റെ മനുഷ്യാവകാശ വിദഗ്ധ സംഘം ചൂണ്ടിക്കാട്ടി. ലിംഗനിര്‍ണയം നടത്തിയുള്ള ഗര്‍ഭച്ഛിദ്രവും ചൈനയില്‍ വ്യാപകമാണ്.
“ഏക സന്താന നയം” തുടരുകയാണെങ്കില്‍ രാജ്യത്ത് കനത്ത പ്രത്യാഘാതം അതുണ്ടാക്കുമെന്നും ജനസംഖ്യയിലും സാമൂഹിക സാഹചര്യങ്ങളിലും അരക്ഷിതാവസ്ഥ നിലനില്‍ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2050 ഓടെ രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 25 ശതമാനവും 65 വയസ്സ് കഴിഞ്ഞവരായിരിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Latest