Connect with us

Kerala

കരിമണല്‍ ഖനനം: സി പി ഐയിലും ഭിന്നത; എ ഐ ടി യു സിക്കെതിരെ സുനില്‍കുമാര്‍

Published

|

Last Updated

തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ കരിമണല്‍ ഖനനം സംബന്ധിച്ച് വിവാദം വീണ്ടും കൊഴുക്കുമ്പോള്‍ കോണ്‍ഗ്രസിന് പിന്നാലെ സി പി ഐയിലും തര്‍ക്കം മുറുകുന്നു. സ്വകാര്യ മേഖലയിലെ സ്ഥാപനമായ സി എം ആര്‍ എല്ലിന് ഖനനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകള്‍ നടത്തിയ സമരമാണ് പത്ത് വര്‍ഷത്തനിപ്പുറം വിഷയം വീണ്ടും ചര്‍ച്ചയാകാനിടയാക്കിയത്.
കമ്പനി സ്‌പോണ്‍സര്‍ ചെയ്ത സമരത്തില്‍ തൊഴിലാളി യൂനിയന്‍ നേതാക്കള്‍ പങ്കെടുത്തതാണ് കോണ്‍ഗ്രസിന് പിന്നാലെ സി പി ഐയിലും വിവാദത്തിന് അടിസ്ഥാനം. സ്വകാര്യ മേഖലക്ക് കരിമണല്‍ ഖനനാനുമതി നല്‍കണമെന്ന എ ഐ ടി യു സി അടക്കമുളള തൊഴിലാളി യൂനിയനുകളുടെ നിലപാട് അപഹാസ്യമാണെന്നാണ് സി പി ഐയിലെ യുവ നേതാവ് വി എസ് സുനില്‍കുമാര്‍ തുറന്നടിച്ചത്. തങ്ങളുടെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലോബികളുടെ പിണിയാളുകളായി തൊഴിലാളി യൂനിയന്‍ നേതാക്കള്‍ പോകരുതായിരുന്നുവെന്നാണ് സുനില്‍കുമാര്‍ പറയുന്നത്. അക്കാര്യത്തില്‍ പാര്‍ട്ടിയിലും യൂനിയനിലും മുന്നാലോചന വേണമായിരുന്നു.
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിലോ ആറാട്ടുപുഴയിലോ കരിമണല്‍ ഖനനം അനുവദിക്കാനാകില്ല. ഇത് സി പി ഐയുടെ നയവുമല്ല. എന്നിരിക്കെ സി എം ആര്‍ എല്ലിനുവേണ്ടി ചിലര്‍ പോയത് സംശയം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിലവിലെ വിഷയങ്ങളെ കുറിച്ച് വ്യക്തമായി പഠിക്കാതെ പറയുന്നവരുടെ വാക്കുകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് എ ഐ ടി യു സി നേതാവ് കാനം രാജേന്ദ്രന്‍ ഇതിനോട് പ്രതികരിച്ചത്. സി എം ആര്‍ എല്ലിന് കരിമണല്‍ ഖനനത്തിന് അനുമതി നല്‍കണമെന്നല്ല ആവശ്യപ്പെട്ടത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ ആര്‍ ഇക്ക് സി എം ആര്‍ എല്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായി ആവശ്യത്തിന് ഇല്‍മനൈറ്റ് നല്‍കാമെന്ന് സമ്മതിച്ച ശേഷം അത് നല്‍കാതിരിക്കുന്ന അവസ്ഥയാണുള്ളത്.
നിലവില്‍ കമ്പനിക്ക് ആവശ്യമുള്ളതിന്റെ ചെറിയൊരു ശതമാനം മാത്രമായാണ് വര്‍ഷങ്ങളായി നല്‍കി വരുന്നത്. ഈ സാഹചര്യത്തില്‍ ഈ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി തൊഴിലാളികളുടെ പ്രശ്‌നം കൂടി പരിഗണിച്ച് കമ്പനിക്ക് ആവശ്യമായത്ര ഇല്‍മൈറ്റ് നല്‍കുകയോ അല്ലാത്തപക്ഷം ഖനനാനുമതി നല്‍കുകയോ വേണമെന്നാണ് തന്റെ നിലപാട്.
ഇക്കാര്യത്തില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സി പി ഐ സംസ്ഥാന നേതൃത്വം ഇതുവരെ തര്‍ക്കത്തില്‍ ഇടപെട്ടിട്ടില്ല.
അതേ സമയം ആലപ്പുഴ ജില്ലയില്‍ കരിമണല്‍ ഖനനം ആരംഭിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ് പുതിയ വിവാദങ്ങളെന്ന് വ്യക്തമായ സാഹചര്യത്തില്‍ ആലപ്പുഴയുടെ തീരങ്ങളില്‍ കരിമണല്‍ ഖനനത്തിനെതിരെ പ്രാദേശികമായി വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest