90 ശതമാനം ഇന്ത്യക്കാരും മോഡിയെ എതിര്‍ക്കുന്നു: ജാവേദ് അക്തര്‍

Posted on: November 7, 2013 11:40 pm | Last updated: November 7, 2013 at 11:40 pm

javed aktharന്യൂഡല്‍ഹി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ 90 ശതമാനം ഇന്ത്യക്കാരും എതിര്‍ക്കുന്നുവെന്ന് പ്രശസ്ത എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. മോഡിയെ എതിര്‍ക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമായായാണ് ചിലര്‍ ധരിച്ചുവശായിരിക്കുന്നത്. അത്തരക്കാര്‍ ശുദ്ധവിഡ്ഢികളാണ്. അങ്ങനെയാണെങ്കില്‍ 90 ശതമാനം ഇന്ത്യക്കാരും ‘ദേശവിരുദ്ധരാണെ’ന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തനിക്ക് മോശം സന്ദേശങ്ങള്‍ അയച്ചവര്‍ക്ക് ചുട്ട മറുപടിയുമായി കഴിഞ്ഞ മാസവും അദ്ദേഹം രംഗത്തുവന്നിരുന്നു.
മോഡിപ്രേമികളില്‍ നിന്ന് തനിക്ക് വന്ന അപരിഷ്‌കൃതവും അപമര്യാദവും അശ്ലീലവുമായ സന്ദേശങ്ങള്‍ മോഡിയുടെ അനുയായികളുടെ താഴ്ന്ന നിലവാരമാണ് കാണിക്കുന്നതെന്ന് അക്തര്‍ പറഞ്ഞു. മോഡിക്ക് ഒരിക്കലും നല്ല പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം കഴിഞ്ഞ മാസം തുറന്നടിച്ചിരുന്നു. വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയെന്ന് മാത്രമല്ല ജനാധിപത്യവിരുദ്ധമായാണ് മോഡി പെരുമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഗുജറാത്ത് വംശഹത്യയില്‍ ഈ മനുഷ്യനും പങ്കുണ്ടെന്ന് എല്ലാവരും പറയുന്നു. ആ വിഷയം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ മോഡി ജനാധിപത്യപരമായല്ല പെരുമാറുന്നതെന്ന് പറയാന്‍ കഴിയും. ഗുജറാത്തില്‍ ഹാട്രിക് വിജയം നേടിയെന്ന ആഘോഷങ്ങള്‍ക്കിടയില്‍, ഗുജറാത്തില്‍ ജനാധിപത്യത്തിന് ശവക്കുഴി തീര്‍ത്തിരിക്കുകയാണ് മോഡിയെന്ന കാര്യം പൂഴ്ത്തിവെക്കുകയാണ്.. അതിനാല്‍ മോഡിയുടെ ഉയര്‍ച്ച ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും പത്മഭൂഷണ്‍ ജേതാവ് കൂടിയായ ജാവേദ് അക്തര്‍ പറഞ്ഞിരുന്നു. ഇത് മോഡി അനുയായികളെ പ്രകോപിപ്പിച്ചിരുന്നു.