മാടക്കാല്‍ കടവ്: നാട്ടുകാര്‍ ധര്‍ണ്ണ നടത്തി ഇന്നുമുതല്‍ തോണി സര്‍വിസ്

Posted on: November 7, 2013 8:00 am | Last updated: November 7, 2013 at 8:34 am

തൃക്കരിപ്പൂര്‍: മാടക്കാല്‍ കടവ്പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വലിയപറമ്പ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. തൃക്കരിപ്പൂര്‍ കടപ്പുറത്തു നിന്ന് ജാഥയായി ചെന്നാണ് നാട്ടുകാര്‍ ധര്‍ണ നടത്തിയത്. തുടര്‍ന്ന് പഞ്ചായത്തിലെ യു ഡി എഫ് മെമ്പര്‍മാരായ ഉസ്മാന്‍ പാണ്ട്യാല, കെ വി രാമചന്ദ്രന്‍, കെ സിന്ധു എന്നിവരും എല്‍ ഡി എഫ് അംഗങ്ങളായ പി പ്രമോദ്, കുളങ്ങര രാമന്‍, പി വി സാവിത്രി എന്നിവരും ചേര്‍ന്ന് ചര്‍ച്ച നടത്തുകയും ചെയ്തു.
കെല്‍ അനുവദിച്ച മോട്ടോര്‍ അടക്കമുള്ള തോണിയും കൂടാതെ പഞ്ചായത്ത് വകയായി മറ്റൊരു മോട്ടോറും അനുവദിക്കുകയും ഇന്നുമുതല്‍ കടവ് പുനരാരംഭിക്കാനും തീരുമാനമായി. കഴിഞ്ഞ മാസം വരെ കെല്ലിന്റെ സഹായത്തോടെ മാടക്കാല്‍ കടവില്‍ നാട്ടുകാര്‍ സൗജന്യ യാത്രയാണ് ചെയ്തിരുന്നത്. പിന്നീട് ഇവിടെ സര്‍വിസ് നടത്തിയിരുന്ന തോണിയും മറ്റൊരിടത്തേക്ക് മാറ്റിയതോടെയാണ് പ്രശ്‌നം ഉടലെടുത്തത് .
ധര്‍ണ്ണ പി വി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഒ കെ ശിവന്‍ അധ്യക്ഷത വഹിച്ചു. സി ദേവരാജന്‍, ടി കെ സജീവന്‍, ടി സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി വി ഹരിദാസ് സ്വാഗതം പറഞ്ഞു.