Connect with us

Kasargod

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാര തുക ഉടന്‍ നല്‍കാന്‍ ശിപാര്‍ശ ചെയ്യും -നിയമസഭാ സമിതി

Published

|

Last Updated

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായത്തില്‍ അവശേഷിക്കുന്ന തുക അടിയന്തിരമായി ലഭ്യമാക്കുന്നതിന് നിയമസഭാ സമിതി ശക്തമായി ശിപാര്‍ശ ചെയ്യുമെന്ന് സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമത്തിനായുളള നിയമസഭാ സമിതി ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം എല്‍ എ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ സ്പീക്കര്‍ വഴി മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും സമിതിയുടെ ശുപാര്‍ശ നല്‍കും. രണ്ടാംഗഡു തുക അനുവദിക്കുന്നതിന് 44 കോടി രൂപ ലഭ്യമാക്കുമെന്ന് ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. ഈ തുക എത്രയും വേഗത്തില്‍ അനുവദിക്കുന്നതിന് ശുപാര്‍ശ നല്‍കും.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നാല് വിഭാഗങ്ങളില്‍ പൂര്‍ണമായും കിടപ്പിലായ 200 പേര്‍ക്കും ബുദ്ധിമന്ദ്യം സംഭവിച്ച 915 പേര്‍ക്കും പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയില്‍ ആദ്യഗഡുവായി ഒന്നര ലക്ഷം രൂപാ വീതവും മറ്റുവൈകല്യങ്ങള്‍ നേരിടുന്നവരില്‍ 795 പേര്‍ക്ക് പ്രഖ്യാപിച്ച മൂന്ന് ലക്ഷം രൂപയില്‍ ആദ്യഗഡുവായി ഒരു ലക്ഷം രൂപാ വീതവും മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയില്‍ ആദ്യഗഡുവായി 599 കുടുംബങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപാ വീതവും അനുവദിച്ചതായി ഉദ്യോഗസ്ഥര്‍ നിയമസഭാ സമിതിയെ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കി നടത്തിയ ദേശീയ ശില്‍പശാലയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളും നിഗമനങ്ങളും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സമിതിക്ക് സമര്‍പ്പിച്ചു.
സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമത്തിനായുളള നിയമസഭാ സമിതി അംഗങ്ങളായ കെ കെ ലതിക, കെ എസ് സലീഖ, സി മോയിന്‍കുട്ടി, ടി ഉബൈദുളള, ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, സബ്കളക്ടര്‍ കെ ജീവന്‍ ബാബു, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, എ ഡി എം എച്ച്.ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍ വി പി മുരളീധരന്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി കെ സുധീര്‍ ബാബു എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും പരാതിക്കാരും സിറ്റിംഗില്‍ സംബന്ധിച്ചു

 

Latest