ട്രെയിന്‍ മാര്‍ഗം മദ്യം കടത്തുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

Posted on: November 8, 2013 7:20 am | Last updated: November 8, 2013 at 8:21 am

പരപ്പനങ്ങാടി: ജില്ലയിലേക്ക് ട്രെയിന്‍ മാര്‍ഗം മദ്യംകടത്തുന്ന മാഫിയ സംഘത്തിലെ ഒരാളെ എക്‌സൈസ് സംഘം പിടികൂടി. ഗോവയില്‍ നിന്നും 750 മില്ലി തൂക്കം വരുന്ന 48 ബോട്ടില്‍ വിദേശ നിര്‍മിത മദ്യവുമായി മംഗള എക്‌സ്പ്രസ്സില്‍ യാത്രചെയ്യുകയായിരുന്ന പത്തനംതിട്ട സ്വദേശി ബിജുവിനെയാണ് എക്‌സൈസ് മിന്നല്‍ പരിശോധന സംഘം തൊണ്ടിസഹിതം പിടികൂടിയത്.
മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബാലകൃഷ്ണന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പരപ്പനങ്ങാടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ പി സുജിത്തിന്റെ നേതൃത്വത്തിലാണ് തീവണ്ടിയില്‍ മിന്നല്‍ പരിശോധന നടത്തിയത്. സഹജീവനക്കാരായ പി ഒ .ഹരിദാസന്‍, രാഘേഷ്, പി ദിലീപ്കുമാര്‍, പ്രഗേഷ്, ഷിജിത്ത്, സജീവ് എന്നിവര്‍ പരിശോധനയില്‍ പങ്കാളികളായി. മലപ്പുറം ജില്ലയിലേക്ക് തീവണ്ടി വഴിയും കടല്‍ വഴിയും ലഹരിവസ്തുക്കള്‍ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതായി പരാതി വ്യാപകമാണ്.