പ്രവാസികള്‍ സംതൃപ്ത ജീവിതം നയിക്കുന്ന പത്ത് രാജ്യങ്ങളില്‍ ഖത്തറും

Posted on: November 10, 2013 10:22 am | Last updated: November 10, 2013 at 10:22 am

ദോഹ: പ്രവാസികള്‍ ഏറ്റവും സംതൃപ്തരായ പത്തു രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറും. എച്ച് എസ് ബി സി 37 രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മികച്ച സൗകര്യങ്ങളും സാമ്പത്തിക ഭദ്രതയുമുള്ള പത്ത് രാജ്യങ്ങളെയാണ് തെരഞ്ഞെടുത്തത്. പട്ടികയില്‍ ആറാമതായാണ് ഖത്തര്‍ സ്ഥാനം നേടിയിട്ടുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഒമാന്‍ അടക്കം ജി സി സിയില്‍ നിന്ന് നാല് രാജ്യങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ജി സി സിയില്‍ ഖത്തറിന് രണ്ടാം സ്ഥാനമാണുള്ളത്. യു എ ഇ ഒമ്പതാം സ്ഥാനത്തും സൗദി പത്താം സ്ഥാനത്തുമാണ്.

സ്ഥിരതയുള്ള രാഷ്ട്രീയ കാലാവസ്ഥയും ജി സി സിയില്‍ തന്നെയാണ്. ലോകതലത്തില്‍ ഉള്ളതില്‍ കൂടുതല്‍ ജീവിത സുരക്ഷിതത്വം അനുഭവിക്കുന്നതും ഗള്‍ഫ് മേഖലയില്‍ തന്നെയാണ്. സുരക്ഷയുടെ കാര്യത്തില്‍ ലോക നിലവാരം 40 ശതമാനമാണെങ്കില്‍ ഖത്തറില്‍ ഇത് 69 ശതമാനവും യു എ ഇയില്‍ 63 ശതമാനവുമാണ്. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്നതും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ തന്നെയാണ്.
മിഡില്‍ ഈസ്റ്റില്‍ 2000ല്‍ പ്രവാസികളുടെ അനുപാതം ജനസംഖ്യയുടെ 13 ശതമാനമായിരുന്നുവെങ്കില്‍ 2010ല്‍ അത് 25 ശതമാനമായി ഉയര്‍ന്നു.