Connect with us

Kollam

രശ്മി വധം: കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

കൊല്ലം: സോളാര്‍ തട്ടിപ്പ് കോസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു. വിചാരണ ഈ മാസം 18ന് തുടങ്ങും. ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും ഇന്നലെ സെഷന്‍സ് കോടതിയില്‍ പോലീസ് ഹാജരാക്കി. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു.
ഇരുവരും കുറ്റം നിഷേധിച്ചു. രശ്മിക്ക് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ച് കുളിമുറിയിലെത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൊലപാതകം, സ്ത്രീ പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നിവക്ക് പുറമേ മൂത്ത മകനെ മര്‍ദിച്ചതിനും ബിജുവിനെതിരെ കേസുണ്ട്.
സ്ത്രീ പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നിവക്ക് കൂട്ടുനില്‍ക്കല്‍ വകുപ്പുകളാണ് രാജമ്മാളിനെതിരെ ചുമത്തിയിരിക്കുന്നത്. ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ 2006 ഫെബ്രുവരി മൂന്നിനു രാത്രിയാണു രശ്മി കൊല്ലപ്പെട്ടത്. രശ്മി കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചെന്നാണു ബിജുവും രാജമ്മാളും അയല്‍വാസികളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. സോളാര്‍ കേസില്‍ ജയിലിലുള്ള സരിത എസ് നായരെ വിവാഹം കഴിക്കാന്‍ രശ്മിയെ കൊലപ്പെടുത്തിയതാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

 

Latest