അക്രമം തുടരുകയാണെങ്കില്‍ ഖാലിദ് സിയായെ അറസ്റ്റ് ചെയ്യും: ബംഗ്ലാദേശ് സര്‍ക്കാര്‍

Posted on: November 12, 2013 12:54 am | Last updated: November 11, 2013 at 11:55 pm

ധാക്ക: രാജ്യത്ത് അക്രമവും അരാജകത്വവും തുടരുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് ഖാലിദ സിയയെയും ബി എന്‍ പിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ്‌ചെയ്യുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷം സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുകയാണെന്നും ഇത് തുടര്‍ന്നാല്‍ ബി എന്‍ പിയിലെ മുതിര്‍ന്ന നേതാവ് ഖാലിദ സിയ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും നിയമ മന്ത്രി ഖമുറല്‍ ഇസ്‌ലാം പറഞ്ഞു.
നിഷ്പക്ഷമായ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ആഹ്വാനം ചെയ്ത നാല് ദിവസത്തെ പൊതുപണിമുടക്കിനിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സമരക്കാരും പോലീസുമായുള്ള ഏറ്റ് മുട്ടലില്‍ ഒരാള്‍ മരിക്കുകയും നറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സമരം ആരംഭിച്ച് മിനുട്ടുകള്‍ക്ക് ശേഷം ഖാലിദാ സിയയുടെ വസതിക്ക് മുന്നില്‍ വന്‍ പോലീസ് വ്യൂഹത്തെ വിന്യസിച്ചിട്ടുണ്ട്. ബി എന്‍ പിയുടെ സുപ്രധാന നേതാക്കളായ മൂന്ന്‌പേരെ അറസ്റ്റ്‌ചെയ്തതോടെയാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചത്. ഖാലിദാ സിയയുടെ ഉപദേശകനായ വ്യാപാരി പ്രമുഖനും സഹായിയും പീന്നീട് അറസ്റ്റിലായി. ഇവരെ കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു. പ്രതിപക്ഷം ചര്‍ച്ചക്ക് തയ്യാറാകുകയും അക്രമത്തില്‍നിന്നും പിന്തിരിയുകയും ചെയ്താല്‍ അറസ്റ്റിലായ ബി എന്‍ പി നേതാക്കളെ വിട്ടയക്കാമെന്ന് കേന്ദ്രമന്ത്രി ഹസന്‍ മഹ്മൂദ് പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അല്ലാത്ത പക്ഷം അക്രമത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.