ചില അശുഭ ചിന്തകള്‍

Posted on: November 10, 2013 6:00 am | Last updated: November 9, 2013 at 11:18 pm

chessകെ ബി ഗണേഷ്‌കുമാറും സരിത എസ് നായരും ടെന്നി ജോപ്പനും തോമസ് കുരുവിളയും ജിക്കുമോനും ഫിറോസും ഫയാസും എല്ലാം ചേര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനും അതുവഴി കോണ്‍ഗ്രസിനും ഇതിലൂടെ പൊതുവേ യു ഡി എഫിനും കളങ്കിത പ്രതിച്ഛായ ഉണ്ടാക്കി. ഈ കറുത്ത പ്രതിച്ഛായക്കിടയില്‍ എവിടെയാണ് താക്കോല്‍സ്ഥാനം എന്ന് അന്വേഷിച്ച് രമേശ് ചെന്നിത്തല തളര്‍ന്നു തരിപ്പണമാകുകയും ചെയ്തു. കളങ്കിത പ്രതിച്ഛായ മറികടക്കാന്‍ കണ്ണൂരിലെ പ്രതിപക്ഷ സമരനിരയില്‍ നിന്നു ചീറിപ്പാഞ്ഞു. കാറിന്റെ ചില്ല് തകര്‍ത്ത കല്ലേറിനാല്‍, നെറ്റത്തുണ്ടായ സൂചിമുനത്തുമ്പിനോളം വലിപ്പമുള്ള ചോര പൊടിഞ്ഞ മുറിവ് കാട്ടി ഒരു സഹതാപ തരംഗം സൃഷ്ടിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചു. മാധ്യമങ്ങളുടെ കരുണാകടാക്ഷവും ആയതിനു ലഭിച്ചു. എന്നാല്‍, പ്രതിഷേധ സമരക്കാരുടെ ഇടയിലേക്ക് നുഴഞ്ഞുകയറി കല്ലേറ് നടത്തിയത് കോണ്‍ഗ്രസുകാരനാണെന്നു മലയാള മനോരമ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ തന്നെ വെളിവായതോടെ ഉമ്മന്‍ ചാണ്ടിയുടെ സഹതാപ തരംഗ വിക്ഷേപണ ദൗത്യം ചീറ്റിപ്പോയി. ഇതിന്റെ മൗഢ്യത്തില്‍ യു ഡി എഫ് നേതൃത്വം ആഴ്ന്നിരിക്കുമ്പോഴാണ് പീതാംബരക്കുറുപ്പ് എം പി വക പൃഷ്ഠമര്‍ദനം എന്ന് സംസ്‌കൃതത്തില്‍ പറയാവുന്ന മ്ലേച്ഛകൃത്യം കൊല്ലത്ത് വെച്ച് ഒരു പൊതുപരിപാടിക്കിടെ ശ്വേതാ മേനോന്‍ എന്ന നടിക്കു മേല്‍ നടന്നത്. ഇത് കോണ്‍ഗ്രസിന്റെ കറുത്ത പ്രതിച്ഛായയില്‍ അല്‍പ്പം കൂടി ‘നീല’ കൂടി കോരിയൊഴിച്ചു. എന്തായാലും പീതാംബരക്കുറുപ്പിന്റെ കൈക്രിയകള്‍ മാധ്യമങ്ങള്‍ നന്നായി ആഘോഷിക്കുകയും താരസുന്ദരി കാര്യം പോലീസ് കേസാക്കുമെന്ന് ശപഥം ചെയ്യുകയും ചെയ്തതോടെ ഒമ്പത് മണിക്ക് ‘ചര്‍ച്ചിക്കു’വാനൊരു ചൂടന്‍ വിഭവം മാധ്യമങ്ങള്‍ക്ക് ഒത്തുകിട്ടി. ജോസ് തെറ്റയിലിന്റെ കല്യാണാലോചനാ കിടപ്പറ കേളികള്‍ പുറത്തുവന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പൊടുന്നനെ സ്ത്രീ സംരക്ഷകരായി കാട്ടിക്കൂട്ടിയ കാടന്‍ കേളികള്‍ക്ക് മറുപടി പറയാന്‍ ഒത്തുകിട്ടിയ അവസരമായി പ്രതിപക്ഷ യുവ സിംഹങ്ങള്‍ ശ്വേതാ മേനോന്റെ മാനത്തിനു വേണ്ടി ഉശിരോടെ രംഗത്തിറങ്ങി. സംഗതികള്‍ ഇങ്ങനെ കൊഴുത്തു വരവേ ശ്വേതാ മേനോനെ വിളിച്ച് പീതാംബരക്കുറുപ്പ് മാപ്പ് പറഞ്ഞു. അതോടെ യാമിനി തങ്കച്ചിയെപ്പോലെ തറവാട്ടില്‍ പിറന്ന പെണ്ണായി ശ്വേത മേനോന്‍, പീതാംബരക്കുറുപ്പിനെതിരായ പരാതി പിന്‍വലിച്ചു. ഇനി പീതാംബര ചേട്ടന് വേണമെങ്കില്‍ കേന്ദ്രമന്ത്രിയാകാം. പി ജെ കുര്യന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആയതു പോലെ. നമ്മുടെ ജനാധിപത്യം ഇങ്ങനെയൊക്കെയാണ്. ഇവിടെ ശ്വേതാ മേനോനോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ. ഒന്ന് മാപ്പ് അപേക്ഷിച്ചാല്‍ പൊറുക്കാവുന്ന വിധം ചെറുതായിരുന്നോ ഉത്തരവാദപ്പെട്ട ജനപ്രതിനിധിയായ പീതാംബരക്കുറുപ്പില്‍ നിന്ന് നിങ്ങള്‍ സഹിച്ചതായി നിങ്ങള്‍ തന്നെ കൊട്ടിഘോഷിച്ച അപമാനം? ആണെങ്കിലത് സ്ത്രീത്വത്തിന് അപമാനമാണ്. നിങ്ങള്‍ നിങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്ന് നിയമനടപടിയുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ മേലില്‍ ഒരു ജനപ്രതിനിധിയും ഇമ്മാതിരി കൈക്രിയകള്‍ ഒരു സ്ത്രീക്കു നേരെയും പ്രയോഗിക്കാന്‍ മുതിരാത്ത സാഹചര്യം ഉണ്ടാകുമായിരുന്നു. ആസാറാം ബാപ്പുവിനെപ്പോലുള്ള ശതകോടീശ്വരന്മാരായ ആള്‍ദൈവങ്ങള്‍ക്കു പോലും ജയിലഴിയെണ്ണിയേ പറ്റൂ എന്നു വന്നിരിക്കുന്ന ഒരു കുറ്റകൃത്യമാണ് സ്ത്രീപീഡനം. അത് അങ്ങനെ ആയത് ബാപ്പുവിനെതിരെ പരാതി പറഞ്ഞ സ്ത്രീകള്‍ ആണത്തത്തോടെ പരാതിയില്‍ ഉറച്ചുനിന്നതുകൊണ്ടാണ്. മാപ്പല്ല മണിമാളിക പോലും ആസാറാം പരാതി പിന്‍വലിച്ചാല്‍ ആ സ്ത്രീകള്‍ക്ക് കൊടുക്കുമായിരുന്നു. എന്നിട്ടും അവരതു ചെയ്തില്ല. അതിനാലവര്‍ ആദരവിന് അര്‍ഹരാണ്. എന്നാല്‍, മിസിസ് ശ്വേതാ മേനോന്‍, നിങ്ങള്‍ ചെയ്തത് നിങ്ങളോട് ആദരവില്ലാതാക്കുന്ന കൃത്യമാണ്. നിങ്ങളുടെ രോഷം, കണ്ണീര്‍ ഇതൊക്കെ വെറും അഭിനയമായിരുന്നോ? എന്തായാലും യാമിനി തങ്കച്ചി പരാതി പിന്‍വലിച്ചപ്പോള്‍ കെ ബി ഗണേഷ്‌കുമാര്‍, കുറഞ്ഞ പക്ഷം ബാലകൃഷ്ണ പിള്ളക്കെങ്കിലും, ശ്രീരാമനായതു പോലെ ശ്വേതാ മേനോന്‍ പരാതി പിന്‍വലിച്ച തോടെ പീതാംബരക്കുറുപ്പ് എം പിയും നിയമത്തിനു മുന്നില്‍ ശ്രീരാമനായി. പക്ഷേ, സാധാരണക്കാര്‍ ഞരമ്പു രോഗം എന്നു വിളിക്കുന്ന മനോരോഗം പീതാംബരക്കുറുപ്പിന് ഇല്ലെന്നു പറയാന്‍ മനഃശാസ്ത്ര ബോധമുള്ളവര്‍ക്ക് കഴിയില്ല. ആ നിലയില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
