Connect with us

Editorial

വിലക്കയറ്റമെന്ന ദുര്‍ഭൂതം

Published

|

Last Updated

ഭക്ഷ്യധാന്യങ്ങള്‍, ഇന്ധനം തുടങ്ങി അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഇപ്പോള്‍ ചര്‍ച്ചാവിഷയമേ അല്ല. കാരണം, പ്രതിദിനം വില കയറിക്കൊണ്ടിരിക്കുകയാണ്. അതില്‍ ആരെങ്കിലും പ്രതിഷേധിക്കുകയോ പ്രതിഷേധത്തിന് ആരെങ്കിലും ചെവി കൊടുക്കുകയോ ചെയ്യുന്നില്ല. എല്ലാം അനുഭവിക്കുകതന്നെ എന്ന നിലപാടിലാണ് പാവം ജനം. മുമ്പെല്ലാം വില കയറ്റുമ്പോള്‍ അതിനുള്ള കാര്യകാരണങ്ങള്‍ ഭരണകൂടം ജനങ്ങളെ അറിയിക്കാറുണ്ട്. പക്ഷേ, ഇന്ന് അതൊന്നുമില്ല. ഭരിക്കാന്‍ “നിയോഗിക്കപ്പെട്ടവര്‍” ഭരണം പൊടിപൊടിക്കുന്നു. ഭരിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ എല്ലാം സഹിക്കാനും ബാധ്യതപ്പെട്ടവരാണ്. അതുകൊണ്ട് ആരും ഒന്നും ശബ്ദിക്കാറില്ല. താങ്ങാവുന്നതിലേറെ ജീവിതഭാരമാകുമ്പോള്‍ ചിലര്‍ എല്ലാം അവസാനിപ്പിച്ച് മടങ്ങുന്നു. കുടുംബം തകരുന്നു. പക്ഷേ, അതുകൊണ്ടൊന്നും ഭരണ വര്‍ഗത്തിന് ഒരു കുലുക്കവുമില്ല. ആഗോളവത്കരണത്തില്‍ ഇതെല്ലാം പറഞ്ഞിട്ടുള്ളതാകുമ്പോള്‍ ആരോട് പ്രതിഷേധിക്കും? ഇന്ധനത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ അതാണ് സംഭവിക്കുന്നത്.
ഡീസലിന് എല്ലാ മാസവും ലിറ്ററിന് ഒരു രൂപ വീതം വര്‍ധിപ്പിക്കുക, പാചക വാതകം സിലിന്‍ഡറിന് 250 രൂപ വീതം കൂട്ടുക, മണ്ണെണ്ണ ലിറ്ററിന് നാല് രൂപ കൂട്ടുക എന്നിങ്ങനെ ഇതിനകം തന്നെ സര്‍ക്കാര്‍ മുമ്പാകെ നിര്‍ദേശം വെച്ചു കഴിഞ്ഞിരിക്കുന്നു. ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗമായ കിരിത് പരീഖിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെതാണ് ഈ ശിപാര്‍ശ. ഇതെല്ലാം ജനം എങ്ങനെ സഹിക്കുന്നുവെന്ന് ചിന്തിക്കാന്‍, ആശങ്കപ്പെടാന്‍ ഇവിടെ ആളില്ല. ഇടതുപക്ഷ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും ഉയര്‍ത്തുന്ന പ്രതിഷേധം എങ്ങും ഏല്‍ക്കാതെ പോകുന്നു.
അതിനിടയിലാണ് അരി, ഗോതമ്പ്, പച്ചക്കറികള്‍ എന്നിവയുടെ വില വാണം പോലെ കുതിച്ചുയരുന്നത്. രണ്ട് വര്‍ഷം മുമ്പ് കിലോഗ്രാമിന് 16 രൂപക്ക് സാമാന്യം നല്ല അരി ലഭിച്ചിരുന്നു. ഇപ്പോഴത് 30- 36 രൂപയായി ഉയര്‍ന്നിരിക്കുന്നു. എ പി എല്‍, ബി പി എല്‍ തരംതിരിവ് നടത്തി ബി പി എല്ലുകാര്‍ക്ക് നാമമാത്രമായ വിലക്ക് അരി ലഭ്യമാക്കുന്ന മോഹനസുന്ദര സംവിധാനം ഭക്ഷ്യ സുരക്ഷയുടെ പേരില്‍ കൊട്ടിഘോഷിക്കുമ്പോഴാണ് കുത്തനെയുള്ള വിലക്കയറ്റം. ഭക്ഷ്യസുരക്ഷയോടൊപ്പം ഉയര്‍ന്നു കേട്ടിരുന്ന പൊതു വിതരണ സംവിധാനം ഇപ്പോള്‍ മൃതാവസ്ഥയിലാണ്. കഴിഞ്ഞ രണ്ട് മാസമായി പച്ചക്കറി വിലയിലും കുതിച്ചുകയറ്റമാണ്. സവാള കിലോഗ്രാമിന് രാഷ്ട്ര തലസ്ഥാനത്തടക്കം ഒട്ടു മിക്കസ്ഥലങ്ങളിലും 80- 90 രൂപയാണ്. അതിന് പിന്നാലെ തക്കാളിയുടെ വിലയും കിലോഗ്രാമിന് 70-80 രൂപയായി കുതിച്ചുയര്‍ന്നു. മധ്യപ്രദേശില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള വരവ് ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹിയില്‍ ഭരണകര്‍ത്താക്കളുടെ മൂക്കിനു താഴെ പ്രവര്‍ത്തിക്കുന്ന “മദര്‍ ഡയറി” വിലക്കയറ്റം നിയന്ത്രിക്കാന്‍ അതിന്റെ 400ലേറെ ചില്ലറ വില്‍പ്പനകേന്ദ്രങ്ങളിലൂടെ മുതിര്‍ന്നിട്ടും ഫലമുണ്ടായില്ല. ഉത്പന്നങ്ങള്‍ ഇല്ലാത്തതല്ല വിലക്കയറ്റത്തിന് കാരണം. പൂഴ്ത്തിവെപ്പുകാരും കരിഞ്ചന്തക്കാരും വിപണിയില്‍ ചെലുത്തുന്ന സമ്മര്‍ദ തന്ത്രമാണ് വിലക്കയറ്റത്തിന് വഴിവെക്കുന്നത്. ചില്ലറ വില്‍പ്പന മേഖലയില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കടന്നുകയറിയതും വിലക്കയറ്റത്തിന് വഴിവെച്ച ഘടകങ്ങളിലൊന്നാണ്. ഇവരെല്ലാം ചേര്‍ന്ന് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒരു കലയാക്കി മാറ്റിയിരിക്കുന്നു.
2008ല്‍ ലോകത്താകെ പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തില്‍ ഉലയാതിരുന്ന സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യയുടെത്. ബേങ്ക് ദേശസാത്കരണവും മികച്ച അടിത്തറയുണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുമാണ് ഇതിന് നമ്മെ പ്രാപ്തരാക്കിയത്. അമേരിക്കന്‍ ബേങ്കുകള്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞപ്പോഴായിരുന്നു ഇതെന്ന് മനസ്സിലാക്കണം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും പിന്തുടര്‍ന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ തന്നെയായിരുന്നു ഇന്ത്യക്ക് കരുത്ത് പകര്‍ന്നത്. എന്നാല്‍, ഇന്ന് അവസ്ഥ മാറി. കുറച്ചു കാലമായി പാശ്ചാത്യ മാതൃകകള്‍ക്ക് പിറകെയാണ് നമ്മുടെ ഭരണാധികാരികള്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു. ജനകോടികളുടെ ദൈന്യത കാണാന്‍ ഭരണകൂടത്തിനാകുന്നില്ല. ലോക ബേങ്കും അന്താരാഷ്ട്ര നാണയ നിധിയും ബഹുരാഷ്ട്ര കുത്തകകളും കോര്‍പ്പറേറ്റുകളുമാണ് അവരെ നയിക്കുന്നത്. ഓഹരി വിപണിയിലെ കുതിച്ചുകയറ്റം രാഷ്ട്ര സമ്പദ്ഘടനയുടെ കരുത്താണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഭരണകര്‍ത്താക്കള്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയുന്നില്ലെന്ന് നടിക്കുന്നു. ഈ പോക്ക് നല്ലതിനല്ല. രാജ്യത്തെ കുളം തോണ്ടുന്ന, കുംഭകോണങ്ങള്‍ക്കും അഴിമതികള്‍ക്കും ചൂട്ട് പിടിക്കുന്നവരെ ജനം തിരിച്ചറിയുക തന്നെ ചെയ്യും. ഈ മാസം അഞ്ച് സംസ്ഥാന നിയമസഭകളിലേക്കും അടുത്ത വര്‍ഷം ലോക്‌സഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സമ്മതിദായകര്‍ തീര്‍ച്ചയായും അവരുടെ ശക്തമായ വിധിയെഴുത്ത് നടത്തും. ജനങ്ങളോട് കൊഞ്ഞനം കുത്തുന്നത് ആര്‍ക്കും നല്ലതല്ല.

Latest