Connect with us

Kerala

തെക്കന്‍ കേരളത്തില്‍ കനത്ത മഴ; വ്യാപകനാശം

Published

|

Last Updated

തിരുവനന്തപുരം: തിമര്‍ത്തുപെയ്ത തുലാവര്‍ഷ മഴയില്‍ തെക്കന്‍ കേരളത്തില്‍ വ്യാപക നാശം. മണ്ണിടിച്ചിലും ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും ട്രെയിന്‍ ഗതാഗതം താറുമാറായി. ചൊവ്വാഴ്ച വൈകുന്നേരം തുടങ്ങിയ മഴക്ക് ഇന്നലെ ശമനം വന്നതിനാല്‍ വൈകുന്നേരത്തോടെ ഗതാഗതം പുന:സ്ഥാപിക്കാനായിട്ടുണ്ട്. രാവിലെ ഒമ്പത് ട്രെയിനുകള്‍ പൂര്‍ണമായും 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന തമ്പാനൂരിലും കിഴക്കേ കോട്ടയിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നത് ജനജീവിതം ദുസ്സഹമാക്കി. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ വീഴുകയും വൈദ്യുതിബന്ധം തകരാറിലാകുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ട് മണിക്കാരംഭിച്ച മഴ ബുധനാഴ്ച പുലര്‍ച്ചയോടെ കനക്കുകയായിരുന്നു. തുടര്‍ച്ചയായി, ശക്തിയോടെ പെയ്ത മഴ താഴ്ന്ന പ്രദേശങ്ങളെയെല്ലാം വേഗത്തില്‍ വെള്ളത്തിനടിയിലാക്കി. മഴക്ക് ഇടക്ക് ശമനമുണ്ടായെങ്കിലും ഒമ്പതുമണിയോടെ വീണ്ടും ശക്തി പ്രാപിച്ചു. താഴ്ന്ന പ്രദേശങ്ങളും റോഡുകളും റെയില്‍വെ ട്രാക്കുകളും വെള്ളത്തിനിടയിലായി. നിരവധി ഇടങ്ങളില്‍ മണ്ണിടിഞ്ഞു. വളരെ പെട്ടെന്നു തന്നെ തമ്പാനൂരും കിഴക്കേകോട്ടയും വെള്ളത്തിനടിയിലായി. റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ മുട്ടറ്റം വെള്ളം കയറി. ട്രാക്കിന് വിള്ളലും ഉണ്ടായിട്ടുണ്ട്. വലിയശാലയിലും ഉപ്പിലാമൂട് പാലത്തിന് താഴെയും ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രാക്കിലൂടെ മാത്രമാണ് തീവണ്ടിയോടിക്കാനായത്. തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ രാത്രിയോടെ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്, 8.30ന് പുറപ്പെടേണ്ട കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍, ഏഴ് മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍, 7.55ന് നാഗര്‍കോവില്‍ നിന്ന് പുറപ്പെടേണ്ട നാഗര്‍കോവില്‍-കൊച്ചുവേളി പാസഞ്ചര്‍, 11.50ന് പുറപ്പെടേണ്ട കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍, 6.55ന് പുറപ്പെടേണ്ട നാഗര്‍കോവില്‍-കൊച്ചുവേളി എക്‌സ്പ്രസ്,11.05ന് പുറപ്പെടേണ്ട കൊല്ലം കന്യാകുമാരി മെമു, വൈകീട്ട് 4.25ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കൊല്ലം മെമു എന്നി സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.
ഇന്നലെ രാവിലെ 11.15 ന് പുറപ്പെടേണ്ട തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഉച്ചക്ക് 1.15ന് കൊച്ചുവേളിയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. കേരള എക്‌സ്പ്രസ് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്നത് കണക്കിലെടുത്ത് കന്യാകുമാരി മുംബൈ ജയന്തി ജനതക്ക് കൊച്ചുവേളിയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. മധുര-പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഭാഗികമായി റദ്ദാക്കിയതിനാല്‍ തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിച്ചു.
ഇന്നലെ വൈകിട്ട് 5.20 ന് പുറപ്പെടേണ്ട തിരുവനന്തപുരം- ചെന്നൈ എക്‌സ്പ്രസ് 6.30 ന് കൊല്ലത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. വൈകിട്ട് 6.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് രാത്രി 7.55 നും രാത്രി 7.30 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മാവേലി എക്‌സ്പ്രസ് 8.35 നും കൊല്ലത്തു നിന്നാണ് യാത്ര ആരംഭിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം വൈകുന്നേരത്തോടെ പൂര്‍ണമായും പുനഃസ്ഥാപിച്ചു.

---- facebook comment plugin here -----

Latest