ട്രാഫിക് പരിഷ്‌രണത്തിലെ അപാകം: മീനങ്ങാടിയില്‍ വാഹന പാര്‍ക്കിംഗ് ദുരിതമാകുന്നു

Posted on: November 7, 2013 8:02 am | Last updated: November 7, 2013 at 8:02 am

മീനങ്ങാടി: ട്രാഫിക് പരിഷ്‌ക്കരണത്തിലെ അപാകത മൂലം മീനങ്ങാടി ടൗണില്‍ വാഹനം നിര്‍ത്താനാവാതെ ജനങ്ങള്‍ ദുരിതത്തിലാവുന്നു. മാസങ്ങള്‍ക്ക് മുമ്പ് വരുത്തിയ ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ തിക്തഫലം അനുഭവിക്കുന്നത് ഭൂരിഭാഗവും കാര്‍, ബൈക്ക് യാത്രികരാണ്.
ഒരു സാധനം വാങ്ങണമെങ്കില്‍ കടക്ക് മുന്നില്‍ നിര്‍ത്തിയാല്‍ പിഴ ഈടാക്കുമെന്ന കാര്യം ഉറപ്പാണ്. വാഹനം നിര്‍ത്തുന്നതും നോക്കി അതിന്റെ നമ്പര്‍ എഴുതിയെടുക്കാന്‍ പോലീസുകാരും കാത്തിരിക്കുകയാണ്. പലരും വീട്ടിലേക്ക് സമന്‍സ് വരുമ്പോഴാണ് മീനങ്ങാടിയിലെ അനധികൃത പാര്‍ക്കിംഗിന്റേതാണെന്ന് തിരിച്ചറിയുന്നത്. മീനങ്ങാടി ടൗണില്‍ സാധാരണ ഗതാഗതക്കുരുക്ക് ഉണ്ടാവാറില്ലെങ്കിലും പഞ്ചായത്ത് അധികൃതരും സ്വകാര്യ ഏജന്‍സികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ട്രാഫിക് പരിഷ്‌ക്കരണം നടപ്പിലാക്കിയത്. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ടൗണില്‍ പേ ആന്റ് പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ഏജന്‍സികള്‍ക്ക് പണം കൊയ്യാനുള്ള പഞ്ചായത്തിന്റെ ഒത്താശയാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അതേസമയം, ദ്രവിച്ചതും കാണാത്തതുമായ നോ പാര്‍ക്കിംഗ് ബോര്‍ഡുകളായതിനാല്‍ ടൗണില്‍ വാഹനം നിര്‍ത്തുന്നവര്‍ ചതിക്കുഴിയില്‍പ്പെടുകയാണെന്ന് അറിയുന്നുമില്ല.
നേരത്തെ കടകളുടെ മുന്നില്‍ സാധനം വാങ്ങുന്നതിനും മറ്റുമായി ഒരാള്‍ക്ക് 20 മിനിറ്റോളം വാഹനം നിര്‍ത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതുപ്രകാരം കടകള്‍ക്ക് മുന്നില്‍ ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം കാറ്റില്‍പറത്തിക്കൊണ്ടുള്ള നടപടകളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. വാഹനങ്ങള്‍ നിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ ഭൂരിഭാഗവും മീനങ്ങാടി ടൗണില്‍ നിന്നും സാധനങ്ങളൊന്നും വാങ്ങാത്ത അവസ്ഥയുമുണ്ട്. എവിടെ സൂക്ഷിച്ച് നോക്കിയാലും അവിടെയെല്ലാം നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ മാത്രമാണ്. മീനങ്ങാടിയില്‍ ഇരുചക്രവാഹങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്.
വയനാട്ടിലെ ഏറ്റവും വലിയ പഞ്ചായത്ത് അസ്ഥാനമായ സുല്‍ത്താന്‍ബത്തേരിയിലോ മാനന്തവാടിയിലോ ഇല്ലാത്ത ട്രാഫിക് പരിഷ്‌ക്കാരങ്ങളാണ് മീനങ്ങാടിയില്‍ നടപ്പിലാക്കിയത്. എന്തിരുന്നാലും സ്വകാര്യ ഏജന്‍സികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ നടപ്പിലാക്കിയ ഈ ട്രാഫിക് പരിഷ്‌ക്കരണത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.