പീതാംബരക്കുറുപ്പിനെ പോലെ തഴക്കവും പഴക്കവും ചെന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ അവര്‍ക്കു പോലും നിയന്ത്രിക്കാനാകാത്ത ഏതോ ഉപബോധ പ്രേരണക്ക് കീഴ്‌പ്പെട്ട് സ്ത്രീകള്‍ക്കു നേരെ എന്തുകൊണ്ടിത്തരം കൈക്രിയകള്‍ ചെയ്യാനിട വരുന്നു എന്ന പ്രശ്‌നം മനോരോഗ ചികിത്സാശാസ്ത്രദൃഷ്ട്യാ പരിശോധിക്കേണ്ടതുണ്ട്. കുടുംബത്തിലെ സ്വന്തം ജീവിത പങ്കാളിയോട് സ്‌നേഹസമ്പൂര്‍ണവും ആരോഗ്യകരവുമായ ലൈഗിംക ബന്ധം പുലര്‍ത്താന്‍ കഴിയാതെ വരുന്ന പുരുഷന്മാരാണ് ബസിലും ട്രെയിനിലും അങ്ങാടിയിലും പൂരപ്പറമ്പിലും പൊതുപരിപാടികളിലും മറ്റും ഒത്തുകിട്ടുന്ന സ്ത്രീകളെ മുട്ടുകയും തട്ടുകയും മാന്തുകയും നുള്ളുകയുമൊക്കെ ചെയ്യുന്നതെന്ന് ചില മനഃശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇതുപ്രകാരം ശ്വേതാ മേനോനോട് പീതാംബരക്കുറുപ്പ് ചെയ്ത വിധത്തിലുള്ള കൈക്രിയകളെ ഇത്തരം ചേഷ്ടാ വൈകൃതങ്ങളെന്നു വേണം വിലയിരുത്താന്‍. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളാന്‍ സാധിച്ചില്ലെങ്കിലും മറ്റു രീതിയിലുള്ള ചികിത്സക്ക് വിധേയരാക്കേണ്ടതുണ്ട്.
ഇനി പൃഷ്ഠമര്‍ദകര്‍ അല്ലാത്ത പുരുഷന്മാരെ കൂടി അതിനു പ്രേരിപ്പിക്കുന്ന ശരീര ഭാഷാ സൂചകങ്ങളോടെ മാത്രം പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്ന സ്ത്രീകളും ഉണ്ട്. സിനിമയിലും സീരിയലിലുമൊക്കെ അഭിനയിക്കുന്നവര്‍ കാഴ്ചക്കാരനായ പുരുഷന്മാരില്‍ പതിപ്പിക്കുന്ന ലൈംഗികകോദ്ദീപക സന്ദേശങ്ങളുള്ള ദൃശ്യമുദ്രണങ്ങള്‍ അത്തരം നടിമാരെ തൊട്ടടുത്തു കിട്ടുമ്പോള്‍ മനോബലം ഇല്ലാത്ത പുരുഷന്മാരെ എന്തെങ്കിലും ഒക്കെ ചെയ്‌തേ പറ്റൂ എന്ന സ്ഥിതിയില്‍ എത്തിച്ചുകൂടായ്കയും ഇല്ല. അത്തരത്തില്‍ വല്ലതും നമ്മുടെ പ്രതിനിധിക്കും പറ്റിയോ എന്ന കാര്യവും അന്വേഷണവിധേയമാക്കണം. ശ്വേതാ മേനോന്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും അവരുടെ അഭിനയ ശേഷിയേക്കാള്‍ ഉടല്‍ സൗന്ദര്യത്തെയാണ് ഉദ്‌ഘോഷിക്കുന്നത്. സിനിമയില്‍ കാണിക്കാവുന്നതൊക്കെ പരമാവധി കാണിച്ച് കാശാക്കിക്കഴിഞ്ഞ ശ്വേത മേനോന് ഇത്തരം ഒരു അവസ്ഥയുണ്ടായി എന്നതില്‍ കാര്യമായ ഖേദപ്രകടനത്തിന് വകയില്ല. ഇതിന് പ്രേക്ഷകരായ പുരുഷന്മാരെ മാത്രം കുറ്റം പറയാനാകുമോ എന്ന കാര്യവും ചിന്തനീയമാണ്.

[email protected]