2,000 വിദ്യാര്‍ഥിനികള്‍ക്ക് 12,000 രൂപ വീതം സ്റ്റൈപന്‍ഡ്

Posted on: November 12, 2013 12:21 am | Last updated: November 12, 2013 at 12:21 am

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വിഭാഗം മുഖേന വിതരണം ചെയ്യുന്ന സി എച്ച് മുഹമ്മദ് കോയ മുസ്‌ലിം ഗേള്‍സ് സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി 2,000 വിദ്യാര്‍ഥിനികള്‍ക്ക് 12,000 രൂപ വീതം ഹോസ്റ്റല്‍ സ്റ്റൈപന്‍ഡ് നല്‍കും. മുസ്‌ലിം, ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കാണ് സ്റ്റൈപന്‍ഡ് ലഭിക്കുക. കേരള സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ ഡിഗ്രി തലത്തിലോ, പി ജി തലത്തിലോ പഠിക്കുന്നവര്‍ക്കും പൊതു പരീക്ഷയെഴുതി സര്‍ക്കാര്‍ വിഹിതമെന്ന നിലയില്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും സ്റ്റൈപന്‍ഡിന് അപേക്ഷിക്കാം.
സര്‍ക്കാര്‍, സര്‍വകലാശാല, ഐ എച്ച് ആര്‍ ഡി, എല്‍ ബി എസ്, എന്നിവ നടത്തുന്ന ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലില്‍ പഠിക്കുന്നവര്‍ക്ക് എസ് ബി ടി/എസ് ബി ഐ /ഫെഡറല്‍ ബേങ്ക്/സൗത്ത് ഇന്ത്യന്‍ ബേങ്ക് എന്നിവയില്‍ ഏതെങ്കിലും ബേങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. ഈ മാസം 29 ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.