Connect with us

National

വിമതര്‍ അപകടകരമാകില്ലെന്ന് വിദഗ്ധര്‍

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശിലെ ടിക്കറ്റ് മോഹികളും ഇച്ഛാഭംഗക്കാരും നിരനിരയായി രംഗത്ത് വരികയും ബി ജെ പിക്കും കോണ്‍ഗ്രസിനും ഒരുപോലെ തലവേദനയാകുകയും ചെയ്ത പശ്ചാത്തലത്തിലും പാര്‍ട്ടികള്‍ക്ക് ആശ്വാസം പകരുന്നതാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍. ചിലര്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കുന്നു. ഒരാള്‍ ടിക്കറ്റ് കിട്ടാത്തതിന് ആത്മഹത്യ വരെ ചെയ്തു. എന്നിട്ടും വിദഗ്ധര്‍ പറയുന്നു; ഈ വിമത വിളയാട്ടങ്ങളൊന്നും വോട്ടെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന്.
ഇരു പാര്‍ട്ടികളും ഒരു പേലെ വിമത പ്രശ്‌നം അനുഭവിക്കുകയും ശക്തമായ മൂന്നാം മുന്നണി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇരുപക്ഷത്തിന്റെയും സാധ്യതകളെ ബാധിക്കില്ലെന്നാണ് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റി വക്താവ് പ്രൊഫസര്‍ സഞ്ജയ് കുമാര്‍ പറയുന്നത്. 230 അംഗ നിയമസഭയില്‍ 143 ആണ് നിലവില്‍ ബി ജെ പിയുടെ അംഗബലം. കോണ്‍ഗ്രസിന് 71 സീറ്റുണ്ട്.
വിമത ശബ്ദം അല്‍പ്പമെങ്കിലും ക്ഷീണം ചെയ്യുക ഭരണകക്ഷിക്കാകുമെന്നാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രാജേന്ദ്ര കോത്താരി പറയുന്നത്. ഭരണ കക്ഷി നേതാവ് ഭരണവുമായി ബന്ധപ്പെട്ട് നേടിയെടുത്ത ധനവും സ്വാധീനവും അവര്‍ സ്വന്തം പാര്‍ട്ടിക്കെതിരെ പ്രയോഗിക്കുമ്പോള്‍ അത് പ്രതിപക്ഷത്തിന് ഗുണകരമാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ സ്വന്തം പാര്‍ട്ടിക്കെതിരെ രംഗത്തു വരുന്നവരെ ജനം വിശ്വസിക്കില്ലെന്നാണ് ബര്‍ക്കത്തുല്ലാ സര്‍വകലാശാലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫസര്‍ എ പി എസ് ചൗഹാന്‍ പറയുന്നത്.

Latest