അറിവിന്റെ വാതായങ്ങള്‍ തുറന്നിട്ട് മെഡിക്കല്‍ എക്‌സിബിഷന്‍

Posted on: November 10, 2013 10:58 am | Last updated: November 10, 2013 at 10:58 am

തൃക്കരിപ്പൂര്‍: അറിവിന്റെ വാതായനങ്ങള്‍ തുറന്നിട്ടുള്ള മെഡിക്കല്‍ എക്‌സിബിഷന്‍ വിജ്ഞാനപ്രദമായി. മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍, പുകയില ഉത്പന്നങ്ങള്‍ കൊണ്ടുണ്ടാകുന്ന വിവിധ ദൂഷ്യഫലങ്ങള്‍ തുടങ്ങി വിവിധതരം രോഗങ്ങളെയും അവ ശരീരത്തെ എങ്ങിനെ ബാധിക്കുമെന്ന വിശദീകരണവുമടക്കമുള്ള മെഡിക്കല്‍ എക്‌സിബിഷന്‍ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും പുതിയൊരു അറിവായി.
മുജ്ജമ്മഅ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ആരോഗ്യ ബോധവത്കരണ ക്യാമ്പും മെഡിക്കല്‍ എക്‌സിബിഷനും സംഘടിപ്പിച്ചത്. ചെറുകുടലിനെ ബാധിച്ച കാന്‍സര്‍, തൊലിപ്പുറത്തുള്ളതും, എല്ലുകളെയും ഗര്‍ഭാശയത്തെ ബാധിക്കുന്നതും തുടങ്ങി നിരവധി തരത്തിലുള്ള കാന്‍സര്‍ ബാധിച്ച ശരീരാവയവങ്ങള്‍ എക്‌സിബിഷനില്‍ ഉണ്ടായിരുന്നു. അസ്തികൂട വ്യവസ്ഥ, നെര്‍വസ് സിസ്റ്റം, ദഹനവ്യവസ്ഥ, ശ്വസനാവസ്ഥ തുടങ്ങിയവയെക്കുറിച്ചുള്ള നേര്‍ചിത്രങ്ങളും മോഡലുകളും വിശദീകരണങ്ങളും കാണാനെത്തിയവര്‍ക്ക് ഏറെ പ്രയോജനപ്രദമായി.
എക്‌സിബിഷന്‍ ഡോ. മഹമൂദ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ മജീദ് ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. ജാബിര്‍ സഖാഫി, ജലീല്‍ സഖാഫി, മജീദ് മാസ്റ്റര്‍ ,ഇസ്മായില്‍ സഅദി, നാസര്‍ അമാനി, സിദ്ദീഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.