സരിത പറഞ്ഞത് മന്ത്രിമാരുടെ പേരുകള്‍: ബിജു രാധാകൃഷ്ണന്‍

Posted on: November 15, 2013 2:14 pm | Last updated: November 15, 2013 at 11:44 pm

biju and sarithaകൊച്ചി: സരിത മജിസ്‌ട്രേറ്റിനോട് പറഞ്ഞത് മൂന്നു മന്ത്രിമാരുടെ പേരുകളാണെന്ന് ബിജു രാധാകൃഷ്ണന്‍. മന്ത്രിയായിരുന്ന കെ ബി ഗണേഷ്‌കുമാര്‍, മന്ത്രി കെ പി അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ എന്നിവരാണ് സരിത പറഞ്ഞ വ്യക്തികളെന്നും ബിജു പറഞ്ഞു. ആലുവയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്കിറങ്ങവേ മാധ്യമപ്രവര്‍ത്തകരോടാണ് ബിജു ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം കോടതിയില്‍ തെളിയിക്കാനാകുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

സോളാര്‍ കേസിന്റെ തുടക്കത്തില്‍ എറണാകുളം അഡീഷണല്‍ സി ജെ എം കോടതിയില്‍ ഹാജരാക്കവേ താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നു എന്ന് സരിത പറഞ്ഞതായി സി ജെ എം എന്‍ വി രാജു മൊഴി നല്‍കിയിരുന്നു. എന്നാല്‍ അതെഴുതിയെടുക്കാന്‍ മജിസ്‌ട്രേറ്റ് തയ്യാറായിരുന്നില്ല.

അന്വേഷണത്തിന്റെ ഭാഗമായി നല്‍കിയ വിശദീകരണത്തില്‍ സരിത ഒന്നോ രണ്‌ടോ പേരുകള്‍ പറഞ്ഞതായും എന്നാല്‍ താന്‍ അതു ശ്രദ്ധിച്ചില്ലെന്നുമായിരുന്നു മജിസ്‌ട്രേറ്റ് പറഞ്ഞിരുന്നത്. ഇതോടെ ഉന്നത വ്യക്തികളുടെ പേരുകള്‍ പുറത്തുവരാതിരിക്കാന്‍ നീക്കം നടന്നതായി ആരോപണമുയര്‍ന്നിരുന്നു.