സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യാന്‍ നിരീക്ഷണ സ്‌ക്വാഡ് രംഗത്ത്

Posted on: November 12, 2013 12:02 am | Last updated: November 11, 2013 at 11:02 pm

കാഞ്ഞങ്ങാട്: നഗരത്തെ സാമൂഹ്യവിരുദ്ധരില്‍ നിന്നും പിടിച്ചുപറിക്കാരില്‍ നിന്നും പൂര്‍ണമായും വിമുക്തമാക്കുന്നതിന് നിരീക്ഷണ സ്‌ക്വാഡ് രംഗത്ത്.
ഹൊസ്ദുര്‍ഗ് സി ഐ. പി കെ സുധാകരന്റെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലും നോര്‍ത്ത് കോട്ടച്ചേരിയിലും താവളമുറപ്പിക്കുന്ന സാമൂഹ്യവിരുദ്ധരെയും മോഷ്ടാക്കളെയും കയ്യോടെ പിടികൂടിയുള്ള നടപടിയാണ് പോലീസ് കൈക്കൊള്ളുന്നത്.
പോലീസ് കര്‍ശന നടപടി സ്വീകരിച്ചു തുടങ്ങിയതോടെ കാഞ്ഞങ്ങാട്ട് സാമൂഹ്യവിരുദ്ധരുടെ ശല്യം വളരെ കുറഞ്ഞിരിക്കുകയാണ്. അസമയത്ത് നഗരത്തില്‍ സംശയസാഹചര്യത്തില്‍ കാണുന്നവരെ അപ്പപ്പോള്‍ നിരീക്ഷിച്ച് പോലീസ് പിടികൂടുന്നുണ്ട്. മദ്യപിച്ച് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പുറമെ നഗരത്തില്‍ മദ്യലഹരിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരെയും പിടികൂടുന്നതിനാല്‍ കാഞ്ഞങ്ങാട്ട് ക്രമസമാധാനനില ഭദ്രമാകുകയാണ്.
മദ്യലഹരിയില്‍ നിയന്ത്രണം വിട്ട് ഒറ്റക്ക് ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ പോലും പിടിയിലാകുന്നതിനാല്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത പോലീസ് മുളയിലെ തന്നെ നുള്ളിക്കളയുകയാണ് ചെയ്യുന്നത്. നഗരത്തിലെ എല്ലാ ഭാഗങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് കൈക്കൊണ്ടുവരുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പോലീസ് സജീവമായി പട്രോളിങ്ങ് നടത്തുന്നതിനാല്‍ ഈ ഭാഗത്തും ക്രമസമാധാന നില ഭദ്രമാണ്. മുമ്പ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് നേരെ അക്രമങ്ങള്‍ പതിവായിരുന്നു. തീവണ്ടി കാത്ത് മടുക്കുമ്പോള്‍ കിടന്നുറങ്ങുന്നവരെ ആക്രമിച്ച് പണംതട്ടുന്ന സംഘമായിരുന്നു സജീവമായിരുന്നത്.