Connect with us

Gulf

കഥാ രചന അനിശ്ചിതത്വത്തിന്റെ പ്രകടന പത്രിക

Published

|

Last Updated

ഷാര്‍ജ: അനിശ്ചിതത്വത്തിന്റെ പ്രകടന പത്രികയാകണം കഥാരചനയെന്ന് എഴുത്തുകാരന്‍ കെ എല്‍ മോഹനവര്‍മ പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും എഴുത്തില്‍ വരുമ്പോഴാണ് വായനക്കാരനെ ആകര്‍ഷിക്കാന്‍ കഴിയുക. ചിലപ്പോള്‍, കഥാപാത്രങ്ങള്‍ എഴുത്തുകാരന്റെ നിയന്ത്രണം വിട്ടു മുന്നോട്ടു കുതിക്കും. അതിനെ സ്വാഭാവികരീതിയില്‍ തന്നെ കാണണം. ഓഹരി എന്ന നോവല്‍ രചിക്കുമ്പോള്‍ അത്തരം അനുഭവം ഉണ്ടായി.
ക്രിക്കറ്റിനെ ടെലിവിഷന്‍ സ്‌ക്രീനിലൂടെ ഓരോ വീടുകളിലും എത്തിച്ചതാണ് സച്ചിന്റെ ടെന്‍ഡുല്‍ക്കറിന്റെ മഹത്വം. തന്റെ, ക്രിക്കറ്റ് എന്ന നോവലില്‍ സച്ചിന്റെ അദൃശ്യസാന്നിധ്യമുണ്ട്-അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ആര്‍ എ എം വര്‍മ, കെ എം അബ്ബാസ്, മോഹന്‍കുമാര്‍ സംസാരിച്ചു. ചോദ്യോത്തരവും നടന്നു.
സമൂഹത്തിന്റെ പൊതുമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തിലും മാന്യത കാണിച്ച് മാതൃകകളാകണം. പലര്‍ക്കും അതിന് സാധിക്കാതെ വരുമ്പോള്‍ തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടരുതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, സച്ചിന്‍ തന്റെ ഇതുവരെയുള്ള ജീവിതത്തില്‍ തീര്‍ത്തും മാന്യത കാണിച്ച കളിക്കാരനാണ്. മാന്യമായ പെരുമാറ്റത്തിലൂടെ അദ്ദേഹം ക്രിക്കറ്റിന്റെ അംഗീകാരം വര്‍ധിപ്പിച്ചു. ക്രിക്കറ്റിനെ മൈതാനത്ത് നിന്ന് സ്വീകരണ മുറിയിലേക്കെത്തിച്ചതില്‍ ഈ കളിക്കാരനുള്ള സ്ഥാനം വളരെ വലുതാണ്. ക്രിക്കറ്റിനെ ഏറ്റവും ആകര്‍ഷണീയമാക്കിയതും ഈ മുംബൈക്കാരനാണ്. വളരെ മനോഹരമാണ് അദ്ദേഹത്തിന്റെ കളി. സച്ചിന്റെ വിടവാങ്ങലിലൂടെ ഒരു ക്രിക്കറ്റ് വസന്തം അവസാനിക്കുന്നു-ക്രിക്കറ്റിനെക്കുറിച്ച് മലയാളത്തിലിറങ്ങിയിട്ടുള്ള ഏക നോവലിന്റെ കര്‍ത്താവായ മോഹനവര്‍മ പറഞ്ഞു.
“ക്രിക്കറ്റിലെ കോഴയെക്കുറിച്ച് അത് ലോകമറിയുന്നതിന് രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ എന്റെ നോവലിലൂടെ പറഞ്ഞിരുന്നു. കോഴക്കേസില്‍ കുടുങ്ങിയ ശ്രീശാന്ത് ഇനി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് കരുതുന്നില്ല. ഫാസ്റ്റ് ബോളിംഗില്‍ ഒട്ടേറെ പ്രതിഭകള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ട്. മാത്രമല്ല, ശ്രീശാന്ത് 30 വയസ് പിന്നിട്ടു. ഈ പ്രായക്കാര്‍ക്ക് ഫാസ്റ്റ് ബോളിങ് പ്രയാസകരമാണ്. ഏറ്റവും മികച്ച ഫാസ്റ്റ് ബോളറായിരുന്ന പാക്കിസ്ഥാന്റെ വസീം അക്രമിന് പോലും ഈ പ്രായം പിന്നിട്ടപ്പോള്‍ ശാരീരികക്ഷമത കണ്ടെത്താന്‍ വളരെയേറെ പ്രയത്‌നിക്കേണ്ടി വന്നു. ക്രിക്കറ്റിലെ സമകാലിക വിഷയങ്ങള്‍ പ്രതിപാദിച്ച് ക്രിക്കറ്റ് എന്ന നോവലിന്റെ രണ്ടാം ഭാഗം എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും 78 വയസു കഴിഞ്ഞ തന്നെ ആരോഗ്യപ്രശ്‌നം അനുവദിക്കുന്നില്ല-മോഹനവര്‍മ പറഞ്ഞു.