Connect with us

Kerala

കമ്പനിവത്കരണം: കെ എസ് ഇ ബി ജീവനക്കാര്‍ പണിമുടക്കിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ കമ്പനിവത്കരണ നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പണിമുടക്കിലേക്ക്. ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെങ്കില്‍ പണിമുടക്കുമായി മുന്നോട്ടുപോവുമെന്ന് സംയുക്ത സംഘടനാ സമിതി പ്രഖ്യാപിച്ചു. ഐ എന്‍ ടി യു സി ഉള്‍പ്പെടെയുള്ള സംഘടനകളാണ് സംയുക്ത സംഘടനാ സമിതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പണിമുടക്ക് തീയതി എല്ലാ സംഘടനകളും കൂടി ആലോചിച്ച് തീരുമാനിക്കും.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഐ എന്‍ ടി യു സി തന്നെയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എ ഐ ടി യുസിയും ബി എം എസുമെല്ലാം ഒപ്പമുണ്ടെങ്കിലും സി ഐ ടി യു നിലപാട് വ്യക്തമക്കിയിട്ടില്ല. കമ്പനിവത്കരണം സംബന്ധിച്ച ഉത്തരവ് വന്നതിനുശേഷം ഇവര്‍ തീരുമാനം വ്യക്തമാക്കും. ജീവനക്കാരുമായുള്ള കൂടിയാലോചനകള്‍ക്കും അവരുടെ ആശങ്കകള്‍ ദൂരീകരിച്ചും മാത്രമേ കമ്പനിവത്കരണവുമായി മുന്നോട്ട് പോകാവൂ എന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. ഇക്കാര്യത്തിലുള്ള ഉറപ്പ് മുഖ്യമന്ത്രി ലംഘിച്ചു എന്നും സംഘടനാനേതാക്കള്‍ കുറ്റപ്പെടുത്തി.

1984ലാണ് വൈദ്യുതി മേഖല സ്തംഭിച്ച സമരം ഇതിന് മുമ്പ് ഉണ്ടായത്. അന്ന് 34 ദിവസം നീണ്ട സമരമാണ് ജീവനക്കാര്‍ നടത്തിയത്.