Connect with us

Palakkad

മൂലത്തറ റഗുലേറ്റര്‍ നന്നാക്കാനുള്ള നടപടി എങ്ങുമെത്തിയില്ല

Published

|

Last Updated

പാലക്കാട്: പാലക്കാട് മൂലത്തറ റഗുലേറ്റര്‍ തകര്‍ന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും പുനര്‍നിര്‍മാണം നടത്തിയില്ല.16,000 ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്കുള്ള ജലസേചനവും ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളിലെ കുടിവെള്ളവിതരണവും നടത്തുന്നത് മൂലത്തറയിലെ ഈ റെഗുലേറ്റര്‍ വഴിയാണ്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ വെള്ളം തടഞ്ഞുനിര്‍ത്താനാകാതെ റെഗുലേറ്റര്‍ വീണ്ടും തകരാനുള്ള സാധ്യതയേറയാണ്.
2009 ലെ മഴക്കാലത്ത് ആളിയാര്‍ ഡാമില്‍ നിന്നും തുറന്നുവിട്ട വെള്ളത്തിന്റെ ശക്തിയില്‍ മൂലത്തറ റെഗുലേറ്റര്‍ ഭാഗികമായി തകര്‍ന്നിരുന്നു. വലത് കനാലിനോട് ചേര്‍ന്ന് 75 മീറ്റര്‍ വീതിയില്‍ 25 അടിതാഴ്ചയിലായിരുന്നു തകര്‍ച്ച. ഇതോടെ ചിറ്റൂര്‍പ്പുഴ കവിഞ്ഞൊഴുകി വലിയ വെള്ളപ്പൊക്കമുണ്ടായി. പാലക്കാട്ടെ വിവിധ പ്രദേശങ്ങളിലെ രണ്ടാം വിള നെല്‍കൃഷി മുഴുവന്‍ നശിക്കാനും ഇത് ഇടയാക്കി. റെഗുലേറ്ററിന്റെ പുനര്‍നിര്‍മാണത്തിനായി അന്ന് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.
പദ്ധതിക്കായി 30 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി. പക്ഷേ നാല് വര്‍ഷമായിട്ടും പുനര്‍നിര്‍മ്മാണം എവിടെയുമെത്തിയില്ല.
നവംബര്‍ പകുതിയോടെ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു നല്ല മഴ പെയ്ത് ആളിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ മൂലത്തറ റെഗുലേറ്റര്‍ വീണ്ടും തകരുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.

Latest