ഹൈയാന്‍ ഓര്‍മപ്പെടുത്തുന്നത്

Posted on: November 12, 2013 6:00 am | Last updated: November 12, 2013 at 12:16 am

SIRAJ.......ഫിലിപ്പൈന്‍സില്‍ വെള്ളിയാഴ്ച ആഞ്ഞടിച്ച ഹൈയാന്‍ കൊടുങ്കാറ്റ് വരുത്തിവെച്ച നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമാകാനിരിക്കുന്നതേയുള്ളു. മധ്യ ഫിലിപ്പൈന്‍സിലെ പ്രധാന നഗരത്തെയും തീരപ്രദേശങ്ങളെയും നക്കിത്തുടച്ചാണ് മണിക്കൂറില്‍ 315 കി. മീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ച കൊടും ചുഴലിയും അതേത്തുടര്‍ന്ന് രൂപപ്പെട്ട കൂറ്റന്‍ തിരമാലകളും കടന്നുപോയത്. ദുരന്തം കൂടുതല്‍ ബാധിച്ച ലെയ്റ്റ് പ്രവിശ്യയില്‍ മാത്രം പതിനായിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് സ്ഥലത്തെ പോലീസ് മേധാവിയെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. മൂന്ന് മീറ്റര്‍ ഉയരത്തില്‍ ഇരച്ചുകയറിയ തിരമാലകളില്‍ പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. നാല് ലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും 43 ലക്ഷം പേര്‍ കൊടുങ്കാറ്റിന്റെ കെടുതികള്‍ക്കിരയാകുകയുമുണ്ടായി.
ചുഴലിക്കാറ്റില്‍ ലെയ്റ്റ് പ്രവിശ്യയിലെ വീടുകളും കെട്ടിടങ്ങളും 80 ശതമാനത്തോളം തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങളുടെ സ്ഥാനത്തു കോണ്‍ക്രീറ്റ് സ്ലാബുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. തലസ്ഥാന നഗരമായ ടാക്ലോബാനിലെ റോഡുകള്‍ക്കിരുവശവും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുമായി നൂറുകണക്കിന് മൃതദേഹങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണ്. നാശം വിവരണാതീതമാണെന്നും കാറുകളും മറ്റും കാറ്റില്‍ എടുത്തെറിയപ്പെടുകയും നിരത്തുകള്‍ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയുമാണെന്നാണ് ദുരന്തം വിലയിരുത്താനെത്തിയ യുഎന്‍ സംഘത്തിന്റെ തലവന്‍ സെബാസ്റ്റ്യന്‍ റോഡസ് സ്റ്റാസ വെളിപ്പെടുത്തിയത്. െൈവദ്യുതി വിതരണ സംവിധാനം പൂര്‍ണമായും തകരാറിലായതിനെത്തുടര്‍ന്ന് രാജ്യം ഇരുട്ടിലാണ്. വാര്‍ത്താവിനിമയ സംവിധാനവും തകരാറിലാണ്. വിമാനത്താവളങ്ങളിലെ റണ്‍വേ തകര്‍ന്നതിനാല്‍ പുറമെ നിന്നുള്ള സഹായമെത്തിക്കാനും രക്ഷാപ്രവര്‍ത്തകര്‍ പ്രയാസപ്പെടുന്നു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്താല്‍ റോഡ് ഗതാഗതവും നിലച്ചിട്ടുണ്ട്.
