രാജ്യപുരോഗതിക്ക് സഹകരിച്ച് പ്രവര്‍ത്തിക്കുക: കാന്തപുരം

Posted on: November 9, 2013 9:20 pm | Last updated: November 10, 2013 at 3:51 pm

[sliceshow id=”66541″]
ഗുവാഹത്തി: രാജ്യപുരോഗതിക്ക് മുസ്ലിംകളും അന്യ മതസ്തരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. രണ്ട് ദിവസത്തെ അസം സന്ദര്‍ശനത്തിന്റെ സമാപനമ ദിവസമായ ഇന്ന് ഹയര്‍കണ്ടിയിലെ സന്തോഷ്‌കുമാര്‍ റോഡ് പവലിയനില്‍ നടക്കുന്ന ബറാക് വാലി ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസം ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് സമ്മേളനം നടക്കുന്നത്.

ഇസ്ലാം തീവ്രവാദത്തിന് എതിരാണ്. മുസ്ലിംകള്‍ തീവ്രവാദികളാകേണ്ടവരല്ല. രാജ്യത്തിന്റെ പുരോഗതിക്കായി ക്രിസ്ത്യാനികളുമായും ഹിന്ദുക്കളുമായും മറ്റു എല്ലാ മതസ്തരുമായും യോജിച്ചു പ്രവര്‍ത്തിക്കണം. മുസ്ലിംകളും അന്യമതസ്തരും തമ്മില്‍ കലഹിക്കേണ്ട സാഹചര്യം ഉണ്ടായിക്കൂടാ. രാജ്യത്തെ നിയമം എല്ലാവരും അനുസരിക്കണമെന്നും കാന്തപുരം പറഞ്ഞു.

അന്യോന്യം സഹായിച്ചും സഹകരിച്ചും നീങ്ങിയെങ്കില്‍ മാത്രമേ ഉന്നതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. പരസ്പരം സഹകരിച്ച് നീങ്ങണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഈമാന്‍ പൂര്‍ണമാകണമെങ്കില്‍ പ്രവാചക സ്‌നേഹം അനിവാര്യമാണ്. പ്രവാചകനെ സ്‌നേഹിക്കാത്തവര്‍ മുസ്ലിമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

അസം അതിര്‍ത്തി, വികസന കാര്യ മന്ത്രി സിദ്ദീഖ് അഹമ്മദ്, എം ലളിത് മോഹന്‍ ശുക്ലബൈദ്യ എം പി, അസീസ് താലൂഖ്ധാര്‍, അല്ലാമാ അബ്ദുല്‍ അഹമ്മദ്, നൂറുന്നബി ഖാന്‍, ജില്ലാ കലക്ടര്‍, എ ഡി എം, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. സുഹൈറുദ്ദീന്‍ നൂറാനി സ്വാഗതവും കോണ്‍ഫറന്‍സ് കണ്‍വീനര്‍ കണ്‍വീനര്‍ സിദ്ദീഖ് ഹുസൈന്‍ നന്ദിയും പറഞ്ഞു. മുസ്ലിം സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ ‘ഹലോ പര്‍ഖ് ‘ മാഗസിന്‍ കാന്തപുരം ചടങ്ങില്‍ പ്രകാശനം ചെയ്തു.

പതിനായിരക്കണക്കിന് ആളുകളാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അസമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്തോഷ്‌കുമാര്‍ റോഡ് പവലിയനില്‍ ഒഴുകിയെത്തിയത്. കൊടും തണുപ്പിനെ പോലും വകവെക്കാതെ അവര്‍ കാന്തപുരത്തിന്റെ പ്രഭാഷണത്തിന് കാതോര്‍ത്തു. കേരളത്തിലേത് പോലെ മറ്റു സംസ്ഥാനങ്ങളിലും കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വന്‍ മുന്നേറ്റങ്ങളുടെ നേര്‍ചിത്രമായി രണ്ട് ദിവസമായി നടന്ന അസം ഇസ്ലാമിക് കോണ്‍ഫറന്‍സ്.

ഇന്ന് രാവിലെ രവീന്ദ്ര ഭവനില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ട്രയിനിംഗ് ക്യാമ്പിലും ഉച്ചക്ക് ശേഷം ഹായിലകണ്ടിയില്‍ നടന്ന എലൈറ്റ് മീറ്റിലും കാന്തപുരം പങ്കെടുത്തു. മുസ്ലിം സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെയും മുസ്ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തില്‍ കാന്തപുരത്തെ വിവിധയിടങ്ങളില്‍ സ്വീകരിച്ചു.

രണ്ട് ദിവസത്തെ അസം സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞായറാഴ്ച രാവിലെ കാന്തപുരം കൊല്‍ക്കത്തയിലേക്ക് തിരിക്കും.

ALSO READ  പുത്തുമല: കേരള മുസ്‌ലിം ജമാഅത്ത് നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്