Connect with us

Ongoing News

ജലവൈദ്യുത നിലയങ്ങള്‍ പൊട്ടിത്തെറിയുടെ വക്കില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത നിലയങ്ങള്‍ ഏത് നിമിഷവും തകരാറിലാകുമെന്ന് കെ എസ് ഇ ബി സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട്. ഉത്പാദന നിലയങ്ങളിലെ ജനറേറ്ററുകള്‍ പലതും പൊട്ടിത്തെറിയുടെ വക്കിലാണെന്നും അടിയന്തര അറ്റകുറ്റപണികള്‍ നടത്തിയില്ലെങ്കില്‍ സങ്കീര്‍ണമായ സ്ഥിതിവിശേഷമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇടുക്കിയിലെ മൂലമറ്റം പവര്‍ ഹൗസിന്റെ നവീകരണ കാലാവധി കഴിഞ്ഞെങ്കിലും അറ്റകുറ്റപ്പണി പോലും നടക്കാത്ത സാഹചര്യമാണുള്ളത്. കാലപ്പഴക്കവും യന്ത്രങ്ങളുടെ ഗുണമേന്മക്കുറവും സ്ഥിതി കൂടുതല്‍ ഗൗരവമുള്ളതാക്കുന്നതായും സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട് എടുത്തു പറയുന്നു. മൂലമറ്റം പവര്‍ ഹൗസില്‍ 2011ല്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് ജീവനക്കാര്‍ മരിക്കാനിടയായതിനെ തുടര്‍ന്നാണ് സുരക്ഷാ ഓഡിറ്റ് നടത്തിയത്. പവര്‍ ഹൗസുമായി ബന്ധപ്പെട്ട് ഒമ്പത് വലിയ അപകടങ്ങള്‍ ഉണ്ടായിട്ടും സൂക്ഷ്മ പരിശോധന നടന്നില്ല. കുഴപ്പങ്ങള്‍ മൂടിവെക്കുകയാണെന്നും ആക്ഷേപമുണ്ട്. ഇത് തുടരെയുണ്ടാകുന്ന പൊട്ടിത്തെറികള്‍ക്ക് കാരണമാകുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു.
ജനറേറ്ററുകളുടെ നവീകരണത്തിന് ബോര്‍ഡ് സ്വീകരിക്കുന്ന നടപടികളിലെ അപാകങ്ങള്‍ റിപ്പോര്‍ട്ടില്‍ അടിവരയിടുന്നുണ്ട്. ജനറേറ്ററുകളുടെ നവീകരണ കരാര്‍ നല്‍കുന്നതിലും ഫലപ്രദമായി പൂര്‍ത്തിയാക്കുന്നതിലും വരുന്ന വീഴചകളും നവീകരണത്തിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിലും നടപടികള്‍ സ്വീകരിക്കുന്നതില്‍ വരുന്ന കാലതാമസവും എടുത്തു പറയുന്നു. ഇത്തവണ കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് ജലസംഭരണി നിറഞ്ഞതോടെ സുരക്ഷയൊന്നും പരിഗണിക്കാതെ പരമാവധി ലാഭം ലക്ഷ്യമിട്ട് നിരന്തര ഉത്പാദനം നടത്താനാണ് ബോര്‍ഡ് തീരുമാനിച്ചത്. അണക്കെട്ട് തുറന്നുവിടുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്.