അടുത്തിടെയായി ഫിലിപ്പൈന്‍സിനെ തുടരെത്തുടരെ പ്രകൃതിദുരന്തങ്ങള്‍ വേട്ടയാടുകയാണ്. കഴിഞ്ഞ മാസം മധ്യ ഫിലിപ്പൈന്‍സിലെ കാര്‍മെന്‍ നഗരത്തുലുണ്ടായ ഭൂചലനത്തില്‍ 110 പേര്‍ മരിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂകമ്പത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസമ്പറില്‍ ദക്ഷിണ ഫിലിപ്പൈന്‍സിലെ തീരമേഖലയില്‍ മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച ബോഫാ ചുഴലിക്കാറ്റ് 325 പേരുടെയും 2011 ഡിസംബറില്‍ രാജ്യത്തിന്റെ തെക്കന്‍ മേഖലയിലുണ്ടായ കൊടുങ്കാറ്റും പേമാരിയും വെള്ളപ്പൊക്കവും 1200 പേരുടെയും ജീവനപഹരിച്ചിരുന്നു. ഇതിന്റെയെല്ലാം കെടുതികളില്‍ നിന്ന് രാജ്യം മോചിതമാകുന്നതിന് മുമ്പാണ് ഹൈയാനേല്‍പ്പിച്ച കനത്ത ആഘാതം.
ഭക്ഷണവും വെള്ളവും കിട്ടാതെ നരകയാതന അനുഭവിക്കുകയാണ് ഹൈയാന്‍ ബാധിതപ്രദേശങ്ങളിലെ അവശേഷിച്ച ജനങ്ങള്‍. വിശപ്പിന്റെ കാഠിന്യത്താല്‍ തകരാതെ അവശേഷിക്കുന്ന കടകളും വീടുകളും കൊള്ളയടിക്കപ്പെടുന്നു. ദുരിതബാധിതരെ എങ്ങനെ സമാശ്വസിപ്പിക്കണമെന്നറിയാതെ നിസ്സഹയാവസ്ഥയിലാണ് ഭരണകൂടം. ചുഴലി കൊടുങ്കാറ്റിന്റെ കെടുതികളില്‍ നിന്ന് ഫിലിപ്പൈന്‍സിന് കരകയറണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. മറ്റു രാജ്യങ്ങളുടെ സഹായഹസ്തങ്ങള്‍ അവര്‍ക്ക് നേരെ നീളേണ്ട സന്ദര്‍ഭമാണിത്. അന്താരാഷ്ട്ര കൂട്ടായ്മകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതും സജീവമാകേണ്ടതും ഇത്തരം സന്നിധ ഘട്ടങ്ങളിലാണ്.
ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ വന്‍മുന്നേറ്റം നടത്തുകയും ചന്ദ്രനെയും ചൊവ്വയെയും കീഴടക്കി അവിടങ്ങളില്‍ ആധിപത്യമുറപ്പിക്കാനുള്ള പ്രയത്‌നങ്ങളില്‍ മുഴുകിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴും പ്രകൃതിദുരന്തങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായനാണ് ഇന്നും മനുഷ്യന്‍. ഭൂചലനം, സുനാമി, കൊടുങ്കാറ്റ്, അഗ്നിപര്‍വത സ്‌ഫോടനം, വെള്ളപ്പൊക്കം, പൊടിക്കാറ്റ്, കാട്ടുതീ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴായി സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ചിലപ്പോള്‍ മുന്നറിയിപ്പ് നല്‍കാനായേക്കാമെങ്കിലും അവയെ പ്രതിരോധിക്കാനോ രൂക്ഷത കുറക്കാന്‍ പോലുമോ മനുഷ്യനാകില്ലെന്നതാണ് അനുഭവ പാഠം. കൊടുങ്കാറ്റ് ഏതു ദിശയില്‍ നിന്നാണ് വരുന്നതെന്ന് നേരത്തെ അറിഞ്ഞിട്ടും അതിനെ തിരിച്ചു വിടാനാകാതെ പകച്ചു നില്‍ക്കുകയാണ് ശാസ്ത്രലോകം. സാങ്കേതിക വൈവിധ്യത്തിന്റെ മികവില്‍ ലോകത്തെയും പ്രകൃതിയയെയും കീഴടക്കാന്‍ കഴിയുമെന്ന് അഹങ്കരിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കി കൂടുതല്‍ തീവ്രതയോടെയാണ് പ്രകൃതി സംഹാരങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. സാങ്കേതികമായി ഇനിയും ഏറെ വളര്‍ന്നാലും ഇത്തരം പ്രതിഭാസങ്ങള്‍ക്ക് മുമ്പില്‍ തനിക്ക് പകച്ചു നില്‍ക്കാനേ കഴിയൂയെന്ന് മനുഷ്യനെ ബോധ്യപ്പെടുത്തുകയാണ് ഓരോ പ്രകൃതിദുരന്തവും.

ALSO READ  കലാലയ രാഷ്ട്രീയത്തില്‍ പുനരാലോചന വേണം