ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാനുള്ള ഫണ്ട് വിനിയോഗിച്ചില്ല: പ്രധാനമന്ത്രി

Posted on: November 9, 2013 11:49 pm | Last updated: November 9, 2013 at 11:49 pm

ന്യൂഡല്‍ഹി: ബി ജെ പിക്ക് അധികാരത്തിലെത്താനുള്ള അര്‍ഹതയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. യാഥാര്‍ഥ്യങ്ങളില്‍ നിന്നകന്ന പാര്‍ട്ടി ഹീനമായ രാഷ്ട്രീയ തന്ത്രങ്ങളാണ് പയറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി ജെ പിയുടെ നേതാക്കള്‍ എങ്ങനെയാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും ആക്രമിക്കുന്നതെന്ന് നാം കണ്ടു. ഇത്തരം വില കുറഞ്ഞ രാഷ്ട്രീയത്തിന് ഒരിക്കലും കോണ്‍ഗ്രസ് തയ്യാറാകില്ലെന്നും ചത്തീസ്ഗഢില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇവിടെ സംബന്ധിച്ചിരുന്നു.
അധികാരത്തിലെത്താമെന്ന് ബി ജെ പി ഒരിക്കലും സ്വപ്‌നം കാണരുത്. വര്‍ഗീയ പാര്‍ട്ടിയായ ബി ജെ പി മതേതര പാര്‍ട്ടിയാണെന്ന് വരുത്തിത്തീര്‍ത്ത് ജനങ്ങളെ പറ്റിക്കുകയാണ്. കേന്ദ്രം നല്‍കുന്ന ഫണ്ടുകള്‍ കൃത്യമായി ഉപയോഗപ്പെടുത്താനോ സംസ്ഥാനത്തെ മാവോയിസ്റ്റ് ആക്രമണം തടയാനുള്ള പദ്ധതികളോ ബി ജെ പി ഭരിക്കുന്ന ഛത്തീസ്ഗഢില്‍ നടപ്പിലാക്കിയിട്ടില്ല. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട ഈ വര്‍ഷം മെയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമായിരുന്നു. മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.
യു പി എ സര്‍ക്കാര്‍ എന്‍ ഡി എയേക്കാള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്. ഭക്ഷ്യസുരക്ഷാ ബില്‍, ഉച്ചഭക്ഷണ പദ്ധതി, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ നിരവധി ജനകീയ പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കി. എന്‍ ഡി എ ഭരണകാലത്ത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 5.4 ആയിരുന്നെങ്കില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ യു പി എ ഭരണത്തിന് കീഴില്‍ ഇത് എട്ടായി വര്‍ധിച്ചു. രാജ്യത്തെ നിരവധി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തു കടന്നതായും മന്‍മോഹന്‍ സിംഗ് അവകാശപ്പെട്ടു.