വാഹനാപകട മരണം പൂജ്യത്തില്‍ എത്തിക്കല്‍ മുഖ്യ അജണ്ട: ആര്‍ ടി എ

Posted on: November 8, 2013 11:43 pm | Last updated: November 8, 2013 at 11:43 pm

ദുബൈ: 2020 ആവുമ്പോഴേക്കും വാഹനാപകട മരണ നിരക്ക് പൂജ്യത്തില്‍ എത്തിക്കാന്‍ പരിശ്രമിക്കുന്ന ദുബൈക്ക് ഈ ലക്ഷ്യം നേടാന്‍ ബോധവത്ക്കരണമാണ് മുഖ്യമെന്ന് ആര്‍ ടി എ അധികൃതര്‍. ലോകാരോഗ്യ സംഘടനയുമായി കൈകോര്‍ത്താണ് 2020 ആവുമ്പോഴേക്കും വാഹനാപകട മരണം പൂജ്യത്തിലേക്ക് എത്തിക്കുക.
2020 ആവുമ്പോഴേക്കും വാഹനാപകട മരണം പൂജ്യത്തില്‍ എത്തിക്കുകയെന്നത് പ്രാവര്‍ത്തികമാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിഷന്‍ 2020 ഇക്കാര്യത്തിലും നടപ്പാവുമെന്നുതന്നെയാണ് കരുതുന്നതെന്ന് ആര്‍ ടി എ ഗതാഗത വിഭാഗം ഡയറക്ടര്‍ ഹുസൈന്‍ മഹ്മൂദ് അല്‍ ബന്ന വ്യക്തമാക്കി. ഇതൊരു തന്ത്രപ്രധാനമായ വീക്ഷണമാണ്. ഏറെ വെല്ലുവിളിയുള്ളതുമാണ്. ഇതിനായി ഓരോരുത്തരുടെയും സഹകരണം കൂടിയേതീരൂ.
യു എ ഇക്ക് ഈ ലക്ഷ്യം നിറവേറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പല മേഖലകളിലും ലോകത്തിലെ 10 മുന്‍ നിര നഗരങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള ദുബൈക്ക് പടിഞ്ഞാറന്‍ നാടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാഹനാപകട മരണ നിരക്കാണ് വെല്ലുവിളിയാവുന്നത്. റോഡ് സുരക്ഷക്കുള്ള ബോധവത്ക്കരങ്ങള്‍ രാജ്യത്ത് ഫലപ്രദമായി നടപ്പാവുന്നുണ്ടെങ്കിലും ഇതിന്റെ തുടര്‍ച്ചയായി ഈ ബോധം റോഡിലേക്ക എത്തിയോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുണ്ടാവണമെങ്കില്‍ ഇത്തരം മരണങ്ങള്‍ക്കെതിരേയും ജനങ്ങളില്‍ നിന്നും ഉയര്‍ന്ന തോതിലുള്ള പ്രതികരണം ഉണ്ടാവണം. വിവിധ ദേശക്കാര്‍ താമസിക്കുന്ന രാജ്യമായതിനാല്‍ എല്ലാവരെയും ബോധവത്ക്കരിക്കുകയെന്നത് പ്രധാനമാണ്.
പുലിറ്റ്‌സര്‍ സെന്ററിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു ലക്ഷം പേര്‍ക്ക് 12.7 റോഡപകട മരണങ്ങള്‍ സംഭവിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. യു കെ, ഫ്രാന്‍സ് ഇറ്റലി എന്നിവിടങ്ങളില്‍ ഇത് യഥാക്രമം 3.7, 6.4, 7.2 എന്നിങ്ങിനെയാണ്. മറ്റ് മധ്യപൗരസ്ത്യ രാജ്യങ്ങളെ അപേക്ഷിച്ച് യു എ ഇയില്‍ റോഡപകട മരണ നിരക്ക് കുറവാണ്.
സഊദി അറേബ്യയില്‍ ഒരു ലക്ഷത്തിന് 24.8ഉം ഒമാനില്‍ 30.4മാണ് മരണ നിരക്ക്. 2006 മുതലുള്ള കണക്കെടുത്താല്‍ ദുബൈയില്‍ റോഡപകട മരണ നിരക്കില്‍ 60 ശതമാനത്തിന്റെ കുറവ് സംഭവിച്ചതായി ഹുസൈന്‍ മഹ്മൂദ് അല്‍ ബന്ന വെളിപ്പെടുത്തി.
രാജ്യത്തെ റോഡുകള്‍ നൂറു ശതമാനം സുരക്ഷിതമായാല്‍ രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവും ഒപ്പം വ്യാപാരവും വര്‍ധിക്കും. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഉപകരിക്കും. 2011-2020 കാലഘട്ടത്തെ റോഡ് സുരക്ഷയുടെ പതിറ്റാണ്ടായാണ് ലോകാരോഗ്യ സംഘടന കാണുന്നത്. 12.4 ലക്ഷം ആളുകള്‍ ലോക വ്യാപകമായി വാഹനാപകടങ്ങളില്‍ മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലോക വ്യാപകമായി മനുഷ്യരുടെ മരണനിരക്കില്‍ എട്ടാം സ്ഥാനമാണ് റോഡപകടങ്ങള്‍ക്കുള്ളത്. ഈ വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ യു എ ഇ ആഭ്യന്തര മന്ത്രാലയം ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2020 ആവുമ്പോഴേക്കും രാജ്യത്തെ റോഡപകട മരണ നിരക്ക് പൂജ്യത്തില്‍ എത്തിക്കുക എന്ന കാഴ്ചപ്പാട് 2020ല്‍ യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു എ ഇയിലെ ആദ്യ റോഡ് സുരക്ഷ പോര്‍ട്ടലിന്റെ ഉപജ്ഞാതാവായ തോമസ് എഡല്‍മാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിന് ആവശ്യമായ എല്ലാ ഘടകങ്ങളും നമുക്കുണ്ട്. ഇവയെ ഒരു പ്ലാറ്റ്‌ഫോമില്‍ അണിനിരത്തുക മാത്രമാണ് ആവശ്യം.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതില്‍ ബോധവത്ക്കരണങ്ങള്‍ ഫലപ്രദമാണെന്നാണ് അനുഭവത്തില്‍ നിന്നു വ്യക്തമാവുന്നതെന്നും തോമസ് പറഞ്ഞു.