തീരദേശ കപ്പല്‍ ഗതാഗതം: മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

Posted on: November 10, 2013 7:13 am | Last updated: November 10, 2013 at 12:20 am

kerala_fishermenകൊല്ലം: കൊല്ലം തുറമുഖം വഴിയുള്ള തീരദേശ കപ്പല്‍ ഗതാഗതത്തിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തീരക്കടല്‍ കപ്പല്‍ ഗതാഗതം മത്സ്യബന്ധനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് ആരോപിച്ചാണ് സംയുക്ത സമര സമിതി രംഗത്ത് വന്നിരിക്കുന്നത്.
ജില്ലയിലെ പതിനായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ഉപജീവനം കഴിക്കുന്നത് കൊല്ലം തീരക്കടലില്‍ നിന്നാണ്. 12 നോട്ടിക്കല്‍ മൈല്‍ തീരക്കടലും പടിഞ്ഞാറെ കടലും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന മേഖലയാണെന്നും ഈ പരിധിക്കുള്ളില്‍ കപ്പലുകള്‍ സര്‍വീസ് നടത്തുന്നത് മത്സ്യബന്ധനത്തെ ബാധിക്കുമെന്നുമാണ് തൊഴിലാളികളുടെ അഭിപ്രായം. 60 നോട്ടിക്കല്‍ മൈല്‍ കടല്‍ പ്രദേശം വരെ മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായ ലോബികളെ സഹായിക്കാന്‍ ചരക്ക് ഗതാഗതത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരക്കടല്‍ തുറന്നു കൊടുക്കുകയാണ്. ഇത് അനുവദിക്കാന്‍ സാധ്യമല്ലെന്നുമാണ് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
തീരദേശം വഴി കപ്പല്‍ മാര്‍ഗമുള്ള ചരക്ക് സര്‍വീസ് തുടങ്ങിയാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയുണ്ടാകാനും വലകളും തോണികളും കട്ടമരങ്ങളും വള്ളങ്ങളും നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.
ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടതും കപ്പലില്‍ ഇടിച്ച് ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതുമെല്ലാമാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. മത്സ്യബന്ധനത്തിനിട്ട വലകള്‍ കപ്പലില്‍ തട്ടി നശിക്കുന്നതും പതിവായിട്ടുണ്ട്.
225 തരം മത്സ്യവര്‍ഗങ്ങള്‍ മാത്രം കൊല്ലം തീരത്തുണ്ട്. കപ്പല്‍ സര്‍വീസ് സജീവമാകുന്നതോടെ ഇവയുടെ പ്രജനനത്തെ അത് ദോഷകരമായി ബാധിക്കുകയും മത്സ്യോത്പാദനം കുറയുകയും ചെയ്യും. സി ഐ ടി യു, ഐ എന്‍ ടി യു സി, സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് തീരദേശ കപ്പല്‍ ഗതാഗത്തിനെതിരെ രംഗത്തുള്ളത്. ഗതാഗതം ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചപ്പോള്‍ തന്നെ തൊഴിലാളികള്‍ സമരം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനവും നല്‍കിയിരുന്നു.
തുടര്‍ നടപടിയുണ്ടായില്ലെങ്കില്‍ കൊല്ലം തുറമുഖത്തേക്ക് വരുന്ന ചരക്ക് കപ്പലുകളെ കടലില്‍ വെച്ച് മത്സ്യത്തൊഴിലാളികള്‍ തടയുമെന്നുമാണ് സമരസമിതി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
പ്രമുഖഷിപ്പിംഗ് കമ്പനി ട്രാന്‍സ്‌വേള്‍ഡ് ഗ്രൂപ്പിന്റെ ഓയില്‍ വിക്ടറി എന്ന കപ്പലും തുറമുഖ~വകുപ്പിനുവേണ്ടി കേരള മാരിടൈം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വാടകക്കെടുത്ത സൂര്യമുഖിയുമാണ് തുടക്കത്തില്‍ കൊല്ലം തുറമുഖത്തുനിന്ന് ചരക്കു നീക്കം നടത്തുന്നത്.
കൊച്ചിയില്‍ നിന്ന് ചെന്നൈ, വിശാഖപട്ടണം വഴി കൊല്‍ക്കത്തയിലേക്കും തിരിച്ചും ചരക്ക് നീക്കം നടത്തുന്ന ഓയില്‍ വിക്ടറി 6,500 ടണ്‍ ഭാരമുള്ള ഇടത്തരം കണ്ടെയ്‌നര്‍ കപ്പലാണ്. ട്രാന്‍സ്‌വേള്‍ഡിന്റെ സബ്‌സിഡിയറി കമ്പനിയായ ശ്രേയാസ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സാണ് തീരദേശ കപ്പല്‍ ഗതാഗതത്തിന് ചുക്കാന്‍ പിടിക്കുന്നത്. തുറമുഖ~വകുപ്പും കൊല്ലത്തെ കശുവണ്ടി വ്യവസായികളും ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് തോട്ടണ്ടി ഇറക്കുമതിയിലാണ്.
ആഫ്രിക്കന്‍ രാജ്യങ്ങള്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന തോട്ടണ്ടി കൊച്ചി വല്ലാര്‍പാടത്തും തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തും ഇറക്കി റോഡ് മാര്‍ഗമാണ് കൊല്ലത്തെത്തിക്കുന്നത്. ഇതിന് വന്‍ തുകയാണ് ചെലവ് വരുന്നത്.