വായനയും പരിസ്ഥിതി സംരക്ഷണവും വീടുകളില്‍ നിന്ന് തുടങ്ങണം: അബ്ദുല്‍ കലാം

Posted on: November 9, 2013 10:04 pm | Last updated: November 9, 2013 at 10:04 pm

kalamലോക സമാധാനത്തിനായി വീടിന്റെ അകം മുതല്‍ സന്തോഷവും സമാധാനവും ഉണ്ടാകണം. മൂല്യവത്തായ വായനക്കു വേണ്ടി നാം എല്ലാ ദിവസവും സമയം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് ‘ഗ്രീന്‍ ഹോം’ എന്ന ആശയം കൂടി നമ്മിലുണ്ടാകണം. പ്രൈമറി ക്ലാസുകളിലെ അധ്യാപകരാണ് സമൂഹത്തിലെ ഏറ്റവും വലിയ സമ്പത്ത്. അറിവ് മാത്രമല്ല, അവരില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കുന്നത്. ജീവിത വിശുദ്ധി കൂടി വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കണം. വിദ്യാര്‍ഥികളുടെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും അദ്ദേഹം സമയം കണ്ടെത്തി.
തന്റെ അധ്യാപകരില്‍ പ്രമുഖനായ ‘അയ്യര്‍’ സാറിനെയും തന്റെ മാതാവിനെയും മറുപടികളില്‍ അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. സോളാര്‍, കാറ്റ്, ആണവോര്‍ജം എന്നിവയാണ് പരിസ്ഥിതി സൗഹൃദത്തിന് ഏറ്റവും അനുയോജ്യമായതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് സ്വദേശിനിയായ വീട്ടമ്മക്ക് തന്റെ മകന്‍ വരച്ച ചിത്രം സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയ കലാം ആ മാതാവിന് ‘സല്യൂട്ട്’ നല്‍കാനും മറന്നില്ല. ചൊവ്വാ ദൗത്യത്തിന് ചെലവഴിക്കുന്ന കോടികള്‍ കൊണ്ട് പാവങ്ങളുടെ പട്ടിണിയകറ്റാമല്ലോ എന്ന ചോദ്യമുയര്‍ത്തിയ വിദ്യാര്‍ഥിക്ക് ശാസ്ത്രലോകത്തിന്റെ പരിധികളെക്കുറിച്ച് മനസിലാക്കിക്കൊടുക്കുകയും എല്ലാ ഉപഗ്രഹങ്ങളും ഒരു രാജ്യത്തിന് മാത്രം സ്വന്തമാക്കാന്‍ അനുവദിക്കരുതെന്നും മാനവരാശിയുടെ മുഴുവന്‍ സ്വത്താണ് അവയെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ശാസ്ത്രവിദ്യകളുടെ കണ്ടുപിടുത്തങ്ങള്‍ കൊണ്ട് ഗുണദോഷങ്ങളുടെ സമ്മിശ്ര ഫലമുണ്ടെന്നും അതിന്റെ ഗുണഫലം മാത്രമാണ് കാംക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ കുമാര്‍ സംസാരിച്ചു.