1976 ഫെബ്രുവരി 16ന് കമ്മീഷന്‍ ചെയ്ത ഇടുക്കിയിലെ ഒന്നാം ഘട്ട പദ്ധതിലെ മൂന്ന് ജനറേറ്ററുകളുടെ സുഗമമായ പ്രവര്‍ത്തന കാലാവധി 25 വര്‍ഷമാണ്. ഇക്കാര്യം കനേഡിയന്‍ വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 38 വര്‍ഷം പിന്നിട്ട ഒന്നാം ഘട്ടത്തിലെ ജനറേറ്ററും 27 വര്‍ഷം പഴക്കമുള്ള രണ്ടാം ഘട്ട ജനറേറ്ററുകള്‍ക്കും ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടന്നത്. ജനറേറ്ററുകള്‍ സ്ഥാപിക്കാനും നവീകരണ കരാര്‍ നടപ്പിലാക്കാനും ഏജന്‍സികളെ തിരഞ്ഞെടുക്കുമ്പോള്‍ കുറ്റമറ്റ മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ജനറേറ്ററുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രാഥമിക പരിശോധനയും ടെന്‍ഡറും നടത്താറുണ്ടെങ്കിലും ടെന്‍ഡറില്‍ വിജയിക്കുന്ന കമ്പനിയെക്കൊണ്ട് അറ്റകുറ്റപ്പണികള്‍ ശരിയായ രീതിയില്‍ നടത്തിക്കുന്നതില്‍ പലപ്പോഴും വീഴ്ച വരികയാണ്. കരാറില്‍ പറയുന്ന കാര്യങ്ങള്‍ പോലും ഉറപ്പാക്കുന്നില്ല. അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് വിദേശ കമ്പനികളാണെന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ അറ്റകുറ്റപ്പണിക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതില്‍ ബോര്‍ഡിന് വീഴ്ച വരുന്നുണ്ട്.
ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിലെ വീഴ്ചകളും റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നു. ഗുണമേന്മയുള്ള ഉപകരണങ്ങള്‍കൊണ്ട് അറ്റകുറ്റപ്പണി നടത്തുകയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ജനറേറ്ററുകള്‍ മാറ്റിവെക്കുകയും ചെയ്താലേ സുരക്ഷാ നടപടികള്‍ പൂര്‍ണമാകൂ. ബോധവത്കരണവും മോക്ഡ്രില്‍ അടക്കമുള്ള നടപടികളും കൊണ്ട് സുരക്ഷ ഉറപ്പാക്കാനാകില്ല. ജനറേഷന്‍ ചീഫ് എന്‍ജിനീയര്‍ വഴി റിപ്പോര്‍ട്ട് ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറിനും കൈമാറിയിരുന്നു. ഇതിന്മേല്‍ യാതൊരു നടപടിയുമുണ്ടായില്ല. ബംഗളൂരു ആസ്ഥാനമായ സര്‍ക്കാര്‍ സ്ഥാപനം സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും നവീകരണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്വിച്ച് യാര്‍ഡും ജനറേറ്ററുമായി ബന്ധപ്പെട്ട അപകടങ്ങളാണ് പതിവായിട്ടുള്ളത്. പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളായതിനാല്‍ ഒന്നിന് തകരാറുണ്ടായാല്‍ പവര്‍ ഹൗസിനെയാകെ ബാധിക്കും. സ്വിച്ച് യാര്‍ഡ്, ട്രാന്‍സ്‌ഫോര്‍മര്‍, കണ്‍ട്രോള്‍ പാനല്‍, ഇന്‍സുലേറ്റര്‍, സര്‍ക്ക്യൂട്ട് ബ്രേക്കര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപകടങ്ങളാണ് മൂലമറ്റത്ത് ആവര്‍ത്തിക്കുന്നത്.
സംസ്ഥാനത്ത് വേണ്ട മൂവായിരത്തിലേറെ മെഗാവാട്ട് വൈദ്യുതിയില്‍ 780 മെഗാവാട്ട് മൂലമറ്റത്ത് നിന്നാണ് ഉത്പാദിപ്പിക്കുന്നത്. മല തുരന്നുണ്ടാക്കിയ ഭൂഗര്‍ഭ അറയില്‍ സ്ഥിതി ചെയ്യുന്ന മൂലമറ്റം പവര്‍ ഹൗസ് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത ഉത്പാദന നിലയമാണ്. ഒരു കിലോമീറ്റര്‍ തുരങ്കത്തിലൂടെ കടന്നു വേണം വിവിധ നിലകളിലെ ഉത്പാദന നിലയത്തിലെത്താന്‍. മൂന്നാം നിലയിലാണ് 130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകള്‍. 18 വലിയ 220 കെ വി ട്രാന്‍സ്‌ഫോര്‍മറുകളും ഉണ്ട്. ഈ ഭാഗത്ത് വലിയ അത്യാഹിതം ഉണ്ടായാല്‍ പ്രത്യാഘാതം വിവരണാതീതമാണെന്ന് വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു. പവര്‍ ഹൗസില്‍ 235 ജീവനക്കാരാണുള്ളത്.