പ്രധാനമന്ത്രി ലങ്കയിലേക്കില്ല

Posted on: November 9, 2013 6:00 am | Last updated: November 10, 2013 at 9:09 am

manmohanന്യൂഡല്‍ഹി: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ (കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗ്- ചോഗം) പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ലെന്ന് സൂചന. തമിഴ് വംശജര്‍ക്കെതിരെ ശ്രീലങ്കയില്‍ വ്യാപകമായി യുദ്ധക്കുറ്റങ്ങള്‍ നടന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ശ്രീലങ്കാ സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തമിഴ് സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് നേതാക്കളും സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഈ മാസം പതിനഞ്ചിന് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിക്ക് പകരം സര്‍ക്കാര്‍ പ്രതിനിധിയെ അയക്കാനാണ് തത്വത്തില്‍ തീരുമാനമായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള എം പിയും ധനമന്ത്രിയുമായ പി ചിദംബരമാണ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്.
പ്രധാനമന്ത്രി ശ്രീലങ്കാ സന്ദര്‍ശനം നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി പറയാന്‍ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് തയ്യാറായില്ല. മറ്റ് താത്പര്യങ്ങളേക്കാള്‍ ഉപരിയായി രാജ്യ താത്പര്യം കണക്കിലെടുക്കുമെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നുമാണ് രണ്‍ദീപ് സിംഗ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ശ്രീലങ്കാ സന്ദര്‍ശനത്തെ എതിര്‍ത്തും അനുകൂലിച്ചും വന്ന എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും. ശ്രീലങ്കയില്‍ തമിഴ് ഭൂരിപക്ഷമുള്ള വടക്കന്‍ പ്രവിശ്യയില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ അഭിപ്രായവും പരിഗണിക്കും. എല്ലാത്തിനും ഉപരിയായി രാജ്യതാത്പര്യവും പരിഗണിച്ച ശേഷമാകും തീരുമാനമെമെന്ന് രണ്‍ദീപ് പറഞ്ഞു.
സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രിക്ക് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. ഒരു മണിക്കൂറിലേറെ നേരം യോഗം നീണ്ടുനിന്നു. ചിദംബരത്തിനെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാരായ ജയന്തി നടരാജന്‍, ജി കെ വാസന്‍ എന്നിവരും ശ്രീലങ്കാ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായ തിരിച്ചടിയാകുമെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. സമ്മേളനം ഇന്ത്യ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു.