മുത്തലിബ് വധം: കാലിയാ റഫീഖിന്റെ കൂട്ടുപ്രതി അറസ്റ്റില്‍

Posted on: November 8, 2013 11:48 pm | Last updated: November 8, 2013 at 11:48 pm

കാസര്‍കോട്: ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ വെടിവെച്ചും വെട്ടിയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കാലിയാ റഫീഖിന്റെ കൂട്ടുപ്രതിയും മുംബൈയില്‍ സ്റ്റേഷനറി കടയില്‍ ജീവനക്കാരനുമായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

മഞ്ചേശ്വരം കുരുഡപ്പദവിലെ അന്‍സാറിനെ (22) യാണ് കുമ്പള സി ഐ സിബി മാത്യു അറസ്റ്റുചെയ്തത്. അന്‍സാറിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 24നു രാത്രിയാണ് മണ്ണംകുഴിയിലെ ഫ്‌ളാറ്റില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്ന അബ്ദുല്‍ മുത്തലിബിനെ കാലിയാ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെച്ചും മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചും കൊലപ്പെടുത്തിയത്. ഈ സംഭവത്തില്‍ കാലിയ റഫീഖ്, ശംസുദ്ദീന്‍, ഉപ്പളയിലെ മുഹമ്മദ് റഫീഖ്, കുരുഡപ്പദവിലെ അന്‍സാര്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തത്.
മുഹമ്മദ് റഫീഖിനെ ഈയിടെ പോലീസ് അറസ്റ്റുചെയ്തിരുന്നു. കാലിയാ റഫീഖും ശംസുദ്ദീനും ഒളിവില്‍ പോവുകയാണുണ്ടായത്. കൊലക്കേസിലെ മുഖ്യപ്രതികള്‍ക്ക് മുംബൈയില്‍ ഒളിത്താവളം ഒരുക്കിയതും രക്ഷപ്പെടാന്‍ സഹായം നല്‍കിയതും അന്‍സാര്‍ ആണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തില്‍ മുംബൈയിലെത്തിയ പോലീസ് അന്‍സാറിനെ പിടികൂടിയ ശേഷം നാട്ടിലെത്തിക്കുകയായിരുന്നു.
നിരവധി കവര്‍ച്ചാ-ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാലിയാ റഫീഖിന് മുത്തലിബിനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
അതിനിടെ കാലിയാ റഫീഖും ശംസുദ്ദീനും മുംബൈയില്‍ തന്നെയുണ്ടെന്ന് ഏറെക്കുറെ പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.