‘കുട്ടികള്‍ മോശം സിനിമകള്‍ കാണുന്നു’

Posted on: November 11, 2013 7:22 pm | Last updated: November 11, 2013 at 8:22 pm

ഷാര്‍ജ: കുട്ടികള്‍ക്കു തല്ലിപ്പൊളി സിനിമകണ്ടു വളരേണ്ട ദുരവസ്ഥയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. സ്റ്റണ്ടും പാട്ടുമില്ലാത്ത സിനിമ അപൂര്‍വമായി. സ്‌കൂള്‍ കുട്ടികള്‍പോലും സീരിയലിനു വേണ്ടി തിരക്കഥയെഴുതുന്നു. ടിവി ഓഫാക്കി കണക്ഷന്‍ വിച്‌ഛേദിക്കേണ്ട സമയമായെന്നും രാജ്യാന്തര പുസ്തകോല്‍സവത്തിലെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
താന്‍ സ്വന്തമായി വിഭാവനം ചെയ്യുന്ന സിനിമകള്‍ മാത്രമേ മികച്ച ചിത്രങ്ങളാകാറുള്ളൂ. മറ്റുള്ളവരുടെ കഥകള്‍ സ്വീകരിച്ചും സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും ആ കഥ പകര്‍ത്താറില്ല. ഒരു കഥ എന്തു സര്‍ഗാത്മക പ്രചോദനമാണ് നല്‍കുന്നതെന്ന് അന്വേഷിച്ചാണ് തീരുമാനമെടുക്കുക. അത്തരം സിനിമ ആ കഥാകൃത്തുക്കളുട സര്‍ഗശക്തിക്കുള്ള ബഹുമാനമാണ്. ആര്‍ട്-കൊമേഴ്‌സ്യല്‍ വേര്‍തിരിവുകളില്ലാതെ സിനിമ മാത്രമാണെടുക്കുന്നത്. തിയറ്ററുകളില്‍ ഓടാത്ത സിനിമകള്‍ എടുത്തിട്ടുമില്ല. തന്റെ എല്ലാസിനിമകളും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ബന്ധമുണ്ട്.
മലയാളത്തില്‍, രാജ്യാന്തര തലത്തില്‍ പ്രതിഭതെളിയിച്ച രണ്ടു യുവ സംവിധായകരുണ്ടെന്നും അവരുടെ പേരു വെളിപ്പെടുത്തുന്നില്ലെന്നും പറഞ്ഞു. ഇന്ത്യയിലെ മികച്ച സിനിമകള്‍കാണാനുള്ള അവസരം ഇന്നു കുറവാണ്. ഇതിനു പരിഹാരമായി ഇത്തരം ചിത്രങ്ങള്‍ ദുരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും രാത്രി പത്തിനാണ് പ്രദര്‍ശനം. ആദ്യചിത്രം തന്റേതാണ്. മാധ്യമപ്രവര്‍ത്തകന്‍ റോയ് റാഫേല്‍ മോഡറേറ്ററായിരുന്നു.
നേരത്തെ, മന്ത്രി കെ വി തോമസിന്റെ വിളക്കുമരങ്ങള്‍ എന്ന പുസ്തകം ഗോപിനാഥ് മുതുകാടിനു നല്‍കി കെ ജയകുമാറും മുതുകാടിന്റെ ഈ കഥയിലുണ്ടൊരു മാജിക് എന്ന പുസ്തകം കെ വി തോമസിനു നല്‍കി ചെമ്മനം ചാക്കോയും പ്രകാശനം ചെയ്തു.