വലിയ മനസുകളില്‍ നിന്നാണ് മഹത്തായ ഗ്രന്ഥങ്ങള്‍ ജന്മം കൊള്ളുന്നത്: കലാം

Posted on: November 8, 2013 9:30 pm | Last updated: November 8, 2013 at 9:30 pm

ഷാര്‍ജ: മഹനീയ മനസുകളില്‍ നിന്നാണ് മഹത്തായ കൃതികള്‍ ജന്മമെടുക്കുന്നതെന്ന് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍, ‘ഒരു ഗ്രന്ഥകാരന്‍ ജനിക്കുന്നു’ എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷേക്‌സ്പിയറും വാല്‍മീകിയും ഗോയ്‌ഥേയും ഇതിഹാസങ്ങള്‍ രചിച്ചത്, ഉയര്‍ന്ന ചിന്തയുടെ പിന്‍ബലത്തിലാണ്. ബൗദ്ധികമായ ശക്തിയാണ് അവരെ അതിന് സഹായിച്ചത്. ഓരോ മനുഷ്യന്റെ ഉള്ളിലും ഇത്തരം ശക്തിയും സൗന്ദര്യവും ഉണ്ടാകും. അത് വേണ്ട വിധത്തില്‍ സംയോജിക്കപ്പെടുമ്പോഴാണ് മികച്ച സൃഷ്ടികള്‍ ഉരുത്തിരിയുന്നത്.
രാഷ്ട്രീയക്കാര്‍ക്കും മഹത്തായ സൃഷ്ടികള്‍ സാധ്യമാണെന്ന് മഹാത്മാഗാന്ധിയും നെല്‍സണ്‍ മണ്ഡേലയും തെളിയിച്ചു. ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിച്ചത് മഹാത്മാഗാന്ധിയാണ്. എഴുത്തിലൂടെയാണ് അദ്ദേഹം അത് സാധ്യമാക്കിയത്. അന്നത്തെ കാലത്ത് പത്രങ്ങളും ആനുകാലികങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇലക്‌ട്രോണിക് മീഡിയ ഉണ്ടായിരുന്നില്ല. ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മഹാത്മജി പുതിയ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചു. സത്യാഗ്രഹം നടത്തുമ്പോഴും മഹാത്മജി രചനയിലേര്‍പ്പെട്ടു. ‘നിങ്ങള്‍ ഓരോ പ്രവര്‍ത്തി ചെയ്യുമ്പോഴും ഒരു നിമിഷം ആലോചിക്കണം; സമൂഹത്തിലെ ഏറ്റവും ദരിദ്രരായ ആളുകളെ ഓര്‍ത്തുകൊണ്ടുവേണം കര്‍മം തുടരാന്‍’
നെല്‍സണ്‍ മണ്ഡേല 26 വര്‍ഷത്തിലധികം ഒറ്റ മുറിയില്‍ തടവില്‍ കിടന്നയാളാണ്. അദ്ദേഹം വര്‍ണ വിവേചനത്തിനെതിരെ പൊരുതിയത്, അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയുമായിരുന്നു. സത്യസന്ധതയായിരുന്നു മണ്ഡേലയുടെ മുഖമുദ്ര. താന്‍ ഒരു സന്ന്യാസിയല്ലെന്ന് മണ്ഡേല പറഞ്ഞിട്ടുണ്ട്.
ജയില്‍ വാര്‍ഡന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മണ്ഡേല ഉണര്‍ന്നിരുന്ന് എഴുതുമായിരുന്നു. അദ്ദേഹം ഒരു ജനതയെ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
ഓരോ പുസ്തകത്തിന്റെയും ധര്‍മം നിരവധി മനസുകളില്‍ സൗന്ദര്യം സൃഷ്ടിക്കലാണ്. മാനവികത ഊട്ടിയുറപ്പിക്കലാണ്. അതുകൊണ്ടു തന്നെ, മികച്ച പുസ്തകങ്ങളുടെ ഗ്രന്ഥ ശേഖരം ഓരോ വീട്ടിലും സൃഷ്ടിക്കപ്പെടണം വീട്ടില്‍ ഗ്രന്ഥശാല സ്ഥാപിക്കാന്‍ കുട്ടികള്‍ മാതാപിതാക്കളെ പ്രേരിപ്പിക്കണം-അബ്ദുല്‍ കലാം പറഞ്ഞു. പുസ്തകമേള ഡയറക്ടര്‍ അഹ്മദ് റക്കദ് അല്‍ അമീരി സ്വാഗതം പറഞ്ഞു. രവി ഡി സി, വിക്രം ചന്ദ്ര, മാര്‍കസ് ഡെഡ്ഗിക്ക്, റാണാ ദാസ് ഗുപ്ത, ക്രിസ്, മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.