കമ്പനി ഉടമ കേസില്‍ കുടുക്കിയവരെ കോടതി വെറുതെ വിട്ടു

Posted on: November 12, 2013 9:07 pm | Last updated: November 12, 2013 at 9:07 pm

ദുബൈ: ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ക്രിമിനല്‍ കേസില്‍ അകപ്പെട്ട മലയാളി സിവില്‍ എഞ്ചിനീയറെയും പബ്ലിക് റിലേഷന്‍ ഓഫീസറെയും ദുബൈ അഡീഷനല്‍ കോടതി വെറുതെ വിട്ടു. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശിയായ ബിജു ഭാസ്‌കരനെയും തിരുവനന്തപുരം സ്വദേശിയായ ജിതിന്‍ രാഘവന്‍ പിള്ളയെയുമാണ് വെറുതെ വിട്ടത്.
2011 ഡിസംബറില്‍ ജിതിന്‍ നാട്ടിലേക്ക് പോകാനായി അവധി ചോദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അവധി കൊടുക്കാമെന്ന് കമ്പനിയുടമ സമ്മതിക്കുകയും എന്നാല്‍ ജിതിന്റെ നാട്ടില്‍ പോക്ക് ഓരോ കാരണങ്ങളാല്‍ മാറ്റിവെപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ജിതിന്‍ തൊഴിലുടമക്കെതിരെ തൊഴില്‍ മന്ത്രാലയത്തില്‍ പരാതി സമര്‍പ്പിച്ചു. പരാതി അവിടെ പരിഹരിക്കാന്‍ കഴിയാതെ ദുബൈ ലേബര്‍ കോടതിയിലേക്ക് മാറ്റി. ലേബര്‍ കോടതിയില്‍ നിന്ന് ജിതിന് അനുകൂലമായ വിധിയുണ്ടായി.
തുടര്‍ന്ന് കമ്പനിയുടമ ജിതിനെയും സുഹൃത്തായ ബിജുവിനെയും പ്രതികളാക്കി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. കമ്പനിയുടമ നല്‍കിയ പരാതിയില്‍ കമ്പനിയുടെ 10 ലക്ഷം ദിര്‍ഹം രണ്ട് പ്രതികളും കൂടി വിശ്വാസ വഞ്ചനയിലൂടെ കൈക്കലാക്കിയെന്നതാണ് കേസ്. ഈ കേസില്‍ രണ്ടുപേരും ജയിലില്‍ റിമാന്‍ഡിലായിരുന്നു.
ഇവരുടെ ബന്ധുക്കള്‍ ദുബൈ അല കബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ട് ഇവരുടെ കേസ് നടത്താനുള്ള സൗകര്യമൊരുക്കി.
അഡ്വ. ഡോ. റിയാദ് അല്‍ കബ്ബാന്‍ ഇവര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായി. ദുബൈ പ്രാഥമിക കോടതി ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിക്കുകയുമായിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ അല്‍കബ്ബാന്‍ അഡ്വക്കേറ്റ്‌സ് കേസ് ഫയല്‍ ചെയ്ത അപ്പീല്‍, അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും വിചാരണ നടത്തുകയും ചെയ്തു.
അപ്പീല്‍ കോടതി ഈ കേസില്‍ റൂളേഴ്‌സ് ഓഫീസിലെ എക്‌സ്‌പേര്‍ട്ടിനെ നിയമിക്കുകയും കേസ് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
റൂളേഴ്‌സ് ഓഫീസില്‍ പ്രതികളുടെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ അഡ്വ. ശംസുദ്ദീന്‍ ഹാജരാക്കുകയും ഒടുവില്‍ എക്‌സ്പര്‍ട്ട് ഇവര്‍ക്കനുകൂലമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെയും വക്കീല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നിരപരാധികാളെന്ന് വിധിച്ച് ഇവരെ കോടതി വെറുതെ വിട്ടത്.