മോഡിക്കെതിരെ കോണ്‍ഗ്രസ് തിര. കമ്മീഷനെ സമീപിച്ചു

Posted on: November 11, 2013 10:18 am | Last updated: November 11, 2013 at 10:18 am

modiന്യൂഡല്‍ഹി: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പാര്‍ട്ടിക്കെതിരെ മോഡി നടത്തിയ ‘ഖൂനി പാഞ്ച’ (രക്തം പുരണ്ട കൈ) പരാമര്‍ശം പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് പരാതിപ്പെട്ടാണ് കോണ്‍ഗ്രസ് കമ്മീഷനെ സമീപിച്ചത്.
മര്യാദയില്ലാത്തതും അപമാനകരവും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് മോഡിയുടെ പരാമര്‍ശമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്തിന് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസിനെതിരെ പൊതുജനങ്ങളെ പ്രകോപിതരാക്കുന്ന പരാമര്‍ശമാണ് ഖൂനി പാഞ്ചയെന്നതെന്ന് കോണ്‍ഗ്രസ് പരാതിപ്പെട്ടു. ഛത്തീസ്ഗഢിലെ ഡോംഗര്‍ഗഢില്‍ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശമുള്ളത്. ഈ പ്രസംഗത്തിന്റെ ഡി വി ഡിയും പത്ര കട്ടിംഗും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. രക്തം പുരണ്ട കൈയുടെ നിഴല്‍ ഛത്തീസ്ഗഢില്‍ വീഴേണ്ടെങ്കില്‍ താമര ബട്ടണില്‍ അമര്‍ത്തണമെന്നാണ് മോഡി പറഞ്ഞത്.
നേരത്തെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ ബി ജെ പി സമീപിച്ചിരുന്നു. കമ്മീഷന്റെ നോട്ടീസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് രാഹുല്‍ മറുപടി നല്‍കിയത്. മുസാഫര്‍നഗര്‍ ഇരകളെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐ സ്വാധീനിക്കുന്നുവെന്ന പരാമര്‍ശമാണ് രാഹുലിന് വിനയായത്. രാജസ്ഥാനിലെ ചുരുവിലും മധ്യപ്രദേശിലെ ഇന്‍ഡോറിലും ഈ വിഷയം പരാമര്‍ശിച്ച് രാഹുല്‍ പ്രസംഗിച്ചിരുന്നു.