പരിമിതികളില്‍ വീര്‍പ്പ് മുട്ടി ജില്ലാ ആശുപത്രി: ഉദ്ഘാടന മാമാങ്കത്തിന് കുറവില്ല

Posted on: November 9, 2013 7:53 am | Last updated: November 9, 2013 at 7:54 am

മാനന്തവാടി: പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ ഉദ്ഘാടന മാമാങ്കത്തിന് ഒട്ടും കുറവില്ല.
ജില്ലാ ആശുപത്രിയിലെ മെറ്റേര്‍ണിറ്റി വാര്‍ഡ്, ട്രോമാകെയര്‍, കാഷ്വാലിറ്റി ബ്ലോക്ക് തുടങ്ങിയവയാണ് ഉദ്ഘാടനത്തിനൊരുക്കിയിരിക്കുന്നത്. എന്നാല്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം ആകെ താളം തെറ്റിയ സമയത്താണ് ഉദ്ഘാടന മാമാങ്കം നടക്കുന്നത്.
ആദിവാസി വിഭാഗങ്ങളടക്കം നിരവധി രോഗികള്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ശാപമായി മാറുകയാണ്. മണിക്കൂറുകളോളം ക്യൂ നിന്ന് വാങ്ങിയെടുക്കുന്ന ഒ. പി ടിക്കറ്റുമായി കാത്തു കെട്ടിക്കിടന്നാലും പലപ്പോഴും ഡോക്ടറെ കാണാന്‍ കഴിയാതെ രോഗികള്‍ മടങ്ങുകയാണ് പതിവ്.
കുട്ടികളുടെ വിഭാഗം, നെഞ്ചു രോഗ വിഭാഗം, ഇഎന്‍ടി ഒപികളും പലപ്പോഴും അടഞ്ഞു കിടക്കാറാണ് പതിവ്. ബുധനാഴ്ചകളില്‍ പ്രസവ ശസ്ത്രക്രിയ നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ സാധാരണയായി ഗൈനക്കേളാളജി വിഭാഗം പ്രവര്‍ത്തിക്കാറില്ല.
നാല്‍പ്പതോളം ഡോക്ടര്‍മാര്‍ വേണ്ട ജില്ലാ ആശുപത്രിയില്‍ 18 ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുക്കിടക്കുകയാണ്. ഈ ഡോക്ടര്‍മാരില്‍ തന്നെ പലരും അവധിയിലുമാണ്. ഇവരുടെ ഒഴിവ് നികത്തുന്നതിനായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഡോക്ടര്‍മാരെ ജില്ലാ ആശുപത്രിയിലെത്തിക്കുമെന്ന് ഭരണാധികാരികള്‍ നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഉള്ള ഡോക്ടര്‍മാര്‍ അധിക ജോലി എടുക്കേണ്ട അവസ്ഥയുമാണ്. ആശുപത്രിയിലെ ഒരോക്കിടക്കയിലും രണ്ടും, മൂന്നും പേര്‍ ഞെങ്ങിഞ്ഞെരുങ്ങിയാണ് കിടക്കുന്നത്.
250 ഓളം ബെഡുകളിലായി 500ലധികം പേരണ് ഇവിടെ ഇങ്ങനെ കിടക്കുന്നത്. രോഗികള്‍ ആവശ്യമായ ബാത്തു റൂം സംവിധാനങ്ങള്‍ ഇവിടെയില്ല. രണ്ട് മാസം മുമ്പ് ഐസുലേഷന്‍ വാര്‍ഡിന് സമീപത്തെ കക്കൂസില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ ഓവു ചാലിലൂടെ പുറത്ത് ഒഴികിയിരുന്നു.
വാര്‍ഡിലേക്ക് നല്‍കുന്ന മരുന്ന് സൂക്ഷിക്കുന്ന പഴയ പേ വാര്‍ഡ് ആകട്ടെ ഒരു മഴപെയ്താല്‍ നനഞ്ഞു കുതിരുകയാണ്. ആശുപത്രില്‍ എത്തുന്ന രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ ഇവിടെ ലഭ്യമല്ല. 80%ലധികം അവശ്യ മരുന്നുകളും ഇവിടെയില്ല.ആശുപത്രിക്കാവശ്യമായ നേഴ്‌സുമാരുടെ എണ്ണത്തിലും വന്‍ കുറവാണ് അനുഭവപ്പെടുന്നത്. ആവശ്യത്തിന് വീല്‍ചെയറുകളോ, സ്‌റ്റെക്ചറുകളോ ഇവിടെയില്ല.
ജില്ലാ ആശുപത്രിക്കാവശ്യമായ ആംബുലന്‍സ് സംവിധാനങ്ങളും ഇല്ലാത്ത അവസ്ഥയാണ്. അഞ്ചോളം ആംബുലന്‍സുകള്‍ പേരിന് ഇവിടെ ഉണ്ടെങ്കിലും പലപ്പോഴും ഇവയുടെ സേവനം സാധാരണ രോഗികള്‍ക്ക് ലഭിക്കാറില്ല. ചുരമിറങ്ങാന്‍ പര്യാപ്തമായ ആംബുലന്‍സുകള്‍ രണ്ടെണ്ണം മാത്രമാണുള്ളത്. സ്വകാര്യ ആംബുലന്‍സുകളാണ് ഇവിടെയെത്തുന്ന രോഗികള്‍ക്ക് ഏക ആശ്രയം. ജില്ലാ ആശുപത്രി റോഡില്‍ മാലിന്യക്കുമ്പാരങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണ്. കുട്ടികളുടെ വാര്‍ഡിന് സമീപം കാടു മൂടിക്കിടക്കുകയാണ്. മദ്യപിച്ചു പോലും ഡോക്ടര്‍മാര്‍ ചികിത്സക്കായി എത്താറുണ്ട്.
രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് മദ്യപിച്ച ഡോക്ടര്‍ ഹെഡ് നേഴ്‌സിനെ കൈയേറ്റം ചെയ്തിരുന്നു. ജില്ലാ ആശുപത്രിയുടെ സുഗമായ പ്രവര്‍ത്തനം നടത്താന്‍ ചുക്കാന്‍ പിടിക്കേണ്ട സൂപ്രണ്ടാകട്ടെ പലപ്പോഴും അവധിയിലുമാണ്. ജില്ലയിലെ രോഗികള്‍ക്ക് ആശ്രയമാകേണ്ട ജില്ലാ ആശുപത്രി ജില്ലയിലെ രോഗികള്‍ക്ക് ദുരിതം മാത്രമാണ് സമ്മാനിക്കുന്നത്. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി യുവജന സംഘടനകള്‍ നിരന്തരം സമരത്തിലാണ്. മണ്ഡലത്തില്‍ സ്വന്തമായി ഒരു മന്ത്രിയുണ്ടായിട്ടും ആശുപത്രിയുടെ വികസനത്തിന് യാതൊന്നും ചെയ്യുന്നില്ല. ഉദ്ഘാടന മാമാങ്കം കഴിഞ്ഞാല്‍ പടിയിറങ്ങുന്ന അധികാരികള്‍ ആശുപത്രിയുടെ ശോചനീയവസ്ഥക്ക് അറുതി വരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് രോഗികളും നാട്ടുകാരും.