Connect with us

Editorial

അതിജീവനം തേടി സി ബി ഐ

Published

|

Last Updated

ഇന്ത്യയുടെ മുഖ്യ അന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ) രൂപവത്കരണം നിയമാനുസൃതമല്ലെന്നും ഏജന്‍സി സ്വീകരിച്ച എല്ലാ നടപടികളും ഭരണഘടനാവിരുദ്ധമാണെന്നുമുള്ള ഗുവാഹത്തി ഹൈക്കോടതി വിധി ജനാധിപത്യ ഇന്ത്യയില്‍ ഞെട്ടലുളവാക്കുന്നതാണ്. 2ജി സ്‌പെക്ട്രം അഴിമതി, കല്‍ക്കരിപ്പാടം കുംഭകോണം തുടങ്ങി അതീവ ഗൗരവമുള്ള കേസുകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സി ബി ഐ, നിര്‍ണായക വിധിയോടെ അസാധുവായിരിക്കുന്നു. ബി എസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥനായ നവേന്ദ്ര കുമാ ര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിനെയും സി ബി ഐയെയും ഞെട്ടിച്ച വിധി. സിബിഐ രൂപവത്കരണത്തെയും അതിന്റെ നടപടികളെയും ശരിവെച്ചു 2007ല്‍ മേല്‍ക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ബി എസ് എന്‍ എല്‍ മുന്‍ ഉദ്യോഗസ്ഥനായ നവേന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണു കേന്ദ്ര സര്‍ക്കാരിനെയും സി ബി ഐയെയും ഞെട്ടിച്ച വിധി. കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരും സി ബി ഐയും അപ്പീലിന് പോകുമങ്കിലും അവധിക്ക് പിരിഞ്ഞ കോടതി തിങ്കളാഴ്ച തുറക്കുന്നതുവരെ ഫലത്തില്‍ സി ബി ഐയുടെ പ്രവര്‍ത്തനം സ്തംഭനത്തിലായിരിക്കും.
1942ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കിയ ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ആണ് 1963 ഏപ്രില്‍ ഒന്നിന് ഇന്ത്യയുടെ അന്വേഷണ ഏജന്‍സിയായി രൂപാന്തരപ്പെട്ടത്. കേന്ദ്ര ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഇതുസംബന്ധമായ പ്രമേയമാണു ഹൈക്കോടതി റദ്ദാക്കിയത്. സി ബി ഐ ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമോ ഒരു അന്വേഷണ സംഘടനയോ അല്ലെന്നും അതിനെ ഈ നിയമത്തിനു കീഴില്‍ ഒരു പോലീസ് സേനയായി കണക്കാക്കാനാവില്ലെന്നുമാണ് കോടതി ഉത്തരവില്‍ പറയുന്നത്. ഇതിന് കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് അന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രമേയം കേന്ദ്ര മന്ത്രിസഭയുടെ അനുമതിയോടെയുള്ളതായിരുന്നില്ലെന്നും രാഷ്ട്രപതിയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായ വകുപ്പുതല നിര്‍ദേശം മാത്രമാണെന്നും അതിനെ ഒരു നിയമമായി കാണാനാകില്ലെന്നുമാണ്.
ചില കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു താത്കാലിക സംവിധാനമെന്ന നിലയിലാണ് നേരത്തെ സി ബി ഐക്കു രൂപം നല്‍കിയത്. സി ബി ഐയുടെ രൂപവത്കരണം തികച്ചും ഭരണപരമായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുവെന്നും അതിന്റെ അധികാര സ്രോതസ്സ് വ്യക്തമാക്കിയിരുന്നില്ലെന്നുമുള്ള കോടതി വിലയിരുത്തല്‍ അസ്ഥാനത്താണെന്ന് പറയാനാകില്ല. എന്നാല്‍ വാദത്തിനിടയില്‍ സ്വന്തം അസ്തിത്വം ബോധ്യപ്പെടുത്താനും ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സി ബി ഐക്ക് കഴിഞ്ഞില്ലെന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. രേഖകള്‍ ഹാജരാക്കാന്‍ സി ബി ഐയോടു കോടതി ആവശ്യപ്പെട്ടുവെങ്കിലും യഥാര്‍ഥ രേഖകള്‍ക്കു പകരം നാഷനല്‍ ആര്‍ക്കൈവ്‌സില്‍ നിന്നുള്ള ചില രേഖകളുടെ പകര്‍പ്പു മാത്രമാണ് ഹാജരാക്കിയത്.
നിയമവിരുദ്ധമായ ഒരു സംഘടന എന്ന നിലയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും തിരച്ചില്‍ നടത്താനും ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാനും ആസ്തി പിടിച്ചെടുക്കാനും സി ബി ഐക്ക് അധികാരമില്ലെന്നും ഈ നടപടി ഭരണഘടനയുടെ 21-ാം വകുപ്പിനു വിരുദ്ധമാണെന്നുമുള്ള കോടതിയുടെ കണ്ടെത്തല്‍ .സി ബി ഐയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന കാര്യത്തില്‍ നിയമവൃത്തങ്ങള്‍ക്കും രണ്ട് പക്ഷമില്ല. . നിരവധി കേസുകളില്‍ അന്വേഷണം നടത്തുന്ന കുറ്റാന്വേഷണ സംഘം താത്കാലികമായെങ്കിലും പ്രവര്‍ത്തന രഹിതമാകുന്നത് നീതിന്യായ രംഗത്ത് അരക്ഷിതാവസ്ഥക്ക് കളമൊരുക്കുമെങ്കിലും സുപ്രീം കോടതി നേരിട്ട് നിരവധി കേസുകള്‍ സി ബി ഐയെ ഏല്‍പ്പിച്ചതിനാല്‍ ഏജന്‍സിയുടെ സാധുത ചോദ്യം ചെയ്യപ്പെടില്ലെന്ന് ചില നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോടതി വിധിയുടെ വെളിച്ചത്തില്‍ കേന്ദ്ര സര്‍ക്കാറിനും സി ബി ഐക്കും മുമ്പില്‍ ചില സാധ്യതകള്‍ മാത്രമാണ് അവശേഷിക്കുന്നത്, ഇതില്‍ പ്രധാനം ഹൈക്കോടതി വിധിയുടെ പ്രത്യാഘാതങ്ങള്‍ അക്കമിട്ട് നിരത്തിയും നീതിന്യായ രംഗത്ത് ഉണ്ടായേക്കാവുന്ന പ്രതിസന്ധിയുടെ ആഴം വരച്ചുകാട്ടിയും മേല്‍ക്കോടതി വിധിക്ക് ഉടനടി സ്റ്റേ സമ്പാദിക്കുക. ഇത് സാധ്യമാകുന്നില്ലെങ്കില്‍ ഉടനെ കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്ത് ഓര്‍ഡിനന്‍സിന് രൂപം നല്‍കുക. ഏതായാലും ഇക്കാര്യത്തില്‍ സുപ്രീം കോടതി നിലപാട് അറിഞ്ഞശേഷമായിരിക്കണം കേന്ദ്രം നടപടി സ്വീകരിക്കേണ്ടത്.

Latest