കോമണ്‍വെല്‍ത്ത്: നീലഗിരിയില്‍ ഹര്‍ത്താല്‍ ഭാഗികം

Posted on: November 13, 2013 8:28 am | Last updated: November 13, 2013 at 8:28 am

ഗൂഡല്ലൂര്‍: ഈമാസം പതിനഞ്ചിന് ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചക്കോടിയില്‍ ഇന്ത്യ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ-തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ തമിഴ്‌നാട്ടില്‍ നടത്തിയ ഹര്‍ത്താല്‍ നീലഗിരി ജില്ലയില്‍ ഭാഗികം. ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ദേവാല, കൊളപ്പള്ളി, അയ്യംകൊല്ലി, നാടുകാണി, ഉപ്പട്ടി, പാടന്തറ, മരപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. എന്നാല്‍ ദേവര്‍ഷോല, മസിനഗുഡി, നെല്ലാക്കോട്ട, നടുവട്ടം, ചേരമ്പാടി, ഊട്ടി, ബിദര്‍ക്കാട്, കുന്നൂര്‍, കോത്തഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഗൂഡല്ലൂരില്‍ ഓട്ടോ, ജീപ്പ് തുടങ്ങിയ ടാക്‌സി വാഹനങ്ങളൊന്നും സര്‍വീസ് നടത്തിയില്ല. ജില്ലയിലെ ചില സ്ഥലങ്ങളില്‍ ടാക്‌സി വാഹനങ്ങള്‍ സര്‍വീസ് നടത്തി. ഗൂഡല്ലൂരില്‍ ഇന്നലെ രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ ബസ്റ്റാന്‍ഡിലെ ആവിന്‍ മില്‍ക്ക് ബൂത്ത് അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതാണിത്. ഇതുസംബന്ധിച്ച് കടയുടമ രമേഷ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗൂഡല്ലൂര്‍ പഴയബസ്റ്റാന്‍ഡില്‍ സര്‍വീസ് നടത്തുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സംഭവവുമായി ബന്ധപ്പെട്ട് വിടുതലൈ ശിറുതൈ ടൗണ്‍ സെക്രട്ടറി പ്രകാശും ഓട്ടോറിക്ഷ ഡ്രൈവര്‍ ഗൂഡല്ലൂര്‍ സ്വദേശി സൗന്ധര്‍രാജനും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.
ജില്ലയില്‍ പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു.
ജില്ലയിലെങ്ങും പോലീസ് കനത്ത സുരക്ഷാക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ ബസുകള്‍ സാധാരണ പോലെ സര്‍വീസ് നടത്തി. സ്‌കൂള്‍-കോളജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു. ഊട്ടി, കോത്തഗിരി, കുന്നൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഹര്‍ത്താല്‍ തീരെ ഏശിയില്ല. കോമണ്‍വെല്‍ത്ത് ഉച്ചക്കോടിയില്‍ ഇന്ത്യ പങ്കെടുക്കാതിരിക്കുക, പ്രതിനിധികളെ പറഞ്ഞയക്കാനുള്ള നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തിയിരുന്നത്. പി എം കെ, സി പി ഐ, ബി ജെ പി, വിടുതലൈ ശിറുതൈ, നാംതമിഴര്‍, എം ഡി എം കെ, മനിതനേയ മക്കള്‍ കക്ഷി, ഹിന്ദുമുന്നണി, തമിഴ്‌നാട് മുസ് ലിം മുന്നേറ്റ കഴകം, സമത്വമക്കള്‍ കക്ഷി, ഇന്ത്യാ ഡ്രൈവേഴ്‌സ് യൂണിയന്‍ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തമിഴ്‌നാട്ടിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പോലീസ് ശക്തമായ സുരക്ഷാക